2. എന്താണ് ക്രിസ്തുവിന്റെ മനസ്സ്?.
2. എന്താണ് ക്രിസ്തുവിന്റെ മനസ്സ്?
വളരെ പ്രസക്തമായ ഒരു വിഷയമാണ് നാമിവിടെ പരിശോധിക്കുവാൻ ശ്രമിക്കുന്നത്. ഇത് ഒരു ചോദ്യമാണ്. ചോദ്യങ്ങൾ ചോദിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ ആ ചോദ്യങ്ങൾക്ക് ഉത്തരം എവിടെ നിന്ന് ലഭിക്കും എന്നതാണ് പ്രധാന വിഷയം. നമ്മുടെ മുന്നിൽ വിവിധ അറിവിന്റെ ഉറവിടങ്ങൾ ഉണ്ടായിരിക്കാം, പക്ഷേ ജീവിതത്തിലെ ആഴമുള്ള ചോദ്യങ്ങൾക്ക് അവ എല്ലായ്പ്പോഴും മതിയായ ഉത്തരങ്ങൾ നൽകണമെന്നില്ല. അതിനാൽ, എല്ലാ ചോദ്യങ്ങൾക്കും ഉറപ്പുള്ളതും വിശ്വസനീയവുമായ ഉത്തരങ്ങൾ ലഭിക്കുന്ന ഒരു ആശ്രയയോഗ്യമായ ഉറവിടം ആവശ്യമാണെന്ന് ഞാൻ ചൂണ്ടിക്കാണിക്കുന്നു. മനുഷ്യന്റെ ബുദ്ധിക്ക് അതീതമായ സത്യങ്ങൾക്കും ആത്മീയ ചോദ്യങ്ങൾക്കും സ്ഥിരമായ ഉത്തരങ്ങൾ നൽകുന്ന ഒരു ഉറവിടം നമുക്ക് അനിവാര്യമാണ്.വിശുദ്ധബൈബിളാണ് അത്. അതുകൊണ്ടു നമുക്കു തിരുവെഴുത്തു ശ്രദ്ധിക്കാം. 1 കൊരിന്ത്യർ 2:16 ൽ “നാമോ ക്രിസ്തുവിന്റെ മനസ്സുള്ളവർ ആകുന്നു.” എന്നു വായിക്കുന്നു.
നാം ക്രിസ്തുവിന്റെ മനസ്സുള്ളവർ. ഇവിടെ കാണുന്ന, “ക്രിസ്തുവിന്റെ മനസ്സ്” എന്ന പ്രയോഗം ക്രിസ്തീയ ജീവിതത്തിലെ ഏറ്റവും ആഴമേറിയതും ശ്രദ്ധിക്കേണ്ടതുമായ സത്യങ്ങളിൽ ഒന്നാണ്. അത് മനുഷ്യന്റെ ബുദ്ധിശക്തിയെയോ, വിദ്യാഭ്യാസത്തെയോ, മറ്റിതര കഴിവിനെയോ കുറിച്ചല്ല സൂചിപ്പിക്കുന്നതു. മറിച്ച്, ഇത് ആത്മീയമായ ക്രമീകരണത്തെക്കുറിച്ചാണ്. യേശുക്രിസ്തുവിന്റെ ഹൃദയത്തെയും കാഴ്ചപ്പാടിനെയും പ്രതിഫലിപ്പിക്കുന്ന ജീവിതത്തെകുറിച്ചു ചിന്തിക്കുന്നതിനും, മനസ്സിലാക്കുന്നതിനും, പ്രതികരിക്കുന്നതിനുമുള്ള ഒരു മാർഗം.
സ്വാർത്ഥ ചിന്ത, അഭിലാഷം, ഭയം, അഹങ്കാരം എന്നിവയാൽ നയിക്കപ്പെടുന്ന ഒരു ലോകത്തിൽ, ദൈവപൈതൽ തികച്ചും വ്യത്യസ്തമായ ഒരു പാന്ഥാവിലേക്ക് വിളിക്കപ്പെടുന്നു. ഞാൻ പറയുന്ന വാക്കുകൾ ശ്രദ്ധിക്കുമെങ്കിൽ, ക്രിസ്തുവിന്റെ മനസ്സ് നാം നിർമ്മിച്ചെടുക്കുന്ന ഒന്നല്ല; അത് പരിശുദ്ധാത്മാവിലൂടെ നാം സ്വീകരിക്കുകയും വളരുകയും ചെയ്യുന്ന ഒന്നാണ്. ക്രിസ്തു കാണുന്ന രീതിയിൽ ജീവിതത്തെ കാണുകയും, അവിടുന്നു മൂല്യവത്തായി കാണുന്നതിനെ വിലമതിക്കുകയും, അവിടുന്നു പ്രതികരിക്കുന്ന രീതിയിൽ പ്രതികരിക്കുകയും ചെയ്യുക എന്നിവയാണ് ഇതിന്റെയെല്ലാം ലക്ഷ്യം. അടുക്കോടും വ്യക്തതയോടെയും ഗ്രഹിക്കുവാനായി ഞാൻ പരമാവധി ലളിതമായി വിശദീകരിക്കുവാൻ ശ്രമിക്കാം.
