4. ആത്മീയമനസ്സും സ്വാഭാവിക മനസ്സും

4. ആത്മീയമനസ്സും സ്വാഭാവിക മനസ്സും (Spiritual vs Natural Mind)
കാലഭേദമെന്യേ ഓരോ വ്യക്തിയുടെയും ജീവിതവും തീരുമാനശേഷിയും അവരുടെ ചിന്താരീതിയെ അടിസ്ഥാനമാക്കിയുള്ളതാണ്. നമ്മുടെ ചിന്ത നിഷ്പക്ഷമല്ലെന്നാണ് ബൈബിൾ അഭിപ്രായപ്പെടുന്നത്. നമ്മുടെ മാനുഷികമായ സ്വഭാവത്താലോ ദൈവാത്മാവിനാലോ സ്വാധീനിക്കപ്പെട്ടതാണ് അത്. ഇക്കാര്യം സ്വാഭാവിക മനസ്സിനും, ആത്മീയ മനസ്സിനും തമ്മിൽ വ്യക്തമായ വ്യത്യാസം സൃഷ്ടിക്കുന്നു. നാമിതു പലപ്പോഴും തിരിച്ചറിയാതെ പോകുന്നു എന്നു മാത്രം.
സ്വാഭാവിക മനസ്സ് ലൌകീകതയുടേയും സ്വയത്തിന്റെയും സ്വാധീനത്തിലാണ്, എന്നാൽ ആത്മീയ മനസ്സ് ദൈവീകസത്യത്താലും അവന്റെ ആത്മാവിനാലും നയിക്കപ്പെടുന്നു. നാമോരൊരുത്തരും ഈ വ്യത്യാസം മനസ്സിലാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നാണ് എന്റെപക്ഷം, കാരണം നമ്മുടെ മാനസികാവസ്ഥ നമ്മുടെ ദിശയെയും തിരഞ്ഞെടുപ്പുകളെയും ആത്യന്തികമായി നമ്മുടെ ആത്മീയ ജീവിതത്തെയും നിർണ്ണയിക്കുന്നു. റോമർ 8:5–7ൽ നാമിങ്ങനെ വായിക്കുന്നു. “ജഡസ്വഭാവമുള്ളവർ ജഡത്തിന്നുള്ളതും ആത്മസ്വഭാവമുള്ളവർ ആത്മാവിന്നുള്ളതും ചിന്തിക്കുന്നു. ജഡത്തിന്റെ ചിന്ത മരണം; ആത്മാവിന്റെ ചിന്തയോ ജീവനും സമാധാനവും തന്നേ. ജഡത്തിന്റെ ചിന്ത ദൈവത്തോടു ശത്രുത്വം ആകുന്നു; അതു ദൈവത്തിന്റെ ന്യായപ്രമാണത്തിന്നു കീഴ്പെടുന്നില്ല, കീഴ്പെടുവാൻ കഴിയുന്നതുമില്ല...”
ക്രിസ്തീയ ജീവിതത്തിലെ ഏറ്റവും പ്രകടമായ വ്യത്യാസങ്ങളിലൊന്ന് സ്വാഭാവിക മനസ്സും ആത്മീയ മനസ്സും തമ്മിലുള്ള വ്യത്യാസമാണ് കാണാം. ഓരോ വ്യക്തിയും ഈ രണ്ട് ചിന്താഗതികളിൽ ഏതെങ്കിലും ഒന്നിന്റെ സ്വാധീനത്തിലാണ് ജീവിക്കുന്നതെന്ന് റോമർ 8-ൽ പൗലോസ് അപ്പോസ്തലൻ വിശദീകരിക്കുന്നു. ഇത് ബുദ്ധിശക്തിയെക്കുറിച്ചോ, വിദ്യാഭ്യാസത്തെക്കുറിച്ചോ, ബാഹ്യമായ പെരുമാറ്റരീതികളെക്കുറിച്ചോ ഒന്നുമല്ല - അത് ആന്തരിക ദിശാബോധത്തെ സംബന്ധിച്ചതാണ് എന്നു ഓർപ്പിക്കട്ടെ. നിങ്ങളുടെ മനസ്സിന്റെ ദിശയാണ് നിങ്ങളുടെ ജീവിതത്തിന്റെ ദിശ നിർണ്ണയിക്കുന്നത്. ലളിതമായ വാക്കുകളിൽ പറഞ്ഞാൽ സ്വാഭാവിക മനസ്സ് ജഡത്താൽ നിയന്ത്രിക്കപ്പെടുന്നു. ആത്മീയ മനസ്സ് പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നു
അക്കാരണത്താൽതന്നെ അനന്തരഫലവും വളരെ വ്യത്യസ്തമാണ്. ജഡിക മനസ്സ് മരണത്തിലേക്കു നയിക്കുമ്പോൾ ആത്മീയ മനസ്സ് ജീവനും സമാധാനവും നൽകുന്നു.
