3. ക്രിസ്തുവിന്റെ മനസ്സ് –ഉറവിടം
3. ക്രിസ്തുവിന്റെ മനസ്സ് – ഉറവിടം.
വളരെ ഗഹനവും ചിന്തനീയവുമായ ഒരു വിഷയമാണ് നമ്മുടെ തലവാചകത്തിൽ കാണുന്നത്. “എവിടെയാണ് ഇതിന്റെ ഉറവിടം?”. ഈ ചോദ്യം മനുഷ്യമനസ്സിന്റെ ഏറ്റവും അടിസ്ഥാനപരമായ അന്വേഷണങ്ങളിൽ ഒന്നാണെന്നു പറയുവാൻ ഞാൻ തുനിയട്ടെ.
എല്ലാറ്റിനും ഒരു ആരംഭം ഉണ്ടെന്ന് നാം സമ്മതിക്കുന്നുവെങ്കിൽ, ഈ വിഷയത്തിനും ഒരു ഉറവിടം ഉണ്ടാകണം എന്നുള്ളതു സ്വാഭാവികമായ കാര്യമല്ലേ. എന്നാൽ ഈ അടിസ്ഥാനപരമായ ചോദ്യത്തിന് തൃപ്തികരമായ ഉത്തരം നൽകാൻ മറ്റാർക്കും കഴിയുമെന്നു തോന്നുന്നില്ല.
കാരണം, നാം അന്വേഷിക്കുന്നത് ഭൗതികതലത്തിലുള്ള എന്തെങ്കിലും ഒരു കാര്യമല്ല; ഒരു ആത്മീയ യാഥാർത്ഥ്യമാണ് നമ്മുടെ അന്വേഷണവിഷയം. അതിനാൽ, ഭൗതികമായ ഉപാധികൾകൊണ്ട് അതിനെ പൂർണ്ണമായി ഗ്രഹിക്കാൻ കഴിയില്ല. ഇവിടെയാണ് തിരുവെഴുത്തിന്റെ പ്രാധാന്യം കടന്നു വരുന്നത്. മനുഷ്യബുദ്ധിക്കതീതമായ ദൈവീക വെളിപ്പെടുത്തലിലേക്കാണ് തിരുവെഴുത്ത് നമ്മെ നയിക്കുന്നത് ഓർക്കുക. സത്യത്തിന്റെ ഉറവിടം വെളിപ്പെടുത്തുന്നത് ദൈവവചനമാണ്.
അതിനാൽ, ഈ ചോദ്യം ശരിയായ ദിശയിൽ പര്യവസാനിക്കണമെങ്കിൽ, തിരുവെഴുത്തിലേക്കു തിരിയുക എന്നതു നമ്മുടെ മുമ്പിൽ അവശേഷിക്കുന്നുള്ളു. നമുക്ക് കണ്ടെത്താനുള്ളതു ഒരു സിദ്ധാന്തമല്ല, ജീവന്റെ ഉറവിടമായ ദൈവത്തെതന്നെയാണ്. യെശയ്യാവ് 34:16ൽ “യഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ചു വായിച്ചു നോക്കുവിൻ. അവയിൽ ഒന്നും കാണാതിരിക്കുകയില്ല” എന്നു വായിക്കുന്നില്ലേ.
വിശുദ്ധബൈബിളിൽ 1 കൊരിന്ത്യർ 2:10–12 “നമുക്കോ ദൈവം തന്റെ ആത്മാവിനാൽ വെളിപ്പെടുത്തിയിരിക്കുന്നു; ആത്മാവു സകലത്തെയും ദൈവത്തിന്റെ ആഴങ്ങളെയും ആരായുന്നു. മനുഷ്യനിലുള്ളതു അവനിലെ മാനുഷാത്മാവല്ലാതെ മനുഷ്യരിൽ ആർ അറിയും? അവ്വണ്ണം തന്നേ ദൈവത്തിലുള്ളതു ദൈവാത്മാവല്ലാതെ ആരും ഗ്രഹിച്ചിട്ടില്ല. നാമോ ലോകത്തിന്റെ ആത്മാവിനെ അല്ല, ദൈവം നമുക്കു നല്കിയതു അറിവാനായി ദൈവത്തിൽനിന്നുള്ള ആത്മാവിനെ അത്രേ പ്രാപിച്ചതു..”
