7. എളിമയുള്ള മനസ്സ് (A Humble Mind).
7. എളിമയുള്ള മനസ്സ് (A Humble Mind).
ഫിലിപ്പിയർ 2:5–8
ക്രിസ്തുവിന്റെ ചിന്തയുടെ അടിസ്ഥാനം അവന്റെ താഴ്മയാണെന്ന സത്യത്തെ പഠനവിഷയമാക്കുന്നത് ആത്മീയമായി വളരെ അനുഗ്രഹകരമാണ് എന്നു കരുതുന്നു.
ഒരിക്കൽ ഒരു ചെറിയ ചായക്കടയിൽ ഒരു മനുഷ്യൻ നീണ്ട ക്യൂവിൽ കാത്തുനിൽക്കുകയാണ്. ഒടുവിൽ അവന്റെ ഊഴം വന്നപ്പോൾ, അയാൾക്കു ശേഷം വന്ന ഒരാൾ അഹങ്കാരത്തോടെ അവന്റെ മുന്നിൽ കയറിനിന്നു. തർക്കിക്കുന്നതിനുപകരം, ആ മനുഷ്യൻ പുഞ്ചിരിച്ചുകൊണ്ട് അവനെ ആദ്യം പോകാൻ അനുവദിച്ചു. ഇതു കണ്ടുകൊണ്ടിരുന്ന ഒരു സുഹൃത്ത് ചോദിച്ചു, “എന്തുകൊണ്ടാണ് നിങ്ങൾ ആ മനുഷ്യനെ എതിർക്കാത്തത്?” അവൻ ശാന്തമായി പറഞ്ഞു, “ചായയ്ക്കു വേണ്ടിയല്ലേ, സാരമില്ല - പക്ഷേ ഞാൻ ശരിയാണെന്ന് തെളിയിക്കുന്നതിനേക്കാൾ സമാധാനമാണ് എനിക്കു വിലപ്പെട്ടത്.” എളിമയുള്ള മനസ്സിന്റെ മനോഹരമായ പ്രതിഫലനം.
ക്രിസ്തുവിന്റെ മനസ്സിലേക്കുള്ള ഏറ്റവും വ്യക്തമായ ജാലകങ്ങളിലൊന്ന് ഫിലിപ്പിയർ 2:5–8 ൽ കാണാം. പൗലോസ് നേരിട്ട് ഒരു നിർദ്ദേശം നൽകുന്നു: “ക്രിസ്തുയേശുവിലുള്ള ഭാവം തന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ...”
പൗലോസ് യേശുവിന്റെ മനോഭാവത്തെയും ചിന്താരീതിയെയും വിവരിക്കുമ്പോൾ, ശക്തിയെയോ ജ്ഞാനത്തെയോ അധികാരത്തെയോ മുൻനിറുത്തുന്നില്ല. പകരം, അവൻ താഴ്മയെ ഉയർത്തിക്കാണിക്കുന്നു. ഇതിലൂടെ ഒരു മഹത്തായ സത്യം വെളിപ്പെടുന്നു — ക്രിസ്തു ചിന്തയുടെ യഥാർത്ഥ അടിസ്ഥാനം എളിമയും താഴ്മയുമാണ്.
1. ശരിയായ വ്യക്തിത്വത്തോടെയാണ് താഴ്മ ആരംഭിക്കുന്നത്
“അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു വിചാരിക്കാതെ” എന്ന് പൗലോസ് എഴുതുന്നു.
യേശുവിന് തന്റെ യഥാർത്ഥ വ്യക്തിത്വത്തെ കുറിച്ചും, സ്വഭാവത്തെ ക്കുറിച്ചും പൂർണ്ണ ബോധ്യമുണ്ടായിരുന്നു. അവൻ ദൈവത്തോടു തുല്യനായവനും പൂർണ്ണ ദൈവവുമായിരുന്നു(fully divine, equal with God). എന്നാൽ ആ മഹത്വം അവനിൽ അഹങ്കാരം സൃഷ്ടിച്ചില്ല; മറിച്ച് അതു താഴ്മയുള്ള ഹൃദയത്തിലേക്കാണ് അവനെ നയിച്ചത്. തന്റെ മഹത്വം തെളിയിക്കാനോ ആളുകളെ കീഴടക്കാനോ യേശു ശ്രമിച്ചില്ല. അവൻ ശുശ്രൂഷിക്കുന്നവനായി ജീവിക്കുകയും മറ്റുള്ളവർക്കായി തന്നെ സ്വയം അർപ്പിക്കുകയും ചെയ്തു.