1. ക്രിസ്തുവിന്റെ മനസ്സ് പ്രാകൃതമനസ്സല്ല, ആത്മീയമാണ്
1 കൊരിന്ത്യർ 2:14–16 എന്ന ഭാഗം നാം വായിക്കുമ്പോൾ അപ്പോസ്തലനായ പൗലോസ് രണ്ട് തരം മനസ്സുകളെ താരതമ്യം ചെയ്യുന്നതു കാണാം: അതിൽ ഒന്നമതു, സ്വാഭാവിക (പ്രാകൃത) മനസ്സ് (ദൈവമില്ലാത്ത മനുഷ്യ ന്യായവാദം), രണ്ടാമതു ആത്മീയ മനസ്സ് (ദൈവാത്മാവിനാൽ നയിക്കപ്പെടുന്നു)
“പ്രാകൃത മനുഷ്യൻ ദൈവാത്മാവിന്റെ ഉപദേശം കൈക്കൊള്ളുന്നില്ല; അതവന്നു ഭോഷത്വം ആകുന്നു. ആത്മികമായി വിവേചിക്കേണ്ടതാകയാൽ അതവന്നു ഗ്രഹിപ്പാൻ കഴിയുന്നതുമല്ല”. എത്ര ശരിയാണ്. നാമിത് അനുദിനജീവിതത്തിൽ മനസ്സിലാക്കേണ്ട വസ്തുതയാണ്. ഇരുട്ടു നിറഞ്ഞ വഴിയിൽ കൂടെ വെളിച്ചം തിരസ്കരിച്ചു മുന്നേറുന്ന ഒരുവനെപോലെയാണത്. ഇരുട്ടിലെങ്ങനെയാണ് ഒരുവനു ശരിയായി മുന്നേറുവാൻ കഴിയുന്നത്. വെളിച്ചത്തിൻറ സഹയം അവിടെ അനിവാര്യമല്ലേ. ആത്മീയ അന്ധതയാണ് പ്രാകൃതമനുഷ്യൻറ ലക്ഷണം. ദൈവിക കാര്യങ്ങൾ ആത്മീയമായി വിവേചിച്ചറിയപ്പെടേണ്ടതിനാൽ സ്വാഭാവിക മനസ്സിന് അവയെ മനസ്സിലാക്കാൻ കഴിയില്ല. അതൊരു വലിയ വെളിപ്പാടാണ്. പരിശുദ്ധാത്മാവിനാൽ നിറയപ്പെട്ട ദൈവപൈതലിനു ദൈവത്തിന്റെ ചിന്തകളിലേക്ക് പ്രവേശനം ലഭിക്കുന്നു. ദൈവം നല്കിയതു അറിയുവാനായി ദൈവത്തിൽനിന്നുള്ള ആത്മാവിനെ പ്രാപിച്ചതിനാൽ അതു സാധ്യവുമാണ്.
ക്രിസ്തുവിന്റെ മനസ്സ് അർത്ഥമാക്കുന്നത് മനുഷ്യ യുക്തിക്കപ്പുറം ചിന്തിക്കുക, ദൈവഹിതം മനസ്സിലാക്കുക, താൽക്കാലിക നേട്ടത്തിനുപകരം നിത്യമായ മൂല്യം കാണുക എന്നെല്ലാമാണ്.