1. സ്വാഭാവിക(ജഡിക) മനസ്സ് നിർവചിക്കപ്പെടുന്നു
റോമർ 8:5 “ജഡസ്വഭാവമുള്ളവർ ജഡത്തിന്നുള്ളതും...... ..ചിന്തിക്കുന്നു...” “ജഡം” “സാർക്സ്” (sarx) എന്ന ഗ്രീക്ക് വാക്ക് വെറും ഭൗതിക ശരീരത്തെ മാത്രം സൂചിപ്പിക്കുന്നതല്ല; അത് ദൈവത്തിൽ നിന്ന് വേർപെട്ട് പ്രവർത്തിക്കുന്ന വീണുപോയ മാനുഷിക സ്വഭാവത്തെ സൂചിപ്പിക്കുന്നതാണ്. ഈ സ്വഭാവം സ്വാർത്ഥതയാൽ നിറഞ്ഞതും, ദൈവത്തിന്റെ ഇഷ്ടത്തേക്കാൾ സ്വന്തം ആഗ്രഹങ്ങൾക്കും വികാരങ്ങൾക്കും മുൻഗണന നൽകുന്നതുമാണ്. ഇതു (സാർക്സ്) നയിക്കുന്ന മനസ്സ് താൽക്കാലികവും ഭൗതികവുമായ കാര്യങ്ങളിൽ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നു, ആത്മീയ സത്യങ്ങളെ അവഗണിക്കുന്നു. ദൈവത്തിന്റെ ആത്മാവിനോടുള്ള വിരോധത്തിൽ ജീവിക്കുകയും, ആത്മീയ ജീവിതത്തിൽ വളർച്ചയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. അതിനാൽ, ഈ സ്വാഭാവിക മനസ്സിൽ നിന്ന് ആത്മാവിനാൽ നയിക്കപ്പെടുന്ന പുതിയ മനസ്സിലേക്ക് മാറുക ക്രിസ്തീയ ജീവിതത്തിലെ പ്രധാനമായ വെല്ലുവിളിയാകുന്നു.
ജഡിക മനസ്സിന്റെ സവിശേഷതകൾ.