ഇത് നമ്മുടെ ജീവിതത്തിനു വലിയൊരു പാഠമാണ്. യഥാർത്ഥ താഴ്മ എന്നത് വെറുതെ സ്വയം താഴ്ത്തിക്കാണിക്കൽ അല്ല, അല്ലെങ്കിൽ അരക്ഷിത ബോധത്തിൽ ജീവിക്കുന്നതു പോലും അല്ല. ദൈവത്തിൽ നമുക്ക് ഉള്ള വ്യക്തിത്വത്തെ നിഷേധിക്കുന്നതുമല്ല. പകരം, ദൈവത്തിൽ നാം ആരാണെന്ന് തിരിച്ചറിയുകയും അത് മറ്റുള്ളവർക്കു മുമ്പിൽ തെളിയിക്കേണ്ട ആവശ്യമില്ലാതെ ജീവിക്കുകയും ചെയ്യുന്നതാണ് യഥാർത്ഥ താഴ്മ.
താഴ്മയുള്ള മനസ്സ് താരതമ്യത്തിലും മത്സരത്തിലും വേരൂന്നിയതല്ല. അത് ദൈവത്തിൽ സുരക്ഷിതമായ വ്യക്തിത്വത്തിൽ(Identity) നിൽക്കുന്നു. അത്തരം മനസ്സ് മറ്റുള്ളവരെ ഉയർത്തുകയും സമാധാനം പുലർത്തുകയും ക്രിസ്തുവിന്റെ സ്വഭാവം പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. വിനയം എന്നത് നിയന്ത്രണമുള്ള ശക്തിയാണ്.
2. സ്വയം ശൂന്യമാക്കാൻ തിരഞ്ഞെടുക്കുന്ന മനസ്സ്
ഫിലിപ്പിയർ 2:7-ൽ ““തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി …” (അല്ലെങ്കിൽ “സ്വയം ശൂന്യമാക്കി”) എന്ന് പറയുമ്പോൾ, യേശു തന്റെ ദൈവികത ഉപേക്ഷിച്ചു എന്നല്ല അർത്ഥമാക്കുന്നത്. അവൻ ദൈവമായിരുന്നത് നിർത്തിയില്ല; മറിച്ച് തന്റെ മഹത്വകരമായ പദവിയുടെ അവകാശങ്ങളും സ്ഥാനമാനങ്ങളും മനസ്സോടെ മാറ്റിവെച്ച് ഒരു ദാസന്റെ രൂപം സ്വീകരിച്ചു എന്നതാണ്. സ്വർഗ്ഗീയ മഹത്വത്തിൽ നിന്നിറങ്ങി മനുഷ്യർക്കിടയിൽ താഴ്മയോടെ ജീവിക്കാനാണ് അവൻ തിരഞ്ഞെടുത്തത്.
ഇത് ക്രിസ്തുവിന്റെ ചിന്തയുടെ ആഴം നമ്മെ കാണിക്കുന്നു. യേശു തന്റെ അവകാശങ്ങളിൽ മുറുകെ പിടിച്ചില്ല. മനുഷ്യരിൽ നിന്ന് അംഗീകാരം പിടിച്ചുവാങ്ങാൻ ശ്രമിക്കുന്നില്ല. സ്വയം ഉയർത്തുന്നതിനെക്കാൾ പിതാവിനോടുള്ള കീഴടങ്ങലിനെയും അനുസരണത്തേയും അവൻ തിരഞ്ഞെടുത്തു.
പാപത്താൽ വീണപോയ മനുഷ്യൻ സ്വാഭാവികമായി എപ്പോഴും “സ്വയം ഉയർത്തുക, സ്വയം തെളിയിക്കുക, ശ്രദ്ധ നേടുക” എന്ന് പറയുമ്പോൾ ക്രിസ്തുവിന്റെ മനസ്സ് “കീഴടങ്ങുക, സേവിക്കുക, ദൈവത്തെ മഹത്വപ്പെടുത്തുക” എന്നാണ് പഠിപ്പിക്കുന്നത്.
അതുകൊണ്ട് താഴ്മ ഒരു സ്വാഭാവിക വ്യക്തിത്വഗുണം മാത്രമല്ല; അത് ആത്മീയമായ ഒരു തിരഞ്ഞെടുപ്പാണ്. ദിവസേന സ്വയം നിഷേധിച്ച് ദൈവഹിതം തിരഞ്ഞെടുക്കുമ്പോൾ ക്രിസ്തുവിന്റെ മനസ്സ് നമ്മുടെ ഉള്ളിൽ രൂപപ്പെടുന്നു. താഴ്മ ഒരു തിരഞ്ഞെടുപ്പാണ്, വ്യക്തിത്വ സവിശേഷതയല്ല.
