8. ഒരു ദാസന്റെ മനസ് (A Servant Mindset)
8. ഒരു ദാസന്റെ മനസ് (A Servant Mindset)
മർക്കൊസ് 10:45
അധികാരിയെ പോലെയല്ല, ഒരു ദാസനെപ്പോലെ ചിന്തിക്കുന്നു. ഒരിക്കൽ ഒരു യുവാവായ പാസ്റ്റർ ഒറ്റയ്ക്ക് താമസിക്കുന്ന ഒരു വൃദ്ധനായ സഭാംഗത്തെ സന്ദർശിച്ചു. മടങ്ങി പോകുന്നതിനുമുമ്പ്, അദ്ദേഹം ആ വൃദ്ധന്റെ വീട്ടിൽ ചിതറികിടന്നിരുന്ന അഴുക്കുപുരണ്ട പാത്രങ്ങൾ നിശബ്ദമായി കഴുകുകയും ആരും പറയാതെതന്നെ അടുക്കള വൃത്തിയാക്കുകയും ചെയ്തു. ആ വൃദ്ധൻ പിന്നീടൊരിക്കൽ അതിനെകുറിച്ചു പറഞ്ഞതിങ്ങനെയാണ്, "അന്ന്, ഞാൻ ഒരു പ്രസംഗം കേട്ടില്ല – പക്ഷെ ഞാൻ ഒരു കാഴ്ച കണ്ടു." യഥാർത്ഥ ദാസന്മാർ ശ്രദ്ധ തേടുന്നില്ല; അവർ ശുശ്രൂഷിക്കാനുള്ള അവസരങ്ങൾ തേടുന്നു.
യേശു പറഞ്ഞു, താൻ "ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനാണ്" വന്നത്. ആളുകൾ സ്ഥാനമാനങ്ങൾക്കും അംഗീകാരത്തിനും അധികാരത്തിനും വേണ്ടി പോരാടുന്ന ഒരു ലോകത്ത്, ക്രിസ്തു വ്യത്യസ്തമായി ചിന്തിക്കാൻ ദൈവജനത്തെ ആഹ്വാനം ചെയ്യുന്നു. ഒരു ദാസമനോഭാവം ബലഹീനതയല്ല; അത് താഴ്മയിലൂടെ പ്രകടിപ്പിക്കുന്ന ക്രിസ്തുസമാന ശക്തിയാണ്.
പലരും നേതാക്കന്മാരാകുവാൻ ആഗ്രഹിക്കുന്നു, ചുരുക്കം ചിലർക്ക് ശുശ്രൂഷയുടെ തൂവാല വേണം. എല്ലാവരുടെയും കർത്താവായിരുന്ന യേശു വ്യത്യസ്തനായിരുന്നു. അശരണരെ ആശ്വസിപ്പിക്കാനും, തകർന്നിരിക്കുന്നവരെ സ്പർശിക്കാനും, വിശക്കുന്നവർക്ക് ഭക്ഷണം നൽകാനും, ശിഷ്യന്മാരുടെ പാദങ്ങൾ കഴുകാനും തന്നെത്തന്നെ താഴ്ത്തി. ദൈവരാജ്യത്തിലെ മഹത്വം അളക്കുന്നത് സ്ഥാനമാനങ്ങൾ അലങ്കരിക്കുന്നതിൽ കൂടെയല്ല, ശുശ്രൂഷയിലൂടെയാണെന്ന് അദ്ദേഹം കാണിച്ചുതന്നു.
മർക്കൊസ് 10:45ൽ “മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല, ശുശ്രൂഷിപ്പാനും അനേകർക്കുവേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും അത്രെ വന്നതു.” എന്നു വായിക്കുന്നു.
ഈ ഒരു വാക്യം യേശുവിന്റെ ഹൃദയത്തെയും മനോഭാവത്തെയും വെളിപ്പെടുത്തുന്നു. അവൻ എല്ലാവരുടെയും കർത്താവാണ്, എന്നാലും അവൻ ശുശ്രൂഷ ആവശ്യപ്പെട്ടല്ല വന്നത് - അവൻ ശുശ്രൂഷ ചെയ്യുവാനായി തന്നെത്തന്നെ സമർപ്പിച്ചു. ക്രിസ്തുവിന്റെ മനസ്സ് അടിസ്ഥാനപരമായി ഒരു ദാസന്റെ മനോഭാവമാണെന്ന് ഇത് നമ്മെ കാണിക്കുന്നു.