ക്രിസ്തുവിന്റെ മനസ്സ് വിശ്വാസിയുടെ ആത്മീയ അവകാശമാണെങ്കിൽ, ഉയർന്നു വരുന്ന പ്രധാന ചോദ്യം: അത് എവിടെ നിന്ന് വരുന്നു?. തിരുവെഴുത്തു പറയുന്നത്. അപ്പോസ്തലനായ പൗലോസിന്റെ വാക്കുകൾ വ്യക്തവും ശക്തവുമാണ്. തർക്കമില്ലാത്തവിധം പൌലോസ് അപ്പോസ്തലൻ അതു ഉറപ്പിക്കുന്നു. ക്രിസ്തുവിന്റെ മനസ്സ് പരിശുദ്ധാത്മാവിലൂടെയാണ് വരുന്നത് എന്നു ഉറപ്പു തരുന്നു.
ക്രിസ്തുവിന്റെ മനസ്സ് മാനുഷിക ബുദ്ധിയുടെയോ ഉന്നത വിദ്യാഭ്യാസത്തിന്റെയോ ജീവിതാനുഭവങ്ങളുടെയോ ഫലമായി നേടാനാൻ കഴിയുന്നതല്ല. ഇവ നമ്മെ അറിവിലും പ്രായോഗികതയിലും വളരുവാൻ ഉപകരിക്കുന്നതായിരിക്കാം. പക്ഷേ ദൈവികചിന്തയും ആത്മീയ ഉൾക്ഴ്ചയും നൽകാൻ അവയ്ക്ക് പരിമിതികളുണ്ട്. ക്രിസ്തുവിന്റെ മനസ്സ് പരിശ്രമത്തിന്റെ ഫലമാണെന്നു വിചാരിക്കരുത്; അത് പരിശുദ്ധാത്മാവിന്റെ പ്രവർത്തനഫലമാണ്. മനുഷ്യബുദ്ധി വിവരശേഖരണത്തിനു സഹയകരമാണ്, അനുഭവങ്ങൾ ജീവിതപാഠങ്ങൾ നൽകുന്നതായിരിക്കാം, എന്നാൽ ഹൃദയത്തിന്റെ ആന്തരികമായ രൂപാന്തരം പരിശുദ്ധാത്മ പ്രവർത്തിയാണ്. അതിനാൽ, ഈ മനോഭാവം പഠിച്ചറിയുന്നതിലൂടെയോ പരിശീലനത്തിലൂടെയോ ലഭ്യമാകുന്നതല്ല; മറിച്ച് ദൈവവുമായുള്ള അഭേദ്യമായ ബന്ധത്തിലൂടെയും ആത്മാവിനോടുള്ള വിധേയത്തത്തിലും മാത്രമാണ് അത് നമ്മുടെ ഉള്ളിൽ രൂപപ്പെടുന്നത്.
ദൈവാത്മാവിനാൽ അത് വെളിപ്പെടുത്തപ്പെടുകയും പകർന്നു നൽകപ്പെടുകയും സജീവമാക്കപ്പെടുകയും ചെയ്യുന്നു. പരിശുദ്ധാത്മാവിൽ അല്ലാതെ, ക്രിസ്തുവിന്റെ മനസ്സ് അപ്രാപ്യമായി തുടരുന്നതാണ്. എന്നാൽ പരിശുദ്ധാത്മാവുണ്ടെങ്കിൽ, നമ്മുടെ ഉള്ളിൽ അതൊരു ജീവനുള്ള യാഥാർത്ഥ്യമായി മാറുന്നു.
1. പരിശുദ്ധാത്മാവ് ദൈവത്തിന്റെ ആഴമേറിയ കാര്യങ്ങൾ വെളിപ്പെടുത്തുന്നു
1 കൊരിന്ത്യർ 2:10ൽ, ആത്മാവു സകലത്തെയും ദൈവത്തിന്റെ ആഴങ്ങളെയും ആരായുന്നു എന്നു വായിക്കുന്നു. പരിശുദ്ധാത്മാവ് ജ്ഞാനത്തിൽ പരിമിതിയുള്ളവനാണെന്നു ധരിക്കരുത്— ദൈവഹൃദയത്തിലെ ചിന്തകളും, ഉദ്ദേശ്യങ്ങളും, രഹസ്യങ്ങളും അവനറിയുന്നു. ഒരു വ്യക്തിക്കു സ്വന്തം ചിന്തകളെ അറിയാൻ കഴിയുന്നതുപോലെ, ആത്മാവ് ദൈവത്തിന്റെ ചിന്തകളെ പൂർണ്ണമായി അറിയുന്നു. അതൊരു വെളിപ്പാടാണ്. യോഹന്നാൻ 16:13 “സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും...” ഈ തിരുവെഴുത്തു എന്താണ് പറയുന്നത്. സത്യം വെളിപ്പെടുത്തുക, വിശ്വാസികളെ നയിക്കുക, ദൈവത്തിൽ നിന്നുള്ള സന്ദേശങ്ങൾ അറിയിക്കുക തുടങ്ങിയവയെല്ലാം പരിശുദ്ധാത്മാവ് ചെയ്യുമെന്നല്ലേ യേശു വാഗ്ദാനം ചെയ്യുന്നത്. ഇതു നമ്മോടു പറയുന്നതു ക്രിസ്തുവിന്റെ മനസ്സ് ആരംഭിക്കുന്നത് പരിശുദ്ധാത്മാവിൽ ലഭ്യമാകുന്ന ദൈവിക വെളിപ്പെടുത്തലോടെയാണ് എന്നു മനസ്സിലാക്കാവുന്നതാണ്.