3. ഒരു ദാസന്റെ മാനസികാവസ്ഥ - മറ്റുള്ളവർക്കുവേണ്ടി ചിന്തിക്കുന്നു.
പൗലോസ് ഫിലിപ്പിയർ 2-ൽ തുടർന്നു പറയുന്നത്, യേശു “ദാസരൂപം എടുത്തു” എന്നതാണ്. സർവ്വ മഹത്വത്തിന്റെയും രാജാവായിരുന്ന യേശു, ലോകത്തിന്റെ മുമ്പിൽ ഉയർന്ന സ്ഥാനമല്ല, മറിച്ച് ഒരു ദാസന്റെ സ്ഥാനം മനപ്പൂർവ്വമായി തിരഞ്ഞെടുത്തു. ഇത് മനുഷ്യചിന്തയ്ക്കും യുക്തിയ്ക്കും അതീതമായ ഒരു സമൂല സത്യമാണ്.
യേശു തന്റെ മഹത്വം പ്രകടിപ്പിക്കാൻ വന്ന പ്രകടനപരതയുള്ള ഒരുവനല്ല; മറിച്ച് അശരണരേയും അർഹതയില്ലാത്തവരെയും ദൈവത്തിന്റെ നിത്യമായ എങ്ങനെയുള്ളതെന്നു നമുക്കു കാണിച്ചു തരുവാനും സ്നേഹത്തോടെ സേവിക്കാനും വന്നവനാണ്. യോഹന്നാൻ 13:1–5-ൽ, ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയ സംഭവത്തിൽ അവന്റെ താഴ്മയുടെ ആഴം നമുക്ക് കാണാം. ഗുരുവും കർത്താവുമായിരുന്നവൻ ദാസന്റെ പ്രവർത്തി ചെയ്യാൻ മടി കാണിച്ചില്ല. അവസാനം, മനുഷ്യരക്ഷയ്ക്കായി അവൻ തന്റെ ജീവൻ തന്നെ സമർപ്പിച്ചു.
താഴ്മയുള്ള മനസ്സ് സ്വാർത്ഥതയിൽ കേന്ദ്രീകരിക്കുന്നില്ല എന്നും കൂടി അറിയണം; അത് മറ്റുള്ളവരുടെ നന്മയെ അന്വേഷിക്കുന്നതാണ്. “എനിക്ക് എങ്ങനെ മറ്റുള്ളവരെ സേവിക്കാം?”, “എങ്ങനെ മറ്റുള്ളവരെ ഉയർത്താം?”, “ഈ സാഹചര്യത്തിൽ എങ്ങനെ ക്രിസ്തുവിനെ വെളിപ്പെടുത്താം?” എന്ന ചോദ്യങ്ങളാണ് അത്തരക്കാരെ നയിക്കുന്നത്.
യഥാർത്ഥ താഴ്മ ശ്രദ്ധയെ സ്വയത്തിൽ നിന്ന് മാറ്റി സേവനത്തിലേക്കാണ് നയിക്കുന്നത്. അങ്ങനെ ജീവിക്കുമ്പോൾ ക്രിസ്തുവിന്റെ സ്വഭാവം നമ്മുടെ ജീവിതത്തിൽ പ്രകടമാകുന്നു.
4. താഴ്മയിൽ വേരൂന്നിയ അനുസരണം
ഫിലിപ്പിയർ 2:8-ൽ പൗലോസ് പറയുന്നു: “തന്നെത്താൻ താഴ്ത്തി മരണത്തോളം, ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായി ത്തീർന്നു.” യേശുവിന്റെ താഴ്മ വെറും വാക്കുകളിലോ ഭാവത്തിലോ മാത്രമല്ല പ്രകടമായത്; അത് പൂർണ്ണമായ അനുസരണത്തിലൂടെയായിരുന്നു.
ക്രിസ്തു അനുസരിച്ചത് എളുപ്പമായ വഴികളിൽ മാത്രമല്ല. വേദനയും നിരസനവും കഷ്ടതയും നിറഞ്ഞ വഴിയിലും അവൻ പിതാവിന്റെ ഇഷ്ടം തിരഞ്ഞെടുത്തു. മനുഷ്യർ തെറ്റിദ്ധരിച്ചപ്പോഴും, അപമാനിച്ചപ്പോഴും, ക്രൂശിലേക്കുള്ള വഴിയിൽ ഒറ്റപ്പെടലും വേദനയും നേരിട്ടപ്പോഴും അവൻ അനുസരണത്തിൽ ഉറച്ചുനിന്നു. ഗെത്സെമനെയിൽ അവൻ പ്രാർത്ഥിച്ചതുപോലും: “എങ്കിലും എന്റെ ഇഷ്ടമല്ല, നിന്റെ ഇഷ്ടം.” എന്നല്ലേ.