ഉദാഹരണത്തിനു മത്തായി 16:21–23 യേശു തനിക്കു വരുവാനുള്ള കഷ്ടതകളെക്കുറിച്ച് സംസാരിച്ചപ്പോൾ, പത്രോസ് എങ്ങനെയാണ് പ്രതികരിച്ചത്. അവൻ യേശുവിനെ ശാസിക്കുന്നു. യേശു പ്രതികരിച്ചത് എങ്ങനെയാണ്, "നീ ദൈവത്തിന്റെതല്ല, മനുഷ്യരുടേതത്രേ കരുതുന്നത്" എന്നു പറയുകയാണ്. യേശു മാനുഷിക യുക്തിക്കപ്പുറം നിത്യതയുടെ കണ്ണിൽകൂടി കാര്യങ്ങളെ വിലയിരുത്തുകയാണ് ചെയ്യുന്നത്. ദൈവഹിതം എന്തെന്നു കണ്ടെത്തുക. ക്രിസ്തുവിൻറ മനസ്സ് പിതാവിൻറ മനസ്സറിയുക, ഹിതമറിയുക എന്നെല്ലാമാണ്. അവിടെ താൽകാലികനേട്ടങ്ങളോ, ആശ്വാസങ്ങളോ അപ്രധാനമാണ്.
പത്രോസ് സ്വാഭാവികമായി ചിന്തിക്കുകയായിരുന്നു - വേദന ഒഴിവാക്കുകയും ആശ്വാസം തേടുകയും ചെയ്തു. എന്നാൽ യേശു ദൈവത്തിന്റെ വീണ്ടെടുപ്പ് പദ്ധതിയുമായി പൊരുത്തപ്പെടുകയാണ്.
ഇത് നമ്മോടു പറയുന്നതു ക്രിസ്തുവിന്റെ മനസ്സ് ആശ്വാസത്തെക്കുറിച്ചല്ല - അത് ദൈവത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ചാണ് എന്നുള്ളതാണ്.
2. ക്രിസ്തുവിന്റെ മനസ്സ് എളിമയുള്ള മനസ്സ്.
ക്രിസ്തുവിന്റെ മനസ്സ് എന്താണെന്നു ചോദിക്കുന്നവർക്കുള്ള മറുപടി അതു സ്വയം ഉയർത്തുന്നതല്ല, അഹങ്കാരമുള്ളതല്ല, മറ്റുള്ളവരെ സേവിക്കാൻ തയ്യാറുള്ളതാണ് എന്നതാണ്.
ഫിലിപ്പിയർ 2:5–8 ൽ വായിക്കുന്നതു– “ക്രിസ്തുയേശുവിലുള്ള ഭാവം(മനസ്സ്) തന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ” എന്നാണ്. യേശു ദൈവമായിരുന്നു, എന്നാൽ അവിടുന്നു തന്നെത്തന്നെ താഴ്ത്തി ഒരു ദാസനായിത്തീർന്നു - ക്രൂശിലെ മരണത്തോളം. അതെത്രയോ ഉന്നതമായതാണ്. താഴ്ചയിലെ ഔന്നത്യം. അതിനേക്കാൾ ഉൽകൃഷ്ടമായതെന്തുണ്ട്.
യോഹന്നാൻ 13:12–15ൽ, യേശു ശിഷ്യരുടെ പാദങ്ങൾ കഴുകുന്ന സംഭവം, ദൈവിക താഴ്മയുടെ അതുല്യമായ തെളിവാണ്. സ്രഷ്ടിതാവ് സൃഷ്ടിയുടെ മുമ്പിൽ സ്വയം താഴ്ത്തി ദാസനെപോലെ അനുയായികളുടെ കാൽ കഴുകുന്നു. സംഭാവിക്കുവാൻ സാധ്യതയില്ലാത്ത ഒരു പ്രവർത്തി. അതു സംഭവിക്കുന്നു. അതാണ് ക്രിസ്തുവിന്റെ മനസ്സ്. പദവിയെക്കാൾ സേവനത്തെ തിരഞ്ഞെടുക്കുന്നുവെന്നു ഇത് വെളിപ്പെടുത്തുന്നു.
3. ക്രിസ്തുവിന്റെ മനസ്സ് പിതാവിന്റെ ഇഷ്ടം അന്വേഷിക്കുന്നത്.
