30. ക്രിസ്തുവിന്റെ മനസ്സ് - പൗലോസിൽ നിന്നുള്ള ഒരു കേസ് സ്റ്റഡി.

31. ക്രിസ്തുവിന്റെ മനസ്സ് - പൗലോസിൽ നിന്നുള്ള ഒരു കേസ് സ്റ്റഡി.
ബൈബിളിലെ ഏറ്റവും വലിയ പരിവർത്തനങ്ങളിലൊന്നാണ് പൗലോസിന്റെ മാനസാന്തരം. ഒരിക്കൽ വിദ്വേഷത്താൽ നയിക്കപ്പെട്ട ഒരു മനുഷ്യൻ കൃപയുടെ സന്ദേശവാഹകനായി മാറുന്ന ചരിത്രം. സഭയെ പീഡിപ്പിച്ചിരുന്ന ഒരാൾ ക്രിസ്തുവിന്റെ ഏറ്റവും വലിയ അപ്പോസ്തലന്മാരിൽ ഒരാളായി തീരുന്നു. ക്രിസ്തുവിന്റെ മനസ്സ് ഒരു വ്യക്തിയുടെ നിയന്ത്രണം ഏറ്റെടുക്കുമ്പോൾ എന്തു സംഭവിക്കുമെന്നതിന്റെ ശക്തമായ ഒരു പഠനമാണ് പൗലോസിന്റെ ജീവിതം.

ഫിലിപ്പിയർ 2:5 പറയുന്നു: “ക്രിസ്തുയേശുവിലുണ്ടായിരുന്ന ഭാവംതന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ.” ക്രിസ്തുവിന്റെ മനസ്സ് കേവലം മതപരമായ ചിന്തയല്ല. താഴ്മയും, ത്യാഗവും, അനുസരണവും, സ്നേഹവും, സഹിഷ്ണുതയും, ദൈവഹിതത്തോടുള്ള പൂർണ്ണമായ കീഴടങ്ങലും നിറഞ്ഞ  അടയാളപ്പെടുത്തിയതും രൂപാന്തരപ്പെട്ടതുമായ ഒരു ജീവിതരീതിയാണിത്.
പൗലോസ് ക്രിസ്തുവിന്റെ മനസ്സിനെക്കുറിച്ച് പ്രസംഗിക്കുക മാത്രമല്ല ചെയ്തത് - തന്റെ ജീവിതത്തിലൂടെ അത് വെളിപ്പെടുത്തി. പീഡനം, തടവ്, തിരസ്കരണം, വിശപ്പ്, കഷ്ടപ്പാടുകൾ എന്നിവ അനുഭവിച്ച അദ്ദേഹം, മരണം വരെ ക്രിസ്തുവിനോട് വിശ്വസ്തനായി തുടരുന്നതു കാണാം.

അഹങ്കാരവും, സ്വാർത്ഥതയും, അത്യാഗ്രഹവും, കോപവും, വിട്ടുവീഴ്ചയില്ലായ്മയും നിറഞ്ഞ ഒരു ലോകത്ത്, യേശുവിനെപ്പോലെ എങ്ങനെ ചിന്തിക്കണമെന്നും ജീവിക്കണമെന്നും പൗലോസിന്റെ ജീവിതം വിശ്വാസികളെ പഠിപ്പിക്കുന്നു.
ഒരു മിഷനറി ഒരിക്കൽ ഒരു വിദൂര ഗ്രാമത്തിൽ വർഷങ്ങളോളം വിശ്വസ്തതയോടെ സേവനമനുഷ്ഠിച്ചു, ദൃശ്യമായ ഫലങ്ങൾ കാണാതെ വന്നപ്പോൾ പലരും അദ്ദേഹത്തെ വിമർശിക്കുകയും അദ്ദേഹം എന്തിനാണ് തുടരുന്നത് എന്ന് ചോദിക്കുകയും ചെയ്തു. അദ്ദേഹം മറുപടി പറഞ്ഞതിങ്ങനെയാണ്, "വിജയം എന്റെ വിളിയല്ല; അനുസരണമാണ്." വർഷങ്ങൾക്കുശേഷം, അദ്ദേഹം വിശ്വസ്തതയോടെ വിതച്ച വിത്തുകൾ മുഖാന്തിരം ആ പ്രദേശത്ത് ഒരു ഉണർവ്വ് ആരംഭിച്ചു.