അഹങ്കാരമുള്ള മനസ്സ് ദൈവഹിതത്തെ എതിർക്കുന്നു. അത് സ്വന്തം ആഗ്രഹങ്ങളെയും ലക്ഷ്യങ്ങളിലും മുന്നേറുവാൻ ശ്രമിക്കുന്നു. എന്നാൽ താഴ്മയുള്ള മനസ്സ് പിതാവിന് മുമ്പിൽ പൂർണ്ണമായി കീഴടങ്ങുന്നു. അത് സ്വന്തം ഇഷ്ടത്തെക്കാൾ ദൈവഹിതത്തെ മഹത്വപ്പെടുത്തുന്നു.
യഥാർത്ഥ താഴ്മ ദൈവത്തെ വിശ്വസിച്ച് അനുസരിക്കാൻ തയ്യാറാകുന്നതിലൂടെയാണ് വെളിപ്പെടുന്നത്—even when the path is narrow and difficult. അത്തരം അനുസരണത്തിലൂടെയാണ് ക്രിസ്തുവിന്റെ മനസ്സ് നമ്മിൽ രൂപപ്പെടുന്നത്.
5. താഴ്മ ഉയർത്തലിലേക്ക് നയിക്കുന്നു
ഫിലിപ്പിയർ 2:5–8-ൽ ക്രിസ്തുവിന്റെ എളിമയും അനുസരണവും വിവരിച്ച ശേഷം, 9ൽ അതിന്റെ ഫലം പൗലോസ് വെളിപ്പെടുത്തുന്നു: “അതുകൊണ്ട് ദൈവവും അവനെ ഏറ്റവും ഉയർത്തി.” ഇത് ദൈവരാജ്യത്തിലെ ഒരു പ്രധാന തത്വം നമ്മെ പഠിപ്പിക്കുന്നു. ലോകം പറയുന്നത്, “ഉയർച്ച ആഗ്രഹിക്കുന്നുവെങ്കിൽ നിന്നെത്തന്നെ സ്വയം ഉയർത്തുക” എന്നതാണ്. എന്നാൽ ദൈവം പറയുന്നു: “നിന്നെത്തന്നെ താഴ്ത്തുക; ഞാൻ നിന്നെ ഉയർത്തും.” അതിനാൽ താഴ്മ ധരിക്കുന്നത് നഷ്ടമല്ല; അത് ദൈവിക ഉയർച്ചയിലേക്കുള്ള പാതയാണ്.
തിരുവെഴുത്തിൽ താഴ്മയുള്ള മനസ്സിന്റെയും അഹങ്കാരമുള്ള മനസ്സിന്റെയും വ്യക്തമായ ഉദാഹരണങ്ങൾ നമുക്ക് കാണാവുന്നതാണ്. യേശു പിതാവിന് പൂർണ്ണമായി കീഴടങ്ങി (ലൂക്കാ 22:42), മറ്റുള്ളവരെ ത്യാഗപൂർവ്വം സേവിച്ചു, അനുസരണയോടെ കുരിശ് സഹിച്ചു. അതുകൊണ്ടു ദൈവം അവനെ ഉയർത്തി.
അതിനു വിരുദ്ധമായി, യെശയ്യാവ് 14:13–14-ൽ സാത്താൻ “ഞാൻ കയറും” എന്ന് പറഞ്ഞുകൊണ്ട് സ്വയം ഉയർത്താൻ ശ്രമിച്ചു. അഹങ്കാരം അവന്റെ വീഴ്ചയ്ക്ക് കാരണമായി. വചനഭാഗം ശ്രദ്ധയോടെ വായിച്ചാൽ അക്കാര്യം വ്യക്തമാകും. സദൃശ്യവാക്യം 16:18 കൂടി ശ്രദ്ധിക്കുന്നത് നല്ലത്.
മോശയെ സംബന്ധിച്ച് സംഖ്യാപുസ്തകം 12:3 പറയുന്നത് “മോശെ എന്ന പുരുഷനോ ഭൂതലത്തിൽ ഉള്ള സകലമനുഷ്യരിലും അതി സൌമ്യനായിരുന്നു” എന്നാണ്, അവൻ ഭൂമിയിലെ ഏറ്റവും സൗമ്യനായ മനുഷ്യനായിരുന്നു. തന്റെ ശക്തിയിൽ അല്ല, ദൈവത്തിൽ ആശ്രയിച്ചുകൊണ്ടാണ് അവൻ ജനത്തെ നയിച്ചത്.