1. ഒരു ദാസന്റെ മനോഭാവം സ്വത്വത്തിൽ(Identity) നിന്നാണ് ആരംഭിക്കുന്നത്
യേശുവിന് തന്റെ സ്വത്വത്തെക്കുറിച്ച് യാതൊരു സംശയവും ഉണ്ടായിരുന്നില്ല. യോഹന്നാൻ 13:3–5ൽ വായിക്കുന്നതുപോലെ, പിതാവു സകലവും തന്റെ കയ്യിൽ തന്നിരിക്കുന്നു എന്നും താൻ ദൈവത്തിന്റെ അടുക്കൽനിന്നു വന്നു ദൈവത്തിന്റെ അടുക്കൽ പോകുന്നു എന്നും യേശു അറിഞ്ഞിരിക്കെ.... എന്നു വായിക്കുന്നു. നമുക്കിവിയെ മനസ്സിലാകുന്നത്, അവൻ അധികാരം തെളിയിക്കാൻ ശ്രമിക്കുകയല്ല; മറിച്ച് ശിഷ്യന്മാരുടെ പാദങ്ങൾ കഴുകാൻ താണുവരികയാണ്.
അംഗീകാരം തേടുവാൻ ആഗ്രഹിക്കുന്നു എന്നത് അരക്ഷിതാവസ്ഥയുള്ള മനുഷ്യരുടെ പ്രത്യേകതയാണ്. “തന്നെ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ?” എന്ന ചിന്ത അവനെ അലട്ടികൊണ്ടിരിക്കും. എന്നാൽ ദൈവത്തിൽ തന്റെ അസ്തിത്വം കണ്ടെത്തിയവൻ മറ്റുള്ളവരെ ഉയർത്താൻ തയ്യാറാകും. കാരണം അവന് സ്വന്തം മൂല്യം തെളിയിക്കേണ്ട ആവശ്യമില്ല തന്നെ.
ഈയൊരു ദാസമനോഭാവം ബലഹീനതയിൽ നിന്നല്ല ഉദിക്കുന്നത്; ദൈവം നമ്മെ സ്നേഹിക്കുന്നു, സ്വീകരിക്കുന്നു, തന്റെ മക്കളായി വിളിക്കുന്നു എന്ന അടിയുറച്ച തിരിച്ചറിവിൽ നിന്നാണ് അത് ആരംഭിക്കുന്നത്. “ഞാൻ ദൈവത്തിന്റേതാണ്” എന്ന ആത്മവിശ്വാസം ഉള്ളവനാണ് യഥാർത്ഥത്തിൽ താഴ്മയോടെ ശുശ്രൂഷിക്കാൻ കഴിയുന്നത്.
2. ദാസമനോഭാവം ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാൻ തയ്യാറാകുന്നു
യേശുവിന്റെ ജീവിതം മുഴുവൻ ഒരു ദാസ മനോഭാവത്തിന്റെ പ്രതിഫലനമായിരുന്നു എന്നു പറയുന്നതു വളരെ ശരിയാണ്. അവൻ ജനങ്ങളുടെ പ്രശംസ തേടിയില്ല; പകരം തകർന്നുടഞ്ഞ ഹൃദയങ്ങളെയും വേദനിക്കുന്ന മനുഷ്യരെയും അന്വേഷിച്ചു. മനുഷ്യന്റെ വീണുപോയ സ്വഭാവം എപ്പോഴും സ്വാർത്ഥതയിലേക്ക് വഴുതുന്നതാണ്. “എനിക്ക് എന്ത് ലാഭമുണ്ടാകും?” എന്ന ചിന്തയാണ് ലോകത്തിന്റെ ചിന്ത. എന്നാൽ ക്രിസ്തുവിന്റെ മനസ്സ് സ്നേഹത്തിലും സേവനത്തിലും പ്രകടമാകുന്നു.