ആ ആത്മാവ് പൗലോസിന്റെ ഹൃദയത്തെ പ്രതിഫലിപ്പിക്കുന്നു - എന്തു വിലകൊടുത്തും ക്രിസ്തുവിന് പൂർണ്ണമായും സമർപ്പിച്ച ഒരു ജീവിതം.

പ്രവൃത്തികൾ 9:1–19. പൗലോസ് ആദ്യം തർസൊസിലെ ശൗൽ എന്നാണ് അറിയപ്പെട്ടിരുന്നത്. അദ്ദേഹം ഉന്നത വിദ്യാഭ്യാസമുള്ളവനും, ആഴമായ മതവിശ്വാസിയും, ക്രിസ്തുമാർഗ്ഗത്തെ ശക്തമായി എതിർത്തവനുമായിരുന്നു. അദ്ദേഹം വിശ്വാസികളെ പീഡിപ്പിക്കുകയും സ്തെഫാനൊസിന്റെ മരണത്തെ അംഗീകരിക്കുകയും ചെയ്തു. എന്നാൽ ദമാസ്കസിലേക്കുള്ള വഴിയിൽ, ശൗൽ ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെ കണ്ടുമുട്ടി.
പ്രവൃത്തികൾ 9:4-ൽ യേശു ഇങ്ങനെ ചോദിക്കുന്നതായി രേഖപ്പെടുത്തുന്നു: “ശൌലെ, ശൌലേ, നീ എന്നെ ഉപദ്രവിക്കുന്നതു എന്തു?” ആ കൂടിക്കാഴ്ച എല്ലാം മാറ്റിമറിച്ചു. പൗലോസിന്റെ പരിവർത്തനം നമ്മെ പഠിപ്പിക്കുന്നത്, ദൈവത്തിന്റെ അപ്രമേയശക്തിക്ക് അതീതമായി ഒരു ജീവിതവുമില്ല എന്നാണ്.

ഹൃദയം പൂർണ്ണമായും യേശുവിന് കീഴടങ്ങുമ്പോഴാണ് ക്രിസ്തുവിന്റെ മനസ്സ് ആരംഭിക്കുന്നത്.

1. ക്രിസ്തുവിന്റെ മനസ്സ് താഴ്മയോടെ നടക്കുന്നു
ഫിലിപ്പിയർ 3:7–8. മാനസാന്തരത്തിനുശേഷം, പൗലോസ് തന്റെ നേട്ടങ്ങളിലും വിദ്യാഭ്യാസത്തിലും മതപരമായ പദവിയിലുമുള്ള അവകാശവാദങ്ങൾ വേണ്ടംന്നു വച്ചു. അദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചതു: “എനിക്കു ലാഭമായിരുന്നതു ഒക്കെയും ഞാൻ ക്രിസ്തു നിമിത്തം ചേതം എന്നു എണ്ണിയിരിക്കുന്നു.”
പൗലോസിന് പ്രശംസിക്കാൻ ധാരാളം കാരണങ്ങളുമുണ്ട്. വിദ്യാഭ്യാസം, സ്വാധീനം, സമൂഹത്തിലെ മതപരമായ സ്ഥാനം, ബുദ്ധിപരമായ കഴിവ്. എന്നിട്ടും അവൻ താഴ്മ തിരഞ്ഞെടുത്തു.
തന്നെത്തന്നെ താഴ്ത്തി മരണം വരെ അനുസരണമുള്ളവനായിത്തീർന്ന യേശുക്രിസ്തുവിനെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത് (ഫിലിപ്പിയർ 2:8).