റോമർ 8:7 “ജഡത്തിന്റെ ചിന്ത ദൈവത്തോടു ശത്രുത്വം ആകുന്നു. സ്വാഭാവിക മനസ്സ് ദൈവത്തിന്റെ അധികാരത്തെ ചെറുക്കുന്നതും, ദൈവത്തിന്റെ വഴികളെ നിരസിക്കുന്നതുമാണ്. ദൈവീക നിയമത്തിന് കീഴടങ്ങാൻ മനസ്സില്ലാത്തതുമാണ്. അത് ദുർബലമായതുകൊണ്ടല്ല - അത് ദൈവത്തിന് എതിരാണ് എന്നതാണ് സത്യം. മരുഭൂമിയിലെ ഇസ്രായേല്യരെ കുറിച്ചു വായിക്കുമ്പോൾ സംഖ്യാ 13–14 അദ്ധ്യായങ്ങളിൽ ദൈവം അവർക്കു കനാൻ ദേശം വാഗ്ദാനം ചെയ്തു, എന്നാൽ അയയ്ക്കപ്പെട്ട ചാരന്മാർ അനാക്യമല്ലന്മാരെ കണ്ടപ്പോൾ, അവർ ഭയന്നു. അവർ വിറയലോടും അവിശ്വാസത്തോടും കൂടി പ്രതികരിക്കുന്നതു ശ്രദ്ധിച്ചാൽ നമുക്കത്ഭുതം തോന്നും: “ഞങ്ങൾക്കു തന്നേ ഞങ്ങൾ വെട്ടുക്കിളികളെപ്പോലെ തോന്നി...” എത്ര അധമമായ ചിന്ത. ഇത് ഒരു ജഡികമായ മാനസികാവസ്ഥയെ വെളിപ്പെടുത്തുന്നതാണെന്നു മനസ്സിലാക്കുവാൻ കഴിയുന്നില്ലേ. സാഹചര്യങ്ങളിൽ ശ്രദ്ധിക്കുകയും, ഭയത്താൽ നിയന്ത്രിക്കപ്പെടുകയും, ദൈവീക വാഗ്ദാനം അവഗണിക്കുകയും ചെയ്യുന്ന കൂട്ടരാണിവർ.
എന്തായിരുന്നു ഫലം. അവർക്കുവേണ്ടിയുള്ള ദൈവീക അനുഗ്രഹങ്ങൾ നഷ്ടമായി. 1 ശമൂവേൽ 15ൽ, ശൗൽ ദൈവത്തോട് അനുസരണക്കേട് കാണിച്ചു, തന്നോട് കൽപ്പിച്ചതുപോലെ പ്രവർത്തിക്കുവാൻ തയ്യാറായില്ല. പകരം മാനുഷിക യുക്തി ഉപയോഗിച്ച് അവൻ സ്വന്ത പ്രവൃത്തികളെ ന്യായീകരിക്കാൻ ശ്രമിക്കുകയാണ്.
ഇത് ഭാഗികമായ അനുസരണമാണ്, ഭാഗികമായ അനുസരണം അനുസരണക്കേടുതന്നെയാണ്. അർദ്ധസത്യങ്ങൾ അസത്യങ്ങളാകുന്നതു പോലെ. സ്വയം ന്യായീകരിക്കുക. ദൈവത്തേക്കാൾ മാനുഷികമായ ഭയത്താൽ നിയന്ത്രിക്കപ്പെടുക. ഇങ്ങനെയാണ് സ്വാഭാവിക മനസ്സ് പ്രവർത്തിക്കുന്നത്. 
2. ആത്മീയ മനസ്സ് നിർവചിക്കപ്പെടുന്നു.
റോമർ 8:5. “ആത്മസ്വഭാവമുള്ളവർ ആത്മാവിന്നുള്ളതും ചിന്തിക്കുന്നു.” ആത്മീയ മനസ്സ് പരിശുദ്ധാത്മാവിനാൽ ഭരിക്കപ്പെടുന്നു എന്നു മനസ്സിലാക്കണം. ദൈവഹിതവുമായി യോജിപ്പിക്കപ്പോടെ പ്രവർത്തിക്കുന്നു, പുത്രൻ പിതാവിന്റെ ഹിതവുമായി യോജിപ്പോടെ പ്രവർത്തിച്ചതുപോലെ. നിത്യമായ യാഥാർത്ഥ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 
ആത്മീയ മനസ്സിന്റെ സവിശേഷതകൾ.