2. പരിശുദ്ധാത്മാവ് ആത്മീയ സത്യത്തെ മനസ്സിലാക്കാൻ സഹായിക്കുന്നു
1 കൊരിന്ത്യർ 2:11 “ദൈവത്തിലുള്ളതു ദൈവാത്മാവല്ലാതെ ആരും ഗ്രഹിച്ചിട്ടില്ല.” സ്വാഭാവികമായ യുക്തിബോധംകൊണ്ട് മാത്രം ആത്മീയ സത്യം മനസ്സിലാക്കാൻ കഴിയില്ല. വിദ്യാഭ്യാസമുള്ള ഒരുവനു തിരുവെഴുത്ത് പഠിക്കുക, ദൈവശാസ്ത്രം വിശകലനം ചെയ്യുക എന്നിവയെല്ലാം ചെയ്യാൻ കഴിയും. നമ്മുടെ മുന്നിൽ വളരെ സമർത്ഥരായ അത്തരക്കാരെ ധാരാളമായി കാണുവാൻ കഴിയും. ദൈവവചനത്തിൽ അധിഷ്ടിതമായ, ഗഹനമായ എത്ര വ്യാഖ്യാന പുസ്തകങ്ങലുടെ രചയിതാക്കുളുമാകട്ടെ. സമൂഹത്തിൽ ഏതെല്ലാം നിലകളിൽ മാനിക്കപ്പെടുന്നവരുമായിരിക്കട്ടെ. അവരിൽ എത്ര പേർക്കു യഥാർത്ഥ സത്യദൈവത്തെ അറിയുവാനും അനുഭവിക്കുവാനും കഴിയുന്നുണ്ട്. അവരുടെ അവകാശവാദങ്ങളിൽ എത്രമാത്രം സത്യമുണ്ട്. പരിശുദ്ധാത്മാവിലല്ലാതെ ആത്മീയ യാഥാർത്ഥ്യത്തെ പൂർണ്ണ അർത്ഥതലത്തിൽ മനസ്സിലാക്കാൻ കഴിയില്ല. ആത്മീയത യുക്തിചിന്തകൾകൊണ്ടു അളക്കുവാൻ കഴിയുന്നതല്ല. യേശുവിനെ തേടിവന്ന പരീശപ്രമാണിയായ നിക്കോദിമോസിനോടു ചോദിച്ചാൽ അവൻ തന്റെ പരാജയത്തെ തുറന്നു സമ്മതിക്കും.
ലൂക്കോസ് 24:45 “തിരുവെഴുത്തുകളെ തിരിച്ചറിയേണ്ടതിന്നു അവരുടെ ബുദ്ധിയെ തുറന്നു”. യേശുവിനോടൊപ്പം നടന്ന ശിഷ്യന്മാർക്കും ആത്മീയ പ്രകാശം ആവശ്യമായിരുന്നു എന്നു നാം തിരുവെഴുത്തിൽ വായിക്കുന്നു. ആത്മാവ് മനസ്സ് (ആത്മനേത്രങ്ങൾ) തുറക്കുമ്പോൾ മനസ്സിലാക്കുന്നത് സാധ്യമാകയുള്ളുവെന്നു ഇത് കാണിക്കുന്നു. 2 രാജാക്കന്മാർ 6:17, ഉല്പത്തി 21:19
3. വിശ്വാസികൾക്ക് പരിശുദ്ധാത്മാവ് നൽകപ്പെടുന്നു
ഇനിയും 1 കൊരിന്ത്യർ 2:12, “ദൈവം നമുക്കു നല്കിയതു അറിവാനായി ദൈവത്തിൽനിന്നുള്ള ആത്മാവിനെ അത്രേ പ്രാപിച്ചതു.” ക്രിസ്തുവിന്റെ മനസ്സിന്റെ ഉറവിടം തിരുവെഴുത്തിനു പുറമെയും സാധ്യമെന്ന ധാരണ മാറണം—ആന്തരികമായ ഒരു ദിവ്യയാഥാർത്ഥ്യമാണത്. പരിശുദ്ധാത്മാവ് ഓരോ വിശ്വാസിയിലും വസിക്കുന്നു. ഇത് ഒരു താൽക്കാലികമായ