പൗലോസ് നമ്മെ പഠിപ്പിക്കുന്നത് യഥാർത്ഥ ആത്മീയത അഹങ്കാരത്തെ ഇല്ലാതാക്കുന്നു, ക്രിസ്തുവിനോട് അടുക്കുന്തോറും കൂടുതൽ എളിമയുള്ളവരായിത്തീരുന്നു എന്നെല്ലാമാണ്, സ്വയത്തെ ഉയർത്തുന്നവരക്കാൾ തന്നെതന്നെ സമർപ്പിക്കുന്നവരെ ദൈവം ഉപയോഗിക്കുന്നു എന്നു കാണാം.
ഉദാഹരണത്തിനു ചില വിശ്വാസികൾ വിശ്വസ്ത ശുശ്രൂഷയേക്കാൾ സ്ഥാനമാനങ്ങൾ, അംഗീകാരം, മുഖസ്തുതി എന്നിവ തേടുന്നവരാണ്. എന്നാൽ പൗലോസിന്റെ അഭിപ്രായത്തിൽ ക്രിസ്തുവിനെ അറിയുന്നത് ഭൗമിക ബഹുമാനത്തേക്കാൾ വലുതാണെന്ന് തന്നെയാണ്.
താഴ്മയുള്ള ദാസൻ പലപ്പോഴും അഭിമാനിയായ ഒരു നേതാവിനേക്കാൾ കൂടുതൽ ജീവിതങ്ങളെ സ്വാധീനിക്കുന്നു എന്നു നാം കണ്ടിട്ടുണ്ട്.

പൗലോസിന്റെ ലേഖനങ്ങൾ ആഴത്തിലുള്ള വിനയം വെളിപ്പെടുത്തുന്നവയാണ്. 1 തിമോത്തി 1:15-ൽ അവൻ തന്നെത്തന്നെ ഇങ്ങനെ സംബോധന ചെയ്തതിങ്ങനെയാണ് “ആ പാപികളിൽ ഞാൻ ഒന്നാമൻ.”
ഇത് വ്യാജമായ താഴ്മയല്ല. തന്നെ രക്ഷിച്ച കൃപയെ പൗലോസ് ഒരിക്കലും മറന്നില്ല.

അതിനാൽ എനിക്കു പറയാനുള്ളതു എല്ലാ ദിവസവും ദൈവത്തിൽ ആശ്രയിക്കുക, വ്യക്തിപരമായ നേട്ടങ്ങളിൽ പ്രശംസിക്കരുത് എന്നെല്ലാമാണ്. ക്രിസ്തുവിന് മഹത്വമുണ്ടാകട്ടെ.

യാക്കോബ് 4:6 പറയുന്നു: “ദൈവം നിഗളികളോടു എതിർത്തുനിൽക്കയും താഴ്മയുള്ളവർക്കു കൃപ നല്കുകയും ചെയ്യുന്നു.” ക്രിസ്തുവിന്റെ മനസ്സ് എപ്പോഴും താഴ്മയുള്ള മനസ്സാണ്.

2. ക്രിസ്തുവിന്റെ മനസ്സ് വിശ്വസ്തതയോടെ കഷ്ടതകൾ സഹിക്കുന്നു
2 കൊരിന്ത്യർ 11:23–28
പൗലോസ് അതികഠിനമായ കഷ്ടപ്പാടുകൾ അനുഭവിച്ചതായി വായിക്കുന്നു. അടി, തടവ്, കപ്പൽച്ചേതങ്ങൾ, തിരസ്കരണം, വിശപ്പ്, അപകടം, പീഡനം. എന്നിട്ടും അവൻ ക്രിസ്തുവിനെ പ്രസംഗിച്ചുകൊണ്ടിരുന്നു.
ശുശ്രൂഷ വേദനാജനകമാകുമ്പോൾ മിക്ക ആളുകളും ഉപേക്ഷിച്ചു പോകുന്നു, പക്ഷേ പൗലോസ് വിശ്വസ്തനായി തുടർന്നു, കാരണം അവന്റെ മനസ്സ് ക്രിസ്തുവിൽ ഉറപ്പിച്ചിരിക്കുന്നു.
തന്റെ മുമ്പാകെ വെച്ചിരിക്കുന്ന സന്തോഷത്തിനായി ക്രൂശ് സഹിച്ച യേശുവിനെ സ്വഭാവം ഇതു വെളിപ്പെടുത്തുന്നു.(എബ്രായർ 12:2). ക്രിസ്തുവിന്റെ മനസ്സ് താൽക്കാലിക ആശ്വാസത്തേക്കാൾ നിത്യമായ ലക്ഷ്യത്തെ വിലമതിക്കുന്നു.
ദൃഷ്ടാന്തമായി പറഞ്ഞാൽ, ഒരു പ്രതികൂല അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഒരു വിശ്വാസിക്ക് ക്രിസ്തീയ മൂല്യങ്ങൾ കാരണം പരിഹാസമോ ഒഴിവാക്കലോ നേരിടേണ്ടി വന്നേക്കാം. കഷ്ടതകൾ ഒഴിവാക്കാൻ വിട്ടുവീഴ്ച ചെയ്യുന്ന ചിലരുണ്ട്, എന്നാൽ പൗലോസ് വിശ്വാസികളെ ഉറച്ചുനിൽക്കാൻ പഠിപ്പിക്കുന്നു.