യോഹന്നാൻ 5:19 – “പിതാവ് ചെയ്യുന്നത് കാണുന്നതല്ലാതെ പുത്രന് സ്വതേ ഒന്നും സ്വയം ചെയ്യാൻ കഴികയില്ല.” ഇവിടെ നമുക്കെന്താണ് കാണുവാൻ കഴിയിന്നത്. താൻ ബലഹീനനാണ് എന്നല്ല യേശു പറയുന്നത്. പിതാവിലുള്ള ആശ്രയത്വമാണ് വെളിപ്പെടുന്നത്. പിതാവിനെ പൂർണമായി ആശ്രയിച്ചുകൊണ്ട് യേശു ജീവിക്കുന്നു. അവിടുത്തെ എല്ലാ കാര്യങ്ങളും പ്രത്യേകമായി പറഞ്ഞാൽ, ചിന്തകൾ, പ്രവർത്തികൾ എല്ലാം ദൈവഹിതവുമായി യോജിച്ചു പോകുന്നതായിരുന്നു. അതിനപ്പുറത്തു മറ്റൊന്നും യേശുവിനെ ബാധിക്കുന്നതല്ല.
അപ്പോൾ ക്രിസ്തുവിന്റെ മനസ്സ് എന്നു അർത്ഥമാക്കുന്നത് എന്താണ്? ദൈവത്തിൽ നിന്ന് സ്വതന്ത്രമായി പ്രവർത്തിക്കാതിരിക്കുക, മറിച്ചു ദൈവത്തോടു ചേർന്നുനിന്നു പ്രവർത്തിക്കുക എന്നാണ്. ദിനതോറും ദൈവീക മാർഗനിർദേശം തേടുക, വ്യക്തിപരമായ ആഗ്രഹങ്ങളെക്കാൾ, ലക്ഷ്യങ്ങളേക്കാൾ ദൈവഹിതത്തിന് മുൻഗണന നൽകുക എന്നെല്ലാമാണെന്നു കാണുവാനാകും.
ഇതിനൊരു ഉദാഹരണം ചൂണ്ടികാണിക്കട്ടെ, ലൂക്കോസ് 22:42ൽ, ഗെത്ത്സെമനയിൽ, യേശു പ്രാർത്ഥിക്കുന്നതു ശ്രദ്ധിക്കുക: “എങ്കിലും എന്റെ ഇഷ്ടമല്ല, നിൻറ ഇഷ്ടംതന്നെ ആകട്ടെ.” അതിവേദനയുടെ മധ്യത്തിലും അവിടുന്നു സ്വന്ത ഇഷ്ടം പിതാവിനു സമർപ്പിച്ചു. അന്തരാർത്ഥം എന്തെന്നു എന്നോടു ചോദിച്ചാൽ എനിക്കൊരു പ്രതികരണം മാത്രമേയുള്ളു. ക്രിസ്തുവിന്റെ മനസ്സ് പിതാവിനു കീഴടങ്ങുന്നതാണ് എന്നതാണത്. സാഹചര്യങ്ങൾ പ്രതികൂലമായിരിക്കുമ്പോൾ പോലും. അത് താരതമ്യങ്ങൾക്ക് അതീതമാണ്. അനുകരണയോഗ്യവും.
4. ക്രിസ്തുവിന്റെ മനസ്സ് അനുകമ്പയാൽ നിറഞ്ഞിരിക്കുന്നത്.
മത്തായി 9:36ൽ “അവരെകുറിച്ചു മനസ്സലിഞ്ഞു..” യേശു ജനത്തെ ദർശിക്കുന്നത് ഒരിക്കലും ന്യായവിധിയുടെ കണ്ണിലൂടെയല്ലായിരുന്നു. അനുകമ്പയാണ് അവിടുത്തെ മുഖമുദ്ര. തിരുവെഴുത്തിൽ പല ഭാഗങ്ങളിലും നമുക്കിത് കാണാനാകുന്നതാണ്.
ഇതിലൂടെ നമുക്ക് മനസ്സിലാകുന്നത്, ക്രിസ്തുവിന്റെ മനസ്സ് മറ്റുള്ളവരുടെ സാഹചര്യങ്ങളോടും മാനസികാവസ്ഥകളോടും താദാത്മ്യപ്പെടുകയും, കരുണയോടെ പ്രതികരിക്കുകയും, കുറ്റം വിധിക്കാതെ അവരെ യഥാസ്ഥാനത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്യുന്നു എന്നാണ്.