റോമർ 8:6 “ആത്മാവിന്റെ ചിന്തയോ ജീവനും സമാധാനവും തന്നേ.” ആത്മീയ മനസ്സ് ജീവനും ചൈതന്യവും ദൈവികഉദ്ദേശ്യവും ആത്മീയ ശക്തിയും ഉത്പാദിപ്പിക്കുന്നു. ഇത് ദൈവത്തിന്റെ ആത്മാവിനോട് ചേർന്നുള്ള ജീവിതത്തിൽ നിന്നാണ് ഉദ്ഭവിക്കുന്നത്. സമാധാനം അതിന്റെ ആഴത്തിലുള്ള ഫലമാണ്—സാഹചര്യങ്ങളെ മറികടക്കുന്ന ആന്തരിക സ്ഥിരത. ഇത് ഭയത്തെ നീക്കുകയും ഹൃദയത്തെ ഉറപ്പിക്കുകയും ചെയ്യുന്നു. പരിശോധനകളിലും സമ്മർദ്ദങ്ങളിലും പോലും ഈ മനസ്സ് ശാന്തത നിലനിർത്തുന്നു. ദൈവത്തിൽ വിശ്വാസം വർദ്ധിപ്പിക്കുകയും, ശരിയായ തീരുമാനങ്ങൾ എടുക്കാൻ ജ്ഞാനം നൽകുകയും, ജീവിതത്തെ ദൈവത്തിന്റെ ഇഷ്ടത്തോട് ചേർത്ത് നയിക്കുകയും ചെയ്യുന്നു.
 കാലേബിനേയും യോശുവയേയും ശ്രദ്ധിക്കുക. സംഖ്യാ 14:6–9 മറ്റുള്ളവർ ഭയപ്പെട്ടപ്പോൾ, കാലേബും യോശുവയും പറഞ്ഞു: “നമ്മോടുകൂടെ യഹോവ ഉള്ളതുകൊണ്ടു അവരെ ഭയപ്പെടരുതു.” ഇത് ഒരു ആത്മീയ മാനസികാവസ്ഥയെ വെളിപ്പെടുത്തുന്നതാണ്. ദൈവത്തിന്റെ വാഗ്ദാനത്തിൽ ശ്രദ്ധയൂന്നുകയും, വിശ്വാസത്തിൽ നങ്കൂരമിടുകയും, വെല്ലുവിളികൾക്കു ഇടയിലും ധീരതയോടെ നിലകൊള്ളുകയും ചെയ്യുന്നു. അതുകൊണ്ട് അവർക്കു വാഗ്ദത്ത ദേശത്ത് പ്രവേശനം സാധ്യമായി.
ഇനി മറ്റൊന്നു മരുഭൂമിയിൽ യേശുവിനെ സാത്താൻ പരീക്ഷിക്കുന്നത് ശ്രദ്ധിക്കുക. ഇതിനു മുമ്പും ഇതു സൂചിപ്പിച്ചിട്ടുണ്ട്. മത്തായി 4:1–11ൽ നിന്നുള്ള ആ ഭാഗം. യേശുവിൻറ പ്രതികരണം എന്തായിരുന്നു. “എഴുതപ്പെട്ടിരിക്കുന്നു...” എന്നു. വചനാധിഷ്ഠിതമായ മറുപടികൾ. ദൈവവചനത്തിലുള്ള ആശ്രയവും, ജഡിക മോഹങ്ങളോടുള്ള നിരസനവും, ദൈവഹിതത്തോടുള്ള കീഴ്പ്പെടലും ആയിരുന്നു ഇത് കാണിക്കുന്നതു. ആത്മീയ മനസ്സിന്റെ തികഞ്ഞ പ്രകടനമാണിത്.
3. ഓരോ മനസ്സിന്റെയും ശ്രദ്ധാകേന്ദ്രം(Focus)
a. ജഡിക മനസ്സ്. ഫിലിപ്പിയർ 3:19 അവർ ഭൂമിയിലുള്ളതു ചിന്തിക്കുന്നു..” സ്വാഭാവിക മനസ്സ് ആനന്ദം, വിജയം, ഭയം, മനുഷികഅംഗീകാരം എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കാണുന്നതും അനുഭവിക്കുന്നതും അടിസ്ഥാനമാക്കി അതു തീരുമാനങ്ങൾ എടുക്കുവാൻ പ്രേരിപ്പിക്കപ്പെടുന്നു. ബാഹ്യമായ സാഹചര്യങ്ങൾ അതിനെ നിയന്ത്രിക്കുന്നു. അതിനാൽതന്നെ സ്ഥിരത കുറവായിരിക്കും; സന്തോഷവും സമാധാനവും സാഹചര്യങ്ങൾക്കനുസരിച്ചു മാറ്റം വരുന്നതായിരിക്കും, കാരണം അത് ദൈവത്തെക്കാൾ ലോകത്തെയാണ് ആശ്രയിച്ചിരിക്കുന്നത്.
b. ആത്മീയ മനസ്സ്.