പൗലോസ് വിജയം അളക്കുന്നത് ആശ്വാസം കൊണ്ടല്ല, അനുസരണത്തിലൂടെയാണ് എന്നുകൂടി അറിയുക.
തടവറയിൽനിന്നു പോലും, പൗലോസ് സന്തോഷത്തിന്റെയും, പ്രോത്സാഹനത്തിന്റെയും, പ്രത്യാശയുടേയും ലേഖനങ്ങൾ എഴുതിയിട്ടുണ്ട്.

ഫിലിപ്പ്യ ലേഖനം - "സന്തോഷത്തിന്റെ ലേഖനം" - ജയിലിൽ നിന്നാണ് എഴുതിയത്.
ആയതിനാൽ കഷ്ടതകൾ നിങ്ങളുടെ വിശ്വാസത്തെ ദുർബലപ്പെടുത്താൻ അനുവദിക്കരുത്, പ്രയാസകരമായ സമയങ്ങളിലും വിശ്വസ്തത പുലർത്തുക, കഷ്ടതകളിലെ ദൈവത്തിന്റെ ഉദ്ദേശ്യത്തിൽ വിശ്വസിക്കുക. റോമർ 8:18 പറയുന്നു: “നമ്മിൽ വെളിപ്പെടുവാനുള്ള തേജസ്സു വിചാരിച്ചാൽ ഈ കാലത്തിലെ കഷ്ടങ്ങൾ സാരമില്ല എന്നു ഞാൻ എണ്ണുന്നു.”  വേദന ഉണ്ടായിരുന്നിട്ടും ക്രിസ്തുവിന്റെ മനസ്സ് മുന്നോട്ട് പോകുന്നു.

3. ക്രിസ്തുവിന്റെ മനസ്സ് മറ്റുള്ളവരെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുന്നു
1 കൊരിന്ത്യർ 9:19–23. സുവിശേഷം ആളുകളിലേക്ക് എത്തിക്കാൻ പൗലോസ് വ്യക്തിപരമായ ആശ്വാസത്തെ ത്യജിച്ചതായി കാണാം. ചിലർ രക്ഷിക്കപ്പെടേണ്ടതിന് അവൻ “എല്ലാവർക്കും എല്ലാമായി” മാറി. തന്നെത്തന്നെ പ്രസാദിപ്പിക്കുന്നതിനുപകരമായി മറ്റുള്ളവരെ ശുശ്രൂഷിക്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം കേന്ദ്രീകരിച്ചത്.
ഇത് "ശുശ്രൂഷ ചെയ്യിപ്പാനല്ല, ശുശ്രൂഷിപ്പാനും" വന്ന യേശുവിനെയാണ് പ്രതിഫലിപ്പിക്കുന്നത് (മർക്കോസ് 10:45).