ലൂക്കോസ് 10:33–35-ൽ നല്ല ശമര്യക്കാരൻ ശ്രദ്ധിച്ചാൽ, വഴിയരികിൽ കിടന്ന മുറിവേറ്റ മനുഷ്യനെ കണ്ടപ്പോൾ അദ്ദേഹമവനെ അവഗണിച്ചില്ല എന്നു കാണാം. പുരോഹിതനും ലേവ്യനും ആ വഴി കടന്നുപോയെങ്കിലും ആ മനുഷ്യനെ സഹായിക്കുവാൻ ശ്രമിച്ചില്ല, ശമര്യക്കാരൻ വാഹനമൃഗത്തിൽ നിന്നും ഇറങ്ങി, അയാളെ ശുശ്രൂഷിക്കുകയും, സ്വന്തം കഴുതപ്പുറത്ത് കയറ്റി സുരക്ഷിത സ്ഥലത്ത് എത്തിക്കുകയും ചെയ്തു. അവൻ സമയവും പണവും സൗകര്യങ്ങളും ത്യജിച്ചു. കാരണം അവന്റെ ഹൃദയം അനുകമ്പാർദ്രമായിരുന്നു.
ഒരു ദാസ മനോഭാവം മറ്റുള്ളവരുടെ ആവശ്യങ്ങൾ കാണാൻ പഠിപ്പിക്കുന്നതാണ്. അത് വെറും സഹതാപം കാണിക്കുന്നതിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല; പ്രവർത്തിയിലേക്ക് നയിക്കും. വീട്ടിലോ സഭയിലോ സമൂഹത്തിലോ ഏതു സ്ഥലത്താണെങ്കിലും യഥാർത്ഥ ക്രിസ്തീയത തെളിയുന്നത് സ്നേഹത്തോടെ മറ്റുള്ളവരെ സേവിക്കുമ്പോഴാണ്. ദൈവത്തിന്റെ ഹൃദയം മറ്റുള്ളവരുടെ വേദനയെ സ്പർശിക്കുന്ന ഹൃദയമാണ്. അതുകൊണ്ട് ക്രിസ്തുവിനെ അനുഗമിക്കുന്നവർ ചോദിക്കേണ്ടത്: “ഇന്ന് എനിക്ക് ആരുടെ ജീവിതത്തിൽ ഒരു അനുഗ്രഹമാകാൻ കഴിയും?” എന്നതാണ്.
3. ഒരു ദാസ മനോഭാവം ത്യാഗസന്നദ്ധമാണ്.
മാർക്കോസ് 10:45-ൽ യേശു തന്റെ ദൗത്യഹൃദയം വെളിപ്പെടുത്തി: “അനേകർക്കുവേണ്ടി തന്റെ ജീവൻ മറുവിലയായി കൊടുക്കുവാൻ.” ഈ വാക്കുകൾ നമ്മെ പഠിപ്പിക്കുന്നത് യഥാർത്ഥ ശുശ്രൂഷ എപ്പോഴും ത്യാഗപരമാണെന്നതാണ്. ശുശ്രൂഷ എന്നത് സമയം കിട്ടുമ്പോൾ മാത്രം ചെയ്യുന്ന കാര്യമല്ല; ചിലപ്പോൾ സ്വന്തം സൗകര്യങ്ങൾ മാറ്റിവെച്ച് മറ്റുള്ളവരുടെ ആവശ്യങ്ങൾക്കായി ജീവിക്കുന്നതുമാണ്.
മത്തായി 14:13–21-ൽ യേശു ക്ഷീണിതനായി ഒറ്റക്കിരിക്കുവാൻ ആഗ്രഹിച്ചു. എങ്കിലും ജനക്കൂട്ടം അവനെ പിന്തുടർന്നു വന്നപ്പോൾ അവൻ അവരെ നിരസിച്ചില്ല. അവൻ കരുണയോടെ അവരെ സ്വീകരിക്കുകയും പഠിപ്പിക്കുകയും, രോഗികളെ സൗഖ്യമാക്കുകയും ചെയ്തു. തുടർന്നു വിശന്നിരുന്നവരെ അപ്പംനൽകി പുലർത്തി. തന്റെ വിശ്രമത്തെക്കാളും ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ യേശു അതീവ ജാഗ്രത പുലർത്തി എന്നു കാണാവുന്നതാണ്. അതാണ് ഒരു ദാസന്റെ ഹൃദയം.
അതുപോലെ, 2 കൊരി 11:23–28-ൽ അപ്പോസ്തലനായ പൗലോസ് തന്റെ ശുശ്രൂഷയ്ക്കായി സഹിച്ച വേദനക വിവരിക്കുന്നുണ്ട്—തടവിലാകുന്നതു, അടിയേൽക്കുന്നതു, വിശപ്പ്, കഷ്ടപ്പാടുകൾ, അപകടങ്ങൾ. എങ്കിലും അവൻ പിന്നോട്ടു പോയില്ല. കാരണം അവന്റെ ലക്ഷ്യം സ്വന്തം സുഖമല്ല, ക്രിസ്തുവിന്റെ ദൗത്യനിർവ്വഹണം ആയിരുന്നു.
