29.ദാനിയേലിൽ നിന്നുള്ള ഒരു കേസ് സ്റ്റഡി. ക്രിസ്തുവിന്റെ മനസ്സ്

29. ക്രിസ്തുവിന്റെ മനസ്സ് - ദാനിയേലിൽ നിന്നുള്ള ഒരു കേസ് സ്റ്റഡി.

ക്രിസ്തുവിന്റെ മനസ്സ് വളർത്തിയെടുക്കാൻ തിരുവെഴുത്തു വിശ്വാസികളെ ആവർത്തിച്ച് പഠിപ്പിക്കുന്നു. ഫിലിപ്പിയർ 2:5 പറയുന്നു: “ക്രിസ്തുയേശുവിലുള്ള ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ.” 

ക്രിസ്തുവിന്റെ മനസ്സ് എളിമ, വിശുദ്ധി, അനുസരണം, ധൈര്യം, ജ്ഞാനം, പ്രാർത്ഥനാനിരതത്വം, ദൈവത്തോടുള്ള അചഞ്ചലമായ വിശ്വസ്തത എന്നിവയിൽ കാണപ്പെടുന്നു. പഴയനിയമത്തിൽ, ദുഷിച്ചതും ശത്രുതാപരമായതുമായ ഒരു സംസ്കാരത്തിൽ ദൈവകേന്ദ്രീകൃത മനസ്സോടെ ജീവിച്ച ഒരു മനുഷ്യന്റെ ഏറ്റവും വ്യക്തമായ ഉദാഹരണങ്ങളിൽ ഒരാളായി ദാനിയേൽ നിലകൊള്ളുന്നു.

നെബൂഖദ്‌നേസർ രാജാവിന്റെ ഭരണകാലത്ത് ബാബിലോണിലേക്ക് തടവുകാരനായി കൊണ്ടുപോയ ഒരു യുവയഹൂദ പ്രവാസിയായിരുന്നു അവൻ. യെരുശലേമിൽ നിന്ന് പുറത്താക്കപ്പെട്ടു, സ്വന്തം നാട്ടിൽ നിന്ന് വേർപെടുത്തപ്പെട്ടു, പുറജാതീയ സ്വാധീനത്താൽ ചുറ്റപ്പെട്ടു, എന്നിട്ടും ദാനിയേൽ തന്റെ വിശ്വാസത്തിൽ വിട്ടുവീഴ്ച ചെയ്യാൻ വിസമ്മതിച്ചു. ദൈവമില്ലാത്ത അന്തരീക്ഷത്തിലും ഒരു വിശ്വാസിക്ക് ദൈവത്തിന്റെ മനസ്സോടെ ജീവിക്കാൻ കഴിയുമെന്നതിന്റെ നേർ സാക്ഷ്യമായി അദ്ദേഹത്തിന്റെ ജീവിതം വെളിപ്പെടുന്നു.

ദാനിയേലിന്റെ കഥ വെറുമൊരു ചരിത്രമല്ല - ആത്മീയ സത്യസന്ധതയെക്കുറിച്ചുള്ള (Integrity) ഒരു പഠനമാണിത്.

ഇന്ന് പല വിശ്വാസികളും ജോലിചെയ്യുന്ന സ്ഥലങ്ങളിലും, വിദ്യാലയങ്ങളിലും, ബിസിനസ്സിലും, ഡിജിറ്റൽ സംസ്കാരത്തിലും വിശ്വസ്തരായി തുടരാൻ പാടുപെടുകയാണ്. സ്വീകാര്യതയ്ക്കായി വിട്ടുവീഴ്ച ചെയ്യാൻ സമൂഹം ക്രിസ്ത്യാനികളെ സമ്മർദ്ദത്തിലാക്കുന്ന സാഹചര്യമാണ് ചുറ്റിലും. വിട്ടുവീഴ്ച ചെയ്യുന്ന ഒരു തലമുറയിൽ ക്രിസ്തുവിന്റെ മനസ്സ് എങ്ങനെ നിലനിർത്താമെന്ന് ദാനിയേൽ നമ്മെ പഠിപ്പിക്കുന്നു.