കൊലൊസ്സ്യർ 3:2 “ഉയരത്തിലുള്ളതു തന്നേ ചിന്തിപ്പിൻ...” ആത്മീയ മനസ്സ് ദൈവരാജ്യം, നിത്യതയുടെ മൂല്യങ്ങൾ, ദൈവഹിതം, ആത്മീയ വളർച്ച എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മാംസകണ്ണുകൾക്കു ദൃശ്യമല്ലെങ്കിലും ശാശ്വതമായ സത്യങ്ങളാണ് ആത്മീയമനസ്സിനെ നയിക്കുന്നത്. വിശ്വാസമാണ് അതിന്റെ അടിസ്ഥാനം. ഇത് നശ്വരകാര്യങ്ങളിൽ ഊന്നൽകൊടുക്കാതെ അതിനെ മറികടന്ന് ദൈവത്തിന്റെ ഇഷ്ടത്തിൽ നിലകൊള്ളുന്നു, ഹൃദയാന്തർഭാഗത്തു സ്ഥിരതയും ദൈവസാന്നിധ്യത്തിൽ ഉറച്ച ദിശബോധവും നൽകുന്നു.
4. രണ്ടും തമ്മിലുള്ള സംഘർഷം
ഗലാത്യർ 5:17 “ജഡാഭിലാഷം ആത്മാവിന്നും ആത്മാഭിലാഷം ജഡത്തിന്നും വിരോധമായിരിക്കുന്നു…”
ഇവ തമ്മിൽ നിരന്തരമായ ഒരു പോരാട്ടമുണ്ടെന്നു നാം മറക്കരുത്. ജഡാഭിലാഷം പാപത്തിലേക്ക് ആകർഷിക്കപ്പെടുമ്പോൾ ആത്മാവ് ദൈവത്തിലേക്ക് ആകർഷിക്കപ്പെടുന്നു. ഈ സംഘർഷം ഓരോ വിശ്വാസിയുടെയും ഉള്ളിൽ സംഭവിക്കുന്നു. ഇതു നമുക്കു അവഗണിക്കുവാൻ കഴിയില്ല. വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വിഷയങ്ങളാണ് ഇവ. പത്രോസിനെ ശ്രദ്ധിക്കുക. മത്തായി 16:16–23
പത്രോസിന്റെ ആദ്യം പ്രഖ്യാപനം ശ്രദ്ധിച്ചാൽ: “നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു...” (ആത്മീയ വെളിപ്പെടുത്തൽ). തുടർന്നു ക്രൂശീകരണത്തെക്കുറിച്ച് സംസാരിച്ചപ്പോൾ അവൻ യേശുവിനെ ശാസിക്കുന്നു. യേശു പ്രതികരിക്കുന്നത് ശ്രദ്ധിച്ചോ “ നീ ദൈവത്തിന്റേതല്ല മനുഷ്യരുടേതത്രെ കരുതുന്നതു.” ഒരു നിമിഷത്തിൽ: ആത്മീയ മനസ്സ്. അടുത്ത നിമിഷം: ജഡിക ചിന്ത. എത്ര വലിയ ചാഞ്ചാട്ടമാണ്. മനസ്സിന് എത്ര എളുപ്പത്തിൽ മാറാൻ കഴിയുമെന്ന് ഇത് കാണിക്കുന്നു. അസ്ഥിരതയാണ് അതിൻറ മുഖമുദ്ര. അതിനാലാണ് പരിശുദ്ധാത്മശക്തിയും സഹായവും ആത്മീയമനുഷ്യനു അത്യന്താപേക്ഷിതമാകുന്നത്.