ഇന്നും യഥാർത്ഥ ക്രിസ്തീയ ശുശ്രൂഷ വിലയുള്ളതാണ്. ഒരു രോഗിയെ സന്ദർശിക്കാൻ സമയം ചെലവിടണ്ടതുണ്ട്, വേദനിക്കുന്നവരെ കേൾക്കാൻ ക്ഷമയോടെ പെരുമാറേണ്ടതുണ്ടു, കൂടാതെ ആവശ്യക്കാരെ സഹായിക്കാൻ സ്വന്തം വിഭവങ്ങൾ പങ്കിടണം. ചിലപ്പോൾ മറ്റുള്ളവർക്കുവേണ്ടി പ്രവർത്തിക്കുമ്പോൾ അംഗീകാരം പോലും ലഭിക്കാതെ വരാം. പകരം കൂറ്റപ്പെടുത്തലുകൾ ഏറിയേക്കാം. എന്നിരുന്നാലും ദൈവത്തിന്റെ ദൃഷ്ടിയിൽ അത്തരം ശുശ്രൂഷ എന്നും അമൂല്യമാണ്.
ഒരു ദാസ മനോഭാവം ചോദിക്കുന്നത്: “എനിക്ക് എത്ര ചെലവാകും?” എന്നല്ല; “ക്രിസ്തുവിന്റെ സ്നേഹം എങ്ങനെ പ്രകടമാക്കാം?” എന്നതാണ്. യേശുവിനെപ്പോലെ ശുശ്രൂഷിക്കുന്നവർക്ക് ത്യാഗം ഭാരമല്ല, സ്നേഹത്തിന്റെ പ്രകടനമാണ്.
ഒരു ദാസന്റെ മാനസികാവസ്ഥ, അത് ചെലവേറിയതാണെങ്കിൽ പോലും നൽകുവാൻ ഒരുക്കമുള്ളതാണ്.
4. ഒരു ദാസന്റെ മനസ് അംഗീകാരം തേടുന്നില്ല
യഥാർത്ഥ ദാസന്മാർ മനുഷ്യരുടെ പ്രശംസയും അംഗീകാരവും തേടുവാനായിട്ടല്ല ശുശ്രൂഷിക്കുന്നത്; അവർ ദൈവത്തെ സ്നേഹിക്കുന്നതിനാലും അവന്റെ ഇഷ്ടം ചെയ്യുവാനുമാണ് ശുശ്രൂഷിക്കുന്നത്. മത്തായി 8:4-വാക്യത്തിൽ, രോഗശാന്തി ലഭിച്ച മനുഷ്യനോട് അത് എല്ലാവരോടും പരസ്യപ്പെടുത്തരുതെന്ന് യേശു നിഷ്കർഷയോടെ പറഞ്ഞത് അവന്റെ ഹൃദയഭാവം എങ്ങനെയുള്ളതെന്നു വെളിപ്പെടുത്തുന്ന നല്ലൊരു ഉദാഹരണമാണ്. യേശുവിന്റെ ജീവിതലക്ഷ്യം ജനപ്രീതി നേടുക എന്നതല്ലായിരുന്നു; സ്വർഗ്ഗീയപിതാവിന്റെ ഹിതം നിറവേറ്റുക എന്നതായിരുന്നു. അതുകൊണ്ടാണ് അവൻ എപ്പോഴും നിശബ്ദതയോടെയും താഴ്മയോടെയും ശുശ്രൂഷിച്ചത്.
അതുപോലെതന്നെ, 1 ശമുവേൽ 16:19-ൽ ദാവീദിന്റെ ജീവിതം ഒരു ദാസന്റെ യഥാർത്ഥ മനോഭാവം എങ്ങനെയുള്ളത് ആയിരിക്കണമെന്നു നമ്മെ പഠിപ്പിക്കുന്നതാണ്. ശൗൽ രാജാവ് അവനെ അസൂയ നിമിത്തം ദാവിദിനെ വെറുക്കുകയും, ഉപദ്രവിക്കുകയും, കൊല്ലുവാൻ പോലും ശ്രമിക്കുകയും ചെയ്തു. എന്നിരുന്നാലും ദാവീദ് തെല്ലും അവിശ്വസ്ഥത കാണിക്കുവാൻ തുനിഞ്ഞില്ല. അധികാരം സ്വന്തമാക്കുവാൻ അവൻ ദുഷ്ടലാക്കോടെ പ്രവർത്തിക്കുകയല്ല; ദൈവത്തിന്റെ സമയത്തിനായി ക്ഷമയോടെ കാത്തിരുന്നു. പ്രതികാരത്തിന് പകരം വിനയവും ക്ഷമയും തിരഞ്ഞെടുത്തു.