ഈ ഉദാഹരണങ്ങളെല്ലാം നമ്മെ പഠിപ്പിക്കുന്നത്, താഴ്മ ദൈവത്തോടുള്ള അടുപ്പത്തിലേക്കും അഹങ്കാരം ദൈവത്തിൽ നിന്നുള്ള അകൽച്ചയിലേക്കും നയിക്കുന്നു എന്നതാണ്.
താഴ്മയുള്ള മനസ്സിന്റെ പ്രായോഗിക അടയാളങ്ങൾ
• പഠിപ്പിക്കാവുന്നതും തിരുത്തലിന് സന്നദ്ധവുമാണ്
• കേൾക്കാൻ വേഗതയും പറവാൻ താമസമുള്ളവൻ (യാക്കോബ് 1:19)
• അംഗീകാരങ്ങളൊന്നും ലഭിച്ചില്ലെങ്കിലും സേവിക്കാൻ സന്നദ്ധതയുള്ളതും
• സ്വന്തശക്തിയിൽ വിശ്വസിക്കുന്നതിനുപകരം ദൈവത്തെ വിശ്വസിക്കുന്നു
• മത്സരിക്കാനോ താരതമ്യം ചെയ്യാനോ ശ്രമിക്കുന്നില്ല.
വീണ്ടും അവർത്തിക്കുന്നു. താഴ്മ ബലഹീനതയുടെ അടയാളമല്ല; അത് ദൈവികമായ നിയന്ത്രണത്തിൽ ഉള്ള ആത്മശക്തിയാണ്.
ക്രിസ്തുവിന്റെ മനസ്സ് നയിക്കപ്പെടുന്നത് അഹങ്കാരത്താലോ, മനുഷ്യരുടെ അംഗീകാരചിന്തയാലോ, സ്വയം ഉയർത്താനുള്ള ആഗ്രഹത്താലോ അല്ല.
പകരം, അത് നയിക്കപ്പെടുന്നത്, ദൈവഹിതത്തോടുള്ള കീഴടങ്ങലിനാലും, മറ്റുള്ളവരെ സേവിക്കാനുള്ള മനോഭാവത്താലും, പൂർണ്ണമായ അനുസരണത്താലും ആണ്.
ഒരു പ്രാവശ്യം കൂടി പറയുന്നു, ക്രിസ്തുവിന്റെ മനസ്സ് ഉണ്ടായിരിക്കുക എന്നാൽ എളിമയുള്ള മനസ്സ് ഉണ്ടായിരിക്കുക എന്നതാണ്. ഇവിടെയാണ് പരിവർത്തനം ആരംഭിക്കുന്നത്. താഴ്മയില്ലാതെ, നമുക്ക് ദൈവത്തിൽ നിന്ന് എന്തങ്കിലും സ്വീകരിക്കാനോ ആത്മീയമായി വളരാനോ ക്രിസ്തുവിനെ പ്രതിഫലിപ്പിക്കാനോ കഴിയില്ല.
താഴ്മ, കൃപ (യാക്കോബ് 4:6), മാർഗനിർദേശം, ആത്മീയ പക്വത എന്നിവയിലേക്കുള്ള വാതിൽ തുറക്കുന്നു.
നാം ദിവസവും പരിശുദ്ധാത്മശക്തിയാൽ ആശ്രയിച്ചു താഴ്മ തിരഞ്ഞെടുക്കുമ്പോൾ, നമ്മുടെ ചിന്തകൾ ക്രിസ്തുവിനോട് യോജിപ്പുള്ളതായി തീരുവാൻ തുടങ്ങുന്നു. നമ്മൾ സ്ഥാനമാനങ്ങൾക്കായി പരിശ്രമിക്കുന്നത് നിർത്തുകയും ദൈവിക ലക്ഷ്യത്തിനായി ജീവിക്കാൻ തുടങ്ങുകയും ചെയ്യുന്നു. നമ്മൾ സ്വയത്തെ പ്രോത്സാഹിപ്പിക്കുന്നത് നിർത്തുകയും ക്രിസ്തുവിനെ പ്രതിഫലിപ്പിക്കാൻ തുടങ്ങുകയും ചെയ്യുന്നു.
നമ്മൾ താഴ്മയിൽ വളരുന്തോറും ക്രിസ്തുവിന്റെ മനസ്സ് നമ്മിൽ കൂടുതൽ വ്യക്തമായി രൂപപ്പെടുന്നു. ആമ്മേൻ.
Comments
Post a Comment