5. ഓരോ മനസ്സിന്റെയും ഫലങ്ങൾ. 
എ. ജഡിക മനസ്സിന്റെ ഫലം. റോമർ 8:6 “ജഡത്തിന്റെ ചിന്ത മരണം.” ആത്മീയവരൾച്ച, ദൈവത്തിൽ നിന്നുള്ള വേർപിരിയൽ, ആന്തരികമായ ശൂന്യത എന്നിവ ഇവിടെ കാണപ്പെടുന്നു. കാലക്രമേണ നാശത്തിലേക്കാണ് പോകുന്നത്. യോഹ 12:4–6; മത്തായി 26:14–16 യേശുവിന്റെ അനുചരവൃന്ദങ്ങളിൽ ഉൾപ്പെട്ടിരുന്ന യൂദാസിനെ അത്യാഗ്രഹവും സ്വാർത്ഥതാൽപ്പര്യവും നയിച്ചു. എന്തായിരുന്നു ഫലം. വിശ്വാസവഞ്ചന, ആത്മീയ നാശം. ഒരു ജഡിക മനസ്സ് ആത്യന്തികമായി ദൈവത്തിൽ നിന്ന് അകലുന്നു.
ബി. ആത്മീയ മനസ്സിന്റെ ഫലം. റോമർ 8:6 ആത്മാവിന്റെ ചിന്തയോ ജീവനും സമാധാനവും തന്നേ.” സന്തോഷം, സ്ഥിരത, വ്യക്തത, ദൈവവുമായുള്ള കൂട്ടായ്മ എന്നിവയെല്ലാം ഉൾപ്പെടുന്നു. സ്തെഫാനോസിനെ ശ്രദ്ധിക്കുമ്പോൾ, പ്രവൃത്തികൾ 7:55–60. കല്ലെറിയപ്പെട്ടപ്പോഴും സ്തെഫാനോസ്: ദൈവത്തിന്റെ മഹത്വം കണ്ടു, തന്റെ ശത്രുക്കളോട് ക്ഷമിച്ചു, സമാധാനത്തിൽ തുടർന്നു. ഇത് ആത്മാവ് നിറഞ്ഞ മനസ്സിന്റെ ശക്തിയാണ്. എത്ര ഉന്നതമായ വ്യക്തിത്വം.
6. ജഡിക മനസ്സില്‍ നിന്ന് ആത്മീയ മനസ്സിലേക്ക് എങ്ങനെ നീങ്ങാം
1. വചനത്തിലൂടെ. റോമര്‍ 12:2. ദൈവവചനത്തിലൂടെയാണ് മനസ്സിനെ പുതുക്കുന്നത്. ദൈവവചനം അനിവാര്യമാണ്. റോമർ 12:2 പ്രകാരം, വചനത്തിലൂടെ മനസ്സ് പുതുക്കപ്പെടുമ്പോൾ ദൈവഹിതം അഥവാ ദൈവത്തിന്റെ മനസ്സ് തിരിച്ചറിയാൻ കഴിയും. ലൌകീക ചിന്താഗതികളെ വിട്ട്, തിരുവെഴുത്ത് ധ്യാനിക്കുകയും അനുസരിക്കുകയും ചെയ്യുമ്പോൾ ആത്മീയ വളർച്ച സാധ്യമാകുന്നു. ദൈവവചനം ഹൃദയത്തെയും ചിന്തകളെയും ക്രിസ്തുവിന്റെ സ്വഭാവത്തിലേക്ക് മാറ്റുന്നു.