വിശ്വാസം നിരന്തരം പരിഹസിക്കപ്പെട്ടിരുന്ന ഒരു സർവകലാശാലയിൽ ഒരു യുവക്രിസ്ത്യൻ വിദ്യാർത്ഥി പഠനത്തിനായി ചേർന്നു. പ്രാർത്ഥനയും ബൈബിൾ ബോധ്യങ്ങളും ഉപേക്ഷിക്കാൻ സുഹൃത്തുക്കൾ അദ്ദേഹത്തെ നിർബന്ധിച്ചു. വഴങ്ങാതെ വന്നപ്പോൾ ഒറ്റപ്പെട്ടു പോയി. എങ്കിലും അദ്ദേഹം ദിവസവും തിരുവെഴുത്ത് വായിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തുവന്നു. വർഷങ്ങൾക്കുശേഷം, അദ്ദേഹത്തിന്റെ ജീവിതത്തിൽ സ്ഥിരത കണ്ടതിനാൽ നിരവധി സഹപാഠികൾ ആത്മീയ ഉപദേശത്തിനായി സ്വകാര്യമായി അദ്ദേഹത്തെ സമീപിച്ചു. അദ്ദേഹത്തിന്റെ നിശബ്ദ വിശ്വസ്തത ഒരു സാക്ഷിയായി നിലകൊണ്ടു.

അതാണ് ദാനിയേലിന്റെ പ്രത്യേകതയും.

ബാബിലോണിലെ ദാനിയേൽ
ദാനിയേൽ 1:1–8. ബാബിലോണിലേക്ക് തടവുകാരനായി കൊണ്ടുപോകുമ്പോൾ ദാനിയേൽ ഒരു കൗമാരക്കാരനായിരുന്നു. ബാബിലോണിയൻ സാമ്രാജ്യം യഹൂദ തടവുകാരെ പുനർനിർമ്മിക്കാൻ(reshape) ശ്രമിച്ചു: അതിനായി അവരുടെ പേരുകൾ മാറ്റി, ബാബിലോണിയൻ സംസ്കാരത്തിൽ പഠിപ്പിച്ചു, പൈതൃകത്തിൽ നിന്ന് അവരെ ഒറ്റപ്പെടുത്തി, രാജകീയ ആഡംബരങ്ങൾ കൊണ്ട് അവരെ പ്രലോഭിപ്പിച്ചു.ബാബിലോൺ ദാനിയേലിനെ ബാഹ്യമായും ആന്തരികമായും മാറ്റാൻ ആഗ്രഹിച്ചു. എന്നാലും ദാനിയേൽ 1:8 പറയുന്നു: “എന്നാൽ രാജാവിന്റെ ഭോജനംകൊണ്ടും അവൻ കുടിക്കുന്ന വീഞ്ഞുകൊണ്ടും തന്നെത്താൻ അശുദ്ധമാക്കുകയില്ല എന്നു ദാനീയേൽ ഹൃദയത്തിൽ നിശ്ചയിച്ചു.”

ആ ഒരൊറ്റ തീരുമാനമാണ് അവന്റെ മുഴുവൻ ഭാവിയെയും രൂപപ്പെടുത്തിയത്. പുറമെയുള്ള പ്രവർത്തനത്തിന് മുമ്പുള്ള ആന്തരിക ബോധ്യത്തോടെയാണ് ക്രിസ്തുവിന്റെ മനസ്സ് ആരംഭിക്കുന്നത്.

1. ക്രിസ്തുവിന്റെ മനസ്സ് വിട്ടുവീഴ്ചയെക്കാൾ ബോധ്യത്തെ തിരഞ്ഞെടുക്കുന്നു.
ദാനിയേൽ 1:8. രാജാവിന്റെ ഭക്ഷണം ദാനിയേൽ നിരസിച്ചത് അത് അവന്റെ ആത്മീയ ബോധ്യങ്ങളെയും മൂല്യങ്ങളേയും ലംഘിക്കുന്നു എന്നുള്ള തിരിച്ചറിവിനാലാണ്. യെരൂശലേമിൽ നിന്ന് വളരെ അകലെയാണെങ്കിലും, അതൊന്നും അനുസരണത്തെ റദ്ദാക്കുന്നില്ലെന്ന് ദാനിയേൽ മനസ്സിലാക്കി.