യോഹന്നാൻ 8:1–11ൽ വ്യഭിചാരത്തിൽ പിടിക്കപ്പെട്ട ഒരു സ്ത്രീയെ യേശുവിന്റെ അടുക്കൽ കൊണ്ടുവരുന്നത് ശ്രദ്ധിക്കുക. എല്ലാവരും അവളെ കൊല്ലണമെന്നു ആക്രോശിച്ചപ്പോൾ യേശു അവളെ കുറ്റം വിധിക്കുന്നതിനുപകരം, കരുണയോടെ പ്രതികരിച്ചു , “പോക, ഇനിമേൽ പാപം ചെയ്യരുത്” എന്ന് പറഞ്ഞു. എത്ര ഉൽകൃഷ്ടമായ മാതൃകയാണത്. ക്രിസ്തുവിന്റെ മനസ്സ് സത്യത്തെയും കൃപയെയും സന്തുലിതമാക്കുന്നതാണ് എന്നല്ലേ ഇത് വെളിപ്പെടുത്തുന്നത്. ഇതുതന്നെയാണ് യേശു നമ്മിൽ നിന്നും പ്രതീക്ഷിക്കന്നതെന്നു ഞാൻ കരുതുന്നു.
5. ക്രിസ്തുവിന്റെ മനസ്സ് നിത്യതയുടെ ദർശനമുള്ളതാണ്.
കൊലൊസ്സ്യർ 3:2ൽ – “ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളതു തന്നേ ചിന്തിപ്പിൻ.” എന്നു വായിക്കുന്നു. യേശു എപ്പോഴും നിത്യതയെ ആത്മാവിൽ കണ്ടുകൊണ്ടാണ് ജീവിച്ചത്. താൽക്കാലിക സാഹചര്യങ്ങളാൽ അവിടുന്നു സ്വാധീനിക്കപ്പെട്ടിരുന്നില്ല അവാ നശ്വരമായതൊന്നും അവിടുന്നു വിലമതിച്ചിരുന്നില്ല. താൽക്കാലിക വിജയത്തേക്കാൾ നിത്യമായ പ്രതിഫലങ്ങളെ വിലമതിക്കുന്ന, ഭൗമിക നഷ്ടത്തിൽ കുലുങ്ങാത്ത, ദൈവരാജ്യ വീക്ഷണത്തോടെ ജീവിക്കുന്ന മനസ്സാണ് ക്രിസ്തുവിന്റെ മനസ്സ്. അത്തരമൊരു മനസ്സിനുമാത്രമേ സന്തുഷ്ടിയോടെ മുന്നേറാൻ കഴിയൂ.
എബ്രായർ 12:2ൽ വായിക്കുന്നതു,“തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്തു അവൻ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും” ചെയ്തു. താൽകാലിക കഷ്ടതകൾക്കപ്പുറം നിത്യമഹത്വത്തിലേക്ക് അവിടുന്നു നോക്കിയത്. ക്രിസ്തുവിന്റെ മനസ്സ് വർത്തമാനകാലത്തിനു അപ്പുറത്തേക്കു കാണുന്നതാണ്..
6. ക്രിസ്തുവിന്റെ മനസ്സ് അനുസരണമുള്ളതാണ്
എബ്രായർ 5:8ൽ – “പുത്രൻ എങ്കിലും താൻ അനുഭവിച്ച കഷ്ടങ്ങളാൽ അനുസരണം പഠിച്ചു തികഞ്ഞവനായി …” എന്നാണ് വായിക്കുന്നത്. കഷ്ടതയുടെ നടുവിലും യേശു ദൈവത്തോടുള്ള പൂർണ്ണ അനുസരണം വെളിപ്പെടുത്തി. ആശ്വാസത്തിനും സൗകര്യങ്ങൾക്കും പകരം അനുസരണം തിരഞ്ഞെടുത്തു. ദൈവ വചനവുമായി യോജിക്കുന്ന, സമ്മർദ്ദത്തിൻ കീഴിൽ സ്വാധീനിക്കപ്പെടാതെ, വിശ്വസ്തനായി തുടരുന്ന ക്രിസ്തുവിന്റെ മനസ്സ്.