യഥാർത്ഥ ദാസൻ മറഞ്ഞിരിക്കുന്ന ഇടങ്ങളിൽ പോലും വിശ്വസ്തതയോടെ പെരുമാറുന്ന വ്യക്തിത്വമായിരിക്കും എന്നതാണ് വാസ്തവം.. ആളുകൾ കാണുന്ന വേദികളിൽ മാത്രമല്ല, ആരും ശ്രദ്ധിക്കാത്ത ചെറിയ ഉത്തരവാദിത്വങ്ങളിലും അവൻ ആത്മാർത്ഥത ഉള്ളവനായിരിക്കും. ആരും അഭിനന്ദിക്കാതിരിക്കുമ്പോഴും അവൻ ശുശ്രൂഷിക്കുന്നതു നിർത്തുകയില്ല, തന്റെ ദൌത്യത്തിൽ നിന്നു പിൻതിരിയുകയില്ല. കാരണം അവന്റെ ഹൃദയവാഞ്ച മനുഷ്യരുടെ കൈയടിയല്ല; മറിച്ചു ദൈവത്തെ പ്രസാദിപ്പിക്കണമെന്നുള്ള ആന്തരിക ആഗ്രഹമാണ്. അത്തരത്തിലുള്ള ശുശ്രൂഷയാണ് ദൈവരാജ്യത്തിൽ വിലപ്പെട്ടത്.
5. ദാസന്റെ മനസ് ദൈവരാജ്യ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നു
മർക്കോസ് 10:43–44-ൽ യേശു മഹത്വത്തിന്റെ അർത്ഥം പൂർണ്ണമായി മാറ്റി: “നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവൻ എല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം.” ലോകത്തിന്റെ കാഴ്ചപ്പാടിൽ മഹത്വം അധികാരവും പ്രശസ്തിയും സ്വാധീനങ്ങളുമാണ്. എന്നാൽ ദൈവരാജ്യത്തിൽ മഹത്വം താഴ്മയിലും സ്നേഹത്തിലും ത്യാഗപൂർണ്ണമായ ശുശ്രൂഷയിലുമാണ് കാണപ്പെടുന്നത്. യേശു തന്നെ ഇതിന്റെ ഏറ്റവും വലിയ മാതൃകയായി ജീവിച്ചു എന്നുള്ളത് എത്ര ശ്രേഷ്ഠമായ കാര്യമാണ്. അവൻ രാജാവായിരുന്നെങ്കിലും ദാസരൂപം എടുത്തു മനുഷ്യരെ ശുശ്രൂഷിച്ചു.
പുറപ്പാട: 3–14-ൽ മോശ തന്റെ ബലഹീനതയേക്കുറിച്ച് ഭയപ്പെട്ടു. “ഞാൻ എന്തു മാത്രമുള്ളു?” എന്ന് ചോദിച്ച അവൻ ദൈവവിളിയിൽ നിന്ന് പിന്മാറാൻ ശ്രമിച്ചു. എന്നാൽ ദൈവം അവനോടൊപ്പം നിന്നപ്പോൾ, അവനെ ശക്തീകരിച്ചപ്പോൾ അവൻ ഒരു ഇസ്രായേലിനെ അടിമത്തത്തിൽ നിന്ന് വിടുവിക്കുന്ന നേതാവായി മാറി. സ്വന്തം കഴിവിൽ അല്ല, ദൈവത്തിന്റെ ശക്തിയിൽ ആശ്രയിക്കുന്ന ശുശ്രൂഷയാണ് ദൈവമഹത്വത്തിനു കാരണമാകുന്നതു എന്ന് മോശയുടെ ജീവിതം പഠിപ്പിക്കുന്നു.