മരുഭൂമിയിലെ പരിശോധനക്കിടയിൽ വിട്ടുവീഴ്ച ചെയ്യാൻ വിസമ്മതിച്ച യേശുക്രിസ്തുവിനെ ഇത് പ്രതിഫലിപ്പിക്കുന്നു. സാത്താൻ ക്രിസ്തുവിന് ലോക മഹത്വം വാഗ്ദാനം ചെയ്തു, എന്നാൽ യേശു പിതാവിനോട് വിശ്വസ്തനായി തുടർന്നു.

ദാനിയേൽ നമ്മോടു പറയുന്നതു പരിശോധനകൾ ജീവിതത്തിൽ വരുന്നതിനുമുമ്പ് തന്നെ നമ്മുടെ വിശ്വാസബോധ്യങ്ങളും മൂല്യങ്ങളും ഉറപ്പിച്ചിരിക്കണമെന്നാണ്. ദൈവഭക്തരായ ആളുകൾ ജനത്തിന്റെ പിന്തുണ ഇല്ലാതിരുന്നാലും സത്യത്തിനുവേണ്ടി ഉറച്ചുനിൽക്കുന്നു. ആത്മീയ വിട്ടുവീഴ്ച സാധാരണയായി വലിയ വീഴ്ചകളിൽ നിന്നല്ല, മറിച്ച് ചെറിയ തെറ്റായ തീരുമാനങ്ങളിൽ നിന്നാണ് ആരംഭിക്കുന്നതെന്നുള്ള തിരിച്ചറിവു ഉണ്ടാകണം. ദൈവത്തോടുള്ള വിശ്വസ്തത ചെറിയ കാര്യങ്ങളിൽ കാത്തുസൂക്ഷിക്കുന്നവർ വലിയ പരീക്ഷകളിലും വിജയിക്കുന്നു. സാഹചര്യങ്ങൾ എത്ര പ്രതികൂലമായാലും ദൈവത്തിൽ ആശ്രയിക്കുന്നവർ അവരുടെ സാക്ഷ്യം നഷ്ടപ്പെടുത്തുന്നില്ല.

സിംഹക്കുഴിയിൽ ദാനിയേൽ പെട്ടെന്ന് വിശ്വസ്തനായതല്ല. ആ ധൈര്യം ഭക്ഷണമേശയിൽ ആരംഭിച്ചതാണ്.

ഉദാഹരണത്തിന്, പല വിശ്വാസികളും ക്രമേണയാണ് വിട്ടുവീഴ്ച ചെയ്യുന്നതു. സത്യസന്ധമല്ലാത്ത ബിസിനസ്സ് രീതികൾ, രഹസ്യ ആസക്തികൾ, ദൈവികമല്ലാത്ത വിനോദങ്ങൾ, അധാർമിക ബന്ധങ്ങൾ, അല്ലെങ്കിൽ സത്യത്തെക്കുറിച്ചുള്ള നിശബ്ദത. മറഞ്ഞിരിക്കുന്ന സ്ഥലങ്ങളിൽ പോലും ജീവിതവിശുദ്ധി പ്രധാനമാണെന്ന് ദാനിയേൽ നമ്മെ പഠിപ്പിക്കുന്നു.

ദൈവിക സ്വത്വത്തിനെതിരായ സംസ്കാരത്തിന്റെ സമ്മർദ്ദത്തെ ബാബിലോൺ പ്രതിനിധീകരിക്കുന്നു. ആധുനിക വിശ്വാസികളും മാധ്യമങ്ങൾ, സാമൂഹികമായ സമ്മർദ്ദങ്ങൾ, ഭൗതികത, ധാർമ്മികമായ ആശയക്കുഴപ്പങ്ങൾ എന്നിവയിലൂടെ സമാനമായ ഒരു ബാബിലോണിനെ നേരിടുന്നുണ്ട്. ക്രിസ്തുവിന്റെ മനസ്സ് ലൗകിക വ്യവസ്ഥിതികളാൽ രൂപപ്പെടുത്തപ്പെടുന്നതിനെ ചെറുക്കുന്നു.

അതിനാൽ നിങ്ങളുടെ ആത്മീയ അതിരുകൾ നേരത്തെ തീരുമാനിക്കുകയും, തിരുവെഴുത്തുകളിൽ വേരൂന്നിയവരായിരിക്കുകയും, സ്വീകാര്യതയ്ക്കായി വിശുദ്ധിയെ കൈമാറ്റം ചെയ്യാതിരിക്കുകയും വേണം.

റോമർ 12:2 പറയുന്നതു: "ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ."

2. ക്രിസ്തുവിന്റെ മനസ്സ് ജ്ഞാനത്തിലും ശ്രേഷ്ഠതയിലും നടക്കുന്നു
ദാനീയേൽ 2:17–23. നെബൂഖദ്‌നേസർ രാജാവ് തന്റെ അസ്വസ്ഥമായ സ്വപ്നത്തിന്റെ വ്യാഖ്യാനം ആവശ്യപ്പെട്ടപ്പോൾ, കല്ദയജ്ഞാനികൾ പരാജയപ്പെട്ടപ്പോൾ ദാനിയേൽ പരിഭ്രാന്തനായില്ല. അവൻ ദൈവസന്നിധിയിൽ പ്രാർത്ഥിക്കുകയും ദൈവത്തിന്റെ ജ്ഞാനത്തിനായി അന്വേഷിക്കുകയും ചെയ്തു. ദൈവം ദാനിയേലിന് സ്വപ്നരഹസ്യം വെളിപ്പെടുത്തി. ഇവിടെ ദാനിയേൽ ആത്മീയ ഭക്തിയും പ്രായോഗിക മികവും സംയോജിപ്പിക്കുകയാണ്.

ദാനിയേൽ 1:20 പറയുന്നു: “ജ്ഞാനവിവേകസംബന്ധമായി ചോദിച്ചതിൽ ഒക്കെയും അവരെ തന്റെ രാജ്യത്തെല്ലാടവുമുള്ള സകല മന്ത്രവാദികളിലും ആഭിചാരകന്മാരിലും പത്തിരട്ടി വിശിഷ്ടന്മാരെന്നു കണ്ടു. ഇത് തന്റെ ഭൗമിക ശുശ്രൂഷയിലുടനീളം ദിവ്യജ്ഞാനത്തിൽ നടന്ന ക്രിസ്തുവിനെ പ്രതിഫലിപ്പിക്കുന്നു. ക്രിസ്തുവിന്റെ മനസ്സ് അശ്രദ്ധയോ അലസമോ അല്ല. അത് ദൈവമഹത്വത്തിനായി മികവ് തേടുന്നതാണ്.

ഉദാഹരണത്തിന്, സത്യസന്ധമായി തയ്യാറെടുക്കുകയും വിശ്വസ്തതയോടെ പഠിപ്പിക്കുകയും വിദ്യാർത്ഥികളോട് നീതിപൂർവ്വം പെരുമാറുകയും ചെയ്യുന്ന ഒരു ക്രിസ്തീയ അധ്യാപകൻ, മതപരമായ വാക്കുകൾ മാത്രം പറയുന്ന ഒരാളേക്കാൾ ദാനിയേലിന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നു. ദാനിയേലിന്റെ ആത്മീയത ജീവിതത്തിന്റെ എല്ലാ മേഖലകളെയും പ്രത്യേകിച്ചു നേതൃത്വം, സംസാരം, പ്രവൃത്തി, ധാർമ്മികത, ജ്ഞാനം, ബന്ധങ്ങൾ എന്നിവയെ സ്വാധീനിച്ചു:

ഒന്നിലധികം പുറജാതീയരാജാക്കന്മാരുടെ കീഴിൽ ദാനിയേൽ വിജയിച്ചു മുന്നേറിയെന്നു കാണാം. നെബൂഖദ്‌നേസർ, ബേൽശ്ശസ്സർ, ദാരിയോസ്, സൈറസ് തുടങ്ങിയവരെ.

എന്തുകൊണ്ടാണ് എന്നു ചോദിച്ചാൽ, അതിനുള്ള കാരണം സത്യസന്ധതയും(integrity) ജ്ഞാനവും നിലനിൽക്കുന്ന സ്വാധീനം സൃഷ്ടിക്കുന്നു എന്നുള്ളതാണ്.