മത്തായി 4:1–11ൽ പരിശോധന നേരിട്ടപ്പോൾ, യേശു പിശാചിന്റെ പരിശോധനകളെ നേരിട്ടതു സ്വന്തശക്തിയിലല്ല, ദൈവവചനത്തിലായിരുന്നു ആശ്രയിച്ചത്. “എഴുതപ്പെട്ടിരിക്കുന്നു…” എന്ന വാക്കുകൾ ആവർത്തിച്ച് ഉപയോഗിച്ച്, ഓരോ പരിശോധനയേയും തിരുവെഴുത്തുകളാൽ എതിർത്തുതോൽപ്പിച്ചു. ഇവിടെ, ക്രിസ്തുവിന്റെ മനസ്സ് ദൈവവചനത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും, അതിൽ തന്നെ നങ്കൂരമിട്ടിരിക്കുന്നുവെന്നും നമുക്ക് വ്യക്തമായി കാണാം. വിശ്വാസികളുടെ ജീവിതത്തിലും ഇതേ സത്യമാണ് അടിസ്ഥാനമാകേണ്ടത്. ഇതു അവഗണിക്കുവാൻ നമുക്കു കഴിയില്ലെന്നാണ് ഞാൻ കരുതുന്നത്.
7. ക്രിസ്തുവിന്റെ മനസ്സ് ത്യാഗപൂർണ്ണമാണ്
മർക്കൊസ് 10:45ൽ വായിക്കുന്നത് – “മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല, ശുശ്രൂഷിപ്പാനും അനേകർക്കുവേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും അത്രെ വന്നതു.” യേശു മറ്റുള്ളവർക്കു വേണ്ടി ത്യാഗപൂർണ്ണമായ ഒരു ജീവിതമാണ് നയിച്ചത്. ഒന്നും തനിക്കായി സൂക്ഷിച്ചുവച്ചില്ല. വാങ്ങന്നതിനേക്കാൾ കൊടുക്കുന്നതിൽ സന്തോഷിക്കുന്നതും, സ്വാർത്ഥയില്ലാതെ സ്നേഹിക്കുന്നതും, സ്വന്തം അവകാശങ്ങൾ പോലും വേണ്ടെന്നുവയ്ക്കാൻ തയ്യാറാകുന്നതുമായ മനസ്സാണ് ക്രിസ്തുവിന്റെ മനസ്സ്.
ലൂക്കൊസ് 23:34, കുരിശിൽ യേശു പ്രാർത്ഥിച്ചു: “പിതാവേ, ഇവർ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ...” അതിവേദനയുടെ നടുവിൽ അവൻ ക്ഷമിക്കുന്നതു തിരഞ്ഞെടുത്തു. വേദനയിലും ക്രിസ്തുവിന്റെ മനസ്സ് സ്നേഹത്തോടെ പ്രതികരിക്കുന്നതു ശ്രദ്ധിക്കുക.
ഞാനിവിടെ പറയാൻ ശ്രമിക്കുന്നത് ക്രിസ്തുവിന്റെ മനസ്സുണ്ടായിരിക്കുക എന്നാൽ അവനുമായി ആത്മീയമായി ഐക്യത്തിൽ ജീവിക്കുക എന്നതാണ്. അത് ബൌദ്ധികമായ ഉന്നതിയേ കുറിച്ചല്ല, മറിച്ച് ആത്മീയമായി രൂപാന്തരത്തെകുറിച്ചാണ് എന്നതാണ്.
ഈ മനസ്സ് നമ്മിൽ രൂപപ്പെടണമെങ്കിൽ അനുദിനവും ദൈവവചനധ്യാനം (റോമർ 12:2), പരിശുദ്ധാത്മനടത്തിപ്പ് (യോഹന്നാൻ 16:13), അനുദിനവുമുള്ള കീഴടങ്ങൽ (ലൂക്കോസ് 9:23) എന്നിവയാലേ സാധ്യമാകു.
വിശ്വാസികൾ ക്രിസ്തുവിൽ വളരുമ്പോൾ, അവരുടെ ചിന്തകൾ സ്വാഭാവികമായും മാറുവാൻ തുടങ്ങുന്നു. അവരുടെ പ്രതികരണങ്ങളും തീരുമാനങ്ങളും മനോഭാവങ്ങളും യേശുവിനെത്തന്നെ പ്രതിഫലിപ്പിക്കാൻ തുടങ്ങുന്നു. ആത്യന്തികമായി, ക്രിസ്തുവിന്റെ മനസ്സുണ്ടായിരിക്കുക എന്നു പറയുമ്പോൾ അവർ യേശു ചിന്തിക്കുന്നതുപോലെ ചിന്തിക്കാനും അനുഭവിക്കാനും തിരഞ്ഞെടുക്കാനും ജീവിക്കാനും തുടങ്ങുന്നു - കാരണം അവിടുത്തെ ആത്മാവ് നിങ്ങളുടെ ഉള്ളിൽ വസിക്കുന്നു.
Comments
Post a Comment