പൗലോസിൽ നമ്മെ പഠിപ്പിക്കുന്നതു ക്രിസ്തീയ പക്വത ത്യാഗപരമായ സ്നേഹത്തിലൂടെയാണ് പ്രകടിപ്പിക്കുന്നതെന്നും, ശുശ്രൂഷ ആളുകളെക്കുറിച്ചാണ്, വ്യക്തിപരമായ നേട്ടങ്ങളെക്കുറിച്ചല്ല എന്നെല്ലാമാണ്, സുവിശേഷം നമ്മുടെ ബന്ധങ്ങളെ രൂപപ്പെടുത്തണം.

ഉദാഹരണത്തിനു രോഗികളെ ക്ഷമയോടെ സന്ദർശിക്കുകയും, ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങളെ സഹയിക്കുകയും, നിശബ്ദമായി സേവനം ചെയ്യുകയും ചെയ്യുന്ന ഒരു ദൈവദാസൻ പ്രശസ്തി തേടുന്ന ഒരാളേക്കാൾ പൗലോസിന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നു. പൗലോസ് സഭകളെയും വിശ്വാസികളെയും ആഴമായി പരിപാലിച്ചു. അദ്ദേഹത്തിന്റെ ലേഖനങ്ങൾ അനുകമ്പയും, തിരുത്തലും, പ്രോത്സാഹനങ്ങളും, ആത്മീയ പിതൃത്വവും എന്നിവ വെളിപ്പെടുത്തുന്നതാണ്.
പൗലോസ് തിമോത്തി, തീത്തൊസ്, ലൂക്കോസ്, ശീലാസ്, ഇവരേകൂടാതെ മറ്റു പലരുയും ക്രിസ്തുവിനായി ഒരുക്കിയെടുത്തു. അവൻ ശുശ്രൂഷകൾ മാത്രമല്ല, ആളുകളെയും ഒരുക്കിയെടുത്തു.
അതിനാൽ മറ്റുള്ളവരെ ആത്മാർത്ഥമായി ശുശ്രൂഷിക്കുവാനും, പുതു വിശ്വാസികളെ പ്രോത്സാഹിപ്പിക്കുവാനും, കരുണയോടെ ഭാരങ്ങൾ വഹിക്കുവാനും പരിശീലിക്കുക.
ഗലാത്യർ 6:2 പറയുന്നു: “തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമപ്പിൻ; ഇങ്ങനെ ക്രിസ്തുവിന്റെ ന്യായപ്രമാണം നിവർത്തിപ്പിൻ.” ക്രിസ്തുവിന്റെ മനസ്സ് കരുണാമയവും ദാസഹൃദയവുമാണ്.

4. ക്രിസ്തുവിന്റെ മനസ്സ് നിത്യലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു
ഫിലിപ്പിയർ 3:13–14. പൗലോസ് വാക്കുകൾ ശ്രദ്ധിച്ചാൽ: “പിമ്പിലുള്ളതു മറന്നും മുമ്പിലുള്ളതിന്നു ആഞ്ഞും കൊണ്ടു ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്കു ഓടുന്നു.” പൗലോസ് നിത്യദർശനത്തോടെ ജീവിച്ചു.
ധനമോ, സുഖസൗകര്യങ്ങളോ, ലൗകികജയമോ എന്നിവയൊന്നും അദ്ദേഹത്തെ ആകർഷിച്ചില്ല. ദൈവത്തിന്റെ നിയോഗം വിശ്വസ്തതയോടെ പൂർത്തിയാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹം.

പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച ക്രിസ്തുവിനെ ഇത്തരുണത്തിൽ ദർശിക്കുവാൻ കഴിയും.
ഇവിടെ പൗലോസ് നമ്മെ ഓർമ്മിപ്പിക്കുന്നത് ആത്മീയകാര്യങ്ങളിലുള്ള ശ്രദ്ധ വിശ്വാസികളെ ശ്രദ്ധാശൈഥില്യത്തിൽ നിന്ന് സംരക്ഷിക്കുന്നു. ക്രിസ്തീയ ജീവിതം സഹിഷ്ണുത ആവശ്യമുള്ള ഒരു ഓട്ടമാണ് മനസ്സിലാക്കുക. താൽക്കാലിക വിജയത്തേക്കാൾ പ്രധാനമാണ് നിലനിൽക്കുന്ന പ്രതിഫലങ്ങൾ.

ഉദാഹരണമായി പറഞ്ഞാൽ ആധുനിക സംസ്കാരങ്ങളും, വിനോദമാർഗ്ഗങ്ങളും, ഭൗതികതയും വിശ്വാസികളെ നിരന്തരം ശ്രദ്ധ തിരിക്കുകയാണ്. ഇത്തരുണത്തിൽ പൗലോസ് വിശ്വാസികളെ ലക്ഷ്യബോധത്തോടെ ജീവിക്കാൻ പഠിപ്പിക്കുകയാണ്.
ജീവിതാവസാനത്തോടടുത്ത്, പൗലോസ് ആത്മവിശ്വാസത്തോടെ പ്രഖ്യാപിക്കുന്നതു ശ്രദ്ധിച്ചാൽ “ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികെച്ചു, വിശ്വാസം കാത്തു.”(2 തിമോത്തി 4:7).  എത്ര ശ്രേഷ്ടമാണത്. എത്ര ശക്തമായ ഒരു സാക്ഷ്യം.

അതുകൊണ്ടു  ക്രിസ്തുവിൽ നിങ്ങളുടെ കണ്ണുകൾ പതിക്കട്ടെ, ആത്മീയവിഷയങ്ങളിൽനിന്നു ശ്രദ്ധ മാറരുത്, നിത്യതയെ മനസ്സിൽ വയ്ക്കുവാനും ശ്രദ്ധിക്കേണം.
കൊലോസ്യർ 3:2 പറയുന്നു. “ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളതു തന്നേ ചിന്തിപ്പിൻ.” ക്രിസ്തുവിന്റെ മനസ്സ് നിത്യതയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.

5. ക്രിസ്തുവിന്റെ മനസ്സ് കൃപയെ ആശ്രയിച്ചിരിക്കുന്നു
2 കൊരിന്ത്യർ 12:7–10, പൗലോസിന് “ജഡത്തിലൊരു ശൂലം” അനുഭവപ്പെട്ടു. അത് നീക്കം ചെയ്യണമെന്ന് അവൻ പ്രാർത്ഥിച്ചെങ്കിലും, ദൈവം മറുപടി ഇങ്ങനെയായിരുന്നു: “എന്റെ കൃപ നിനക്കു മതി.”
പൗലോസ് സ്വന്തം കഴിവിനെക്കാൾ ദൈവത്തിന്റെ ശക്തിയിൽ ആശ്രയിക്കാൻ പഠിച്ചു. ഇത് ക്രിസ്തുവിന്റെ പിതാവിലുള്ള പൂർണ്ണമായ ആശ്രയത്വത്തെ പ്രതിഫലിപ്പിക്കുന്നതാണ്.
ഇവിടെ നാം പഠിക്കുന്ന പാഠങ്ങൾ, ബലഹീനത ദൈവത്തിലുള്ള ആശ്രയത്വത്തെ കൂടുതൽ ആഴത്തിലേക്കു നടത്തുന്നതാണ്, കൃപ കഷ്ടതകളിൽ വിശ്വാസികളെ താങ്ങിനിർത്തുന്നതാണ്. ദൈവത്തിന്റെ ശക്തി സമർപ്പിതരായ ജീവിതങ്ങളിലൂടെ വെളിപ്പെടുന്നു.
ഉദാഹരണത്തിനു ചിലപ്പോൾ വിശ്വാസികൾ പരിമിതികളും, പരാജയങ്ങളും അല്ലെങ്കിൽ ഉത്തരം ലഭിക്കാത്ത പ്രാർത്ഥനകൾ നിമിത്തവും നിരുത്സാഹപ്പെട്ടുപോകുന്നതു കാണാം. ദൈവത്തിന് ഇപ്പോഴും ബലഹീനരെ തന്റെ മഹത്വത്തിനായി ഉപയോഗിക്കാൻ കഴിയുമെന്ന് പൗലോസ് നമ്മെ പഠിപ്പിക്കുന്നു. ക്രിസ്തുവിന്റെ മനസ്സ് ദൈവിക കൃപയെ ആശ്രയിച്ചിരിക്കുന്നു.
ഒടുവിലായി ക്രിസ്തുവിന്റെ മനസ്സിനെക്കുറിച്ചുള്ള ഏറ്റവും വലിയ തിരവചനപഠനങ്ങളിൽ ഒന്നാണ് പൗലോസിന്റെ ജീവിതം.
പൗലോസ് താഴ്മയോടെ നടന്നു, കഷ്ടതകൾ വിശ്വസ്തതയോടെ സഹിച്ചു, മറ്റുള്ളവരെ ത്യാഗപൂർവ്വം സ്നേഹിക്കുകയും ശുശ്രൂഷിക്കുകയും ചെയ്തു, നിത്യലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു, പൂർണ്ണമായും ദൈവകൃപയിൽ ആശ്രയിച്ചു.
പൗലോസ് പൂർണനല്ല, പക്ഷേ അദ്ദേഹം ദൈവത്തിനു പൂർണ്ണമായും കീഴടങ്ങി.

പീഡകനായ ശൗലിൽ നിന്ന് അപ്പോസ്തലനായ പൗലോസിലേക്കുള്ള ദൂരം മനുഷ്യമനസ്സിനെ പുതുക്കാനുള്ള ക്രിസ്തുവിന്റെ ശക്തിയെ വെളിപ്പെടുത്തുന്നു.

ഇന്ന് ലോകം അഹങ്കാരവും, സ്വാർത്ഥ അഭിലാഷങ്ങളും, വിട്ടുവീഴ്ചചെയ്യുന്നതു പ്രോത്സാഹിപ്പിക്കുമ്പോൾ ക്രിസ്തുവിന്റെ മനസ്സ് വിശ്വാസികളെ വിളിക്കുന്നതു അഹങ്കാരത്തിനു പകരം താഴ്മ ധരിക്കാനും, ഉപേക്ഷിക്കുന്നതിനു പകരം സഹിഷ്ണുതയോടെ കാത്തിരിക്കുവാനും, സ്വാർത്ഥതയില്ലാതെ ശുശ്രൂഷിക്കുവാനും, ലൗകികതയിൽ ശ്രദ്ധിക്കുന്നതിന പകരം നിത്യദർശനത്തോടെ ജീവിക്കുവാനുമാണ്.

പൗലോസിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സാക്ഷ്യം അത്ഭുതങ്ങളോ വിദ്യാഭ്യാസമോ ശുശ്രൂഷാവിജയമോ ആയിരുന്നില്ല. അത് യേശുക്രിസ്തുവിനോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ അഭിനിവേശമായിരുന്നു.
ഗലാത്യർ 2:20 പൗലോസിന്റെ ഹൃദയത്തെ സംഗ്രഹിക്കുന്നു: “ഇനി ജീവിക്കുന്നത് ഞാനല്ല, ക്രിസ്തു എന്നിൽ ജീവിക്കുന്നു.”
ഇന്നത്തെ വിശ്വാസികൾ അതേ ആത്മാവ് വഹിക്കട്ടെ.

പൂർണ്ണമായി കീഴടങ്ങിയവരായി, അവസാനം വരെ വിശ്വസ്തരായി, എല്ലാറ്റിനുമുപരി ക്രിസ്തുവിനോട് അഭിനിവേശമുള്ളവരായി പൗലോസ് ജീവിച്ചതുപോലെ നമുക്ക് ജീവിക്കാം. ആമ്മേൻ

Comments

Popular posts from this blog

4. ആത്മാവിലൂടെയുള്ള ഉറപ്പ്(Assurance Through the Spirit)

1. ആത്മാവിനാൽ ജനിക്കുക(Born of the Spirit. John 3:4

2. മാനസാന്തരം ആശ്വാസകാലങ്ങൾ നൽകുന്നു(Repentance Brings Refreshing) Acts 3:19