2. പരിശുദ്ധാത്മാവിലൂടെ. യോഹന്നാന്‍ 16:13. ആത്മാവ് സത്യത്തിലേക്ക് നയിക്കുന്നു. ഇവിടെ പരിശുദ്ധാത്മാവിന്റെ നടത്തിപ്പ് അനിവാര്യമാണ്. യോഹന്നാൻ 16:13 അനുസരിച്ചു, സത്യത്തിന്റെ ആത്മാവായ പരിശുദ്ധാത്മാവ് വിശ്വാസിയെ സകല സത്യത്തിലേക്കും നയിക്കുന്നു. ആത്മാവിന് കീഴടങ്ങുമ്പോൾ തെറ്റായ ചിന്തകൾ മാറുകയും ദൈവഹിതം മനസ്സിലാക്കാനും കഴിയും. പരിശുദ്ധാത്മാവ് ആത്മീയ വിവേകവും ക്രിസ്തുവിന്റെ മനസ്സും വിശ്വാസിയിൽ വളർത്തുന്നു.
3. ദൈനംദിന കീഴടങ്ങലിലൂടെ. ലൂക്കോസ് 9:23. സ്വയം നിഷേധിക്കുന്നത് നമ്മെ ആത്മാവുമായി യോജിപ്പിക്കുന്നു. ഓരോ ദിവസവും സ്വയം നിഷേധിച്ച് ക്രൂശ് എടുത്ത് ക്രിസ്തുവിനെ അനുഗമിക്കണം. സ്വന്തം ഇഷ്ടങ്ങളേക്കാൾ ദൈവഹിതത്തിന് മുൻ‌ഗണന നൽകുമ്പോൾ ആത്മാവിനോടുള്ള യോജിപ്പ് വളരുന്നു. ഈ കീഴടങ്ങൽ ആത്മീയ പക്വതയിലേക്കും ക്രിസ്തുവിന്റെ സ്വഭാവത്തിലേക്കും വിശ്വാസിയെ നയിക്കുന്നു.
4. മനസ്സിനെ സജ്ജമാക്കുന്നതിലൂടെ. റോമര്‍ 8:5. നാം മനഃപൂര്‍വ്വം ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ആത്മീയ കാര്യങ്ങളിൽ സജ്ജമാക്കണം. റോമർ 8:5 പ്രകാരം, ജഡപ്രകാരം ജീവിക്കുന്നവർ ജഡത്തിന്റെ കാര്യങ്ങളിലും ആത്മാവിൻപ്രകാരം ജീവിക്കുന്നവർ ആത്മീയ കാര്യങ്ങളിലും മനസ്സ് കേന്ദ്രീകരിക്കുന്നു. പ്രാർത്ഥന, വചനധ്യാനം, ദൈവഹിതം എന്നിവയിൽ ശ്രദ്ധ പതിപ്പിക്കുമ്പോൾ ചിന്തകൾ മാറി ആത്മീയ ജീവിതം ശക്തമാകുന്നു.
ഒടുവിലായി, റോമര്‍ 8 രണ്ട് ചിന്താഗതികളും രണ്ട് ജീവിതരീതികളും വ്യക്തമായി വെളിപ്പെടുത്തുന്നു. ജഡിക മനസ്സ്: ദൈവത്തെ എതിർക്കുന്നു, ജഡത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, മരണത്തിലേക്ക് നയിക്കുന്നു. ആത്മീയ മനസ്സ്: ദൈവത്തിന് കീഴടങ്ങുന്നു, ആത്മാവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, ജീവിതത്തിലേക്കും സമാധാനത്തിലേക്കും നയിക്കുന്നു. ക്രിസ്തീയ ജീവിതത്തിലെ പരാജയവും വിജയവും തമ്മിലുള്ള വ്യത്യാസം പലപ്പോഴും ബാഹ്യ സാഹചര്യങ്ങളല്ല, മറിച്ച് ആന്തരിക ചിന്തയാണ്. നിങ്ങളുടെ ജീവിതം നിങ്ങളുടെ മനസ്സിന്റെ ദിശയിലേക്ക് നീങ്ങും - നിങ്ങളുടെ മനസ്സ് ആത്മാവിനാൽ നയിക്കപ്പെടണം.

Comments

Popular posts from this blog

1. ആത്മാവിനാൽ ജനിക്കുക(Born of the Spirit. John 3:4

2. മാനസാന്തരം ആശ്വാസകാലങ്ങൾ നൽകുന്നു(Repentance Brings Refreshing) Acts 3:19