അതിനാൽ തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് പ്രാർത്ഥിക്കാനും, നിങ്ങളുടെ ജോലിയിൽ മികവ് പിന്തുടരാനും പരിശീലിക്കണം, നിങ്ങളുടെ സ്വഭാവം നിങ്ങളുടെ സാക്ഷ്യത്തെ പിന്തുണയ്ക്കുന്നതാകട്ടെ.

കൊലോസ്യർ 3:23 പറയുന്നു: “നിങ്ങൾ ചെയ്യുന്നതു ഒക്കെയും മനുഷ്യർക്കെന്നല്ല കർത്താവിന്നു എന്നപോലെ മനസ്സോടെ ചെയ്‍വിൻ.” ക്രിസ്തുവിന്റെ മനസ്സ് വിശ്വസ്തമായ കാര്യവിചാരകത്വത്തെ ഉളവാക്കുന്നതാണ്.

3. സമ്മർദ്ദത്തിൻ കീഴിൽ ക്രിസ്തുവിന്റെ മനസ്സ് വിശ്വസ്തതയോടെ തുടരുന്നു. ദാനിയേൽ 6:10
ദാനിയേലിന്റെ ശത്രുക്കൾക്ക് അവനിൽ ഒരു തെറ്റും കണ്ടെത്താൻ കഴിഞ്ഞില്ല. അതിനാൽ, അവർ അവന്റെ പ്രാർത്ഥനാ ജീവിതത്തെ ആക്രമിക്കുവാൻ തീരുമാനിച്ചു. ചതിവോടെ പ്രാർത്ഥിക്കുന്നതു വിലക്കുന്ന ഒരു നിയമം പാസാക്കിയെടുത്തു. എന്നിട്ടും ദാനിയേൽ ദിവസം മൂന്നു പ്രാവശ്യം പരസ്യമായി പ്രാർത്ഥിക്കുന്നതു തുടർന്നു. ദാനിയേൽ അഹങ്കാരിയോ മത്സരിയോ ആയതുകൊണ്ടല്ല, അവൻ ദൈവത്തെ തള്ളിപറയാൻ വിസമ്മതിച്ചു. തൽഫലമായി, അവൻ സിംഹക്കുഴിയിലേക്ക് എറിയപ്പെട്ടു. മരണംവരെയും പിതാവിനോടുള്ള ക്രിസ്തുവിന്റെ അചഞ്ചലമായ അനുസരണത്തെ ഇത് പ്രതിഫലിപ്പിക്കുന്നുവെന്നു കാണിക്കുന്നു.

ദാനിയേലിൽ നമ്മോടു പറയുന്നതു സമ്മർദ്ദത്തിൻ കീഴിലും യഥാർത്ഥ വിശ്വാസം സ്ഥിരമായി തുടരണം എന്നാണ്, പ്രാർത്ഥന ആത്മീയ അതിജീവനമാണ്, നിർമലമായ ഭക്തിയിലൂടെയാണ് ധൈര്യം കെട്ടിപ്പടുക്കുന്നത്. ദാനിയേലിന്റെ പ്രാർത്ഥനാ ജീവിതം അദ്ദേഹത്തിന്റെ ആത്മീയ ശക്തിയെ നിലനിർത്തി.

ഉദാഹരണത്തിനു, ഇന്ന് പല സ്ഥലങ്ങളിലും, വിശ്വാസികൾ അവരുടെ വിശ്വാസം നിമിത്തം പരിഹാസവും, ജോലിസ്ഥലത്തെ വിവേചനങ്ങളും അല്ലെങ്കിൽ കുടുംബ എതിർപ്പുകളു നേരിടുന്നുണ്ട്. സംഘർഷം ഒഴിവാക്കാനായി ചിലർ തങ്ങളുടെ വിശ്വാസം മറച്ചു വയ്ക്കുന്നു. ദാനിയേൽ വിശ്വാസികളെ അവരുടെ ആത്മീയ സ്വത്വം ഉപേക്ഷിക്കരുതെന്ന് ഇവിടെ പഠിപ്പിക്കുകയാണ്.

ദാനിയേലിന്റെ ശത്രുക്കളുടെ പ്രതീക്ഷ സിംഹങ്ങൾ അവനെ നശിപ്പിക്കുമെന്നായിരുന്നു, എന്നാൽ ദൈവം തന്റെ ശക്തി പരസ്യമായി വെളിപ്പെടുത്താൻ സിംഹക്കുഴി ഉപയോഗിച്ചു. ചിലപ്പോൾ വിശ്വാസികളെ നശിപ്പിക്കാൻ രൂപകൽപ്പന ചെയ്ത സ്ഥലം ദൈവം തന്നെത്തന്നെ മഹത്വപ്പെടുത്തുന്ന സ്ഥലമായി മാറ്റുന്നു എന്നുള്ളതാണ്.

അതിനാൽ പ്രയാസകരമായ സമയങ്ങളിൽ വിശ്വസ്തത പുലർത്തുകയും, പ്രാർത്ഥനാ ജീവിതം സംരക്ഷിക്കുകയും, പ്രതികൂല സാഹചര്യങ്ങളിൽ ദൈവത്തിൽ വിശ്വസിക്കുകയും വേണം.

യെശയ്യാവ് 41:10 പറയുന്നു: "ഭയപ്പെടേണ്ട, ഞാൻ നിന്നോടുകൂടെ ഉണ്ടു." ക്രിസ്തുവിന്റെ മനസ്സ് ഭയത്തെക്കാൾ വിശ്വാസത്തെ തിരഞ്ഞെടുക്കുന്നു.

4. ക്രിസ്തുവിന്റെ മനസ്സ് ദൈവത്തിന് മഹത്വം നൽകുന്നു
ദാനിയേൽ 2:27–28. ദിവ്യവെളിപ്പെടുകൾക്കു ദാനിയേൽ ഒരിക്കലും വ്യക്തിപരമായ അംഗീകാരം തേടിയില്ല. അദ്ദേഹം രാജാവിനോട് പറഞ്ഞു: “രഹസ്യങ്ങളെ വെളിപ്പെടുത്തുന്ന ഒരു ദൈവം സ്വർഗ്ഗത്തിൽ ഉണ്ടു.” ദാനിയേലിന്റെ ജീവിതത്തിൽ എളിമയായിരുന്നു പ്രധാനം.

അതുപോലെ, യേശുവും സ്വന്തമഹത്വത്തേക്കാൾ എപ്പോഴും പിതാവിനെ മഹത്വപ്പെടുത്തി. യോഹന്നാൻ 8:50 പറയുന്നു: “ഞാൻ എന്റെ മഹത്വം അന്വേഷിക്കുന്നില്ല.”

അതിനാൽതന്നെ ദാനിയേലിൽ നമ്മോടു പറയുന്നതു അഹങ്കാരം ആത്മീയ സ്വാധീനത്തെ ദുർബലപ്പെടുത്തുന്നതും, താഴ്മ ദൈവപ്രസാദം തേടുന്നതുമാണ്. ദൈവഭക്തരായ ആളുകൾ തങ്ങളിലേക്കല്ല, മറ്റുള്ളവരെ ദൈവത്തിലേക്ക് നയിക്കുന്നു.

ഉദാഹരണത്തിനു ചില നേതാക്കൾ അനുസരണത്തേക്കാൾ അംഗീകാരം തേടുന്നതു കാണാവുന്നതാണ്. യഥാർത്ഥ മഹത്വം എളിമയിലൂടെയും ദൈവാശ്രയത്തിലൂടെയുമാണ് വരുന്നതെന്ന് ദാനിയേൽ നമ്മെ പഠിപ്പിക്കുന്നു.

രാഷ്ട്രീയ വിജയവും, പ്രവചനകൃപയും, ജ്ഞാനവും, സ്വാധീനവും ഉണ്ടായിരുന്നിട്ടും ദാനിയേൽ താഴ്മയുള്ളവനായി തുടർന്നു. അവന്റെ വ്യക്തിത്വം പദവിയിലല്ല, ദൈവത്തിലായിരുന്നു.

അതുകൊണ്ടു നിങ്ങളുടെ വിജയത്തിന് ദൈവത്തിന് മഹത്വം അർപ്പിക്കുകയും, അഹങ്കാരമില്ലാതെ സേവിക്കുകയും ചെയ്യുക, നിങ്ങളുടെ ജീവിതം ദൈവത്തിന്റെ മഹത്വം പ്രതിഫലിപ്പിക്കട്ടെ.
യാക്കോബ് 4:10 പറയുന്നു: “കർത്താവിന്റെ സന്നിധിയിൽ താഴുവിൻ; എന്നാൽ അവൻ നിങ്ങളെ ഉയർത്തും.”

ഒടുവിലായി, ശത്രുതാപരമായി ഇടപ്പെടുന്ന ഒരു ലോകത്ത്(hostile world) ക്രിസ്തുവിന്റെ മനസ്സ് എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള ശക്തമായ ഒരു പഠനമാണ് ദാനിയേലിന്റെ ജീവിതം. ദാനിയേൽ വിട്ടുവീഴ്ച ചെയ്യുന്നതിനു പകരം ബോധ്യം (conviction) തിരഞ്ഞെടുത്തു. ജ്ഞാനത്തിലും മികവിലും നടന്നു. സമ്മർദ്ദത്തിൻ കീഴിലും വിശ്വസ്തനായി തുടർന്നു. വ്യക്തിപരമായ പ്രശസ്തി തേടുന്നതിനുപകരം അദ്ദേഹം ദൈവത്തിന് മഹത്വം നൽകി.

ദാനിയേൽ ബാബിലോണിലാണ് ജീവിച്ചത്, പക്ഷേ ബാബിലോൺ ഒരിക്കലും ദാനിയേലിന്റെ ഉള്ളിൽ പ്രവേശിച്ചിരുന്നില്ല. ഇന്ന് വിശ്വാസികൾ നേരിടുന്ന വെല്ലുവിളി അതാണ്.

പ്രലോഭനങ്ങളും, ആശയക്കുഴപ്പങ്ങളും, അഹങ്കാരവും, ആത്മീയ വിട്ടുവീഴ്ചകളും നിറഞ്ഞ ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. എന്നിട്ടും ദൈവം ഇപ്പോഴും തന്റെ ജനത്തെ വ്യത്യസ്തമായി ചിന്തിക്കാനും, ജീവിക്കാനും, നിൽക്കാനും വിളിക്കുന്നു.

ക്രിസ്തുവിന്റെ മനസ്സ് വിശ്വാസികളെ പ്രാപ്തരാക്കുന്നതാണ്. അഴിമതിനിറഞ്ഞ ലോകത്തു നിർമ്മലരായി തുടരുവാനും, സമ്മർദ്ദങ്ങളിൽ വിശ്വസ്തരായി തുടരാനും, ആശയക്കുഴപ്പങ്ങൾ നിറഞ്ഞ ഇടങ്ങളിലും ജ്ഞാനത്തോടെ നടക്കാനും പരിശീലിക്കുക. എല്ലാ സാഹചര്യങ്ങളിലും ദൈവത്തെ മഹത്വപ്പെടുത്തുക.

ദാനിയേലിന്റെ ജീവിതത്തിലെ ഏറ്റവും വലിയ അത്ഭുതം സിംഹങ്ങളെ അതിജീവിക്കുക എന്നതായിരുന്നില്ല. ജീവിതകാലം മുഴുവൻ ബാബിലോണിൽ വിശുദ്ധി നിലനിർത്തുക എന്നതായിരുന്നു അത്.

പലർക്കും ഒരുപക്ഷെ പ്രതിസന്ധിയെ അതിജീവിക്കാൻ കഴിയും, എന്നാൽ ദാനിയേൽ പതിറ്റാണ്ടുകളോളം വിശ്വസ്തനായി തുടർന്നു. ഇന്നത്തെ വിശ്വാസികൾ അതേ മനോഭാവം വളർത്തിയെടുക്കട്ടെ എന്നാണ് എന്റെ പ്രാർത്ഥന.

ഫിലിപ്പിയർ 2:5 നമ്മെ ഓർമ്മിപ്പിക്കുന്നതു “ക്രിസ്തുയേശുവിലുള്ള ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ.”

സഭ ക്രിസ്തുമനസ്സിനെ എല്ലാ ആധുനിക ബാബിലോണിലേക്കും കൊണ്ടുപോകുവാൻ ഒരുങ്ങട്ടെ.

Comments

Popular posts from this blog

1. ആത്മാവിനാൽ ജനിക്കുക(Born of the Spirit. John 3:4

2. മാനസാന്തരം ആശ്വാസകാലങ്ങൾ നൽകുന്നു(Repentance Brings Refreshing) Acts 3:19