അതുപോലെ, രൂത്ത് 2-ൽ, രൂത്ത് തന്റെ അമ്മായിയമ്മയായ നവോമിയെ സ്നേഹത്തോടും വിശ്വസ്തതയോടും കൂടി ശുശ്രൂഷിച്ചു. വയലിൽ കഠിനമായി അദ്ധ്വാനിച്ച അവളുടെ ചെറിയ പ്രവർത്തികൾ പോലും ദൈവത്തിന്റെ ദൃഷ്ടിയിൽ വിലപ്പെട്ടതായിരുന്നു. അവളുടെ വിശ്വസ്തത പിന്നീട് അനുഗ്രഹത്തിനും വീണ്ടെടുപ്പിനും വഴിയായി.
ദൈവം വലിയ വേദികളിൽ മാത്രം പ്രവർത്തിക്കുന്നവരെ മാത്രമല്ല അന്വേഷിക്കുന്നത്; ചെറിയ കാര്യങ്ങളിൽ വിശ്വസ്തരായി നിലകൊള്ളുന്ന ഹൃദയങ്ങളെയും അവൻ ആദരിക്കുന്നു എന്നുള്ള തിരിച്ചറിവു നമ്മെ നയിക്കട്ടെ. ആരും കാണാത്ത ഇടങ്ങളിലെ വിശ്വസ്തതയാണ് യഥാർത്ഥ ആത്മീയ മഹത്വം.
ഒരു ദാസന്റെ മനസ് വികസിപ്പിക്കാനുള്ള പ്രായോഗിക വഴികൾ
ദൈവസ്നേഹം ഹൃദയത്തിൽ നിറഞ്ഞാൽ ശുശ്രൂഷ ഒരു ബാധ്യതയല്ല, സന്തോഷമാകും.
• ദിവസേന മറ്റുള്ളവരെ ശുശ്രൂഷിക്കുവാനുള്ള അവസരങ്ങൾ അന്വേഷിക്കുക. ഫിലിപ്പ്യർ 2;4
• നന്ദിയോ പ്രതിഫലമോ പ്രതീക്ഷിക്കാതെ ശുശ്രൂഷിക്കുക. ലൂക്കോസ് 17:10
• ചെറിയതും ആരും കാണാത്തതുമായ, ശ്രദ്ധിക്കാത്തതുമായ കാര്യങ്ങളിൽ പോലും വിശ്വസ്തനായിരിക്കുക. മത്തായി 25:21
• പ്രശംസയെക്കാൾ താഴ്മ തിരഞ്ഞെടുക്കുക. യാക്കോബ് 4:10, ഫിലിപ്പ്യർ 2:3,
• ഓരോ തീരുമാനത്തിനുമുമ്പ്, “ഈ സാഹചര്യത്തിൽ യേശു എന്ത് ചെയ്യുമായിരുന്നു?” എന്ന് ചോദിച്ച് ജീവിക്കുക.
ഒടുവിലായി, യേശു ശുശ്രൂഷ എന്തെന്നു പഠിപ്പിക്കുക മാത്രമല്ല ചെയ്തത്—അവൻ അത് പൂർണ്ണമായി പ്രായോഗിക ജീവിതത്തിലേക്കു പകർത്തി. മറ്റുള്ളവരെ സ്നേഹിക്കുന്നതിനും ശുശ്രൂഷിക്കുന്നതിനും കരുതുന്നതിനും അദ്ദേഹത്തിന്റെ ജീവിതവും ഒരു ഉദാഹരണമായിരുന്നു.
ക്രിസ്തുവിന്റെ മനസ്സ് ഉണ്ടായിരിക്കുക എന്നതിനർത്ഥം ഒരു ശുശ്രൂഷകന്റെ മനസ് വികസിപ്പിക്കുക എന്നതാണ്:
• നിങ്ങളുടെ വീട്ടിൽ
• നിങ്ങളുടെ ശുശ്രൂഷയിൽ
• നിങ്ങളുടെ ദൈനംദിന ഇടപെടലുകളിൽ
നിങ്ങൾ ഒരു ദാസനെപ്പോലെ ചിന്തിക്കാൻ തുടങ്ങുമ്പോൾ, നിങ്ങൾ ക്രിസ്തുവിനെപ്പോലെ ജീവിക്കാൻ തുടങ്ങുന്നു.
ദൈവരാജ്യത്തിലെ യഥാർത്ഥ മഹത്വം എത്ര പേർ നിങ്ങളെ ശുശ്രൂഷിക്കുന്നു എന്നതിലല്ല—മറിച്ച് നിങ്ങൾ എത്ര പേരെ ശുശ്രൂഷിക്കുന്നു എന്നതിലാണ്.
Comments
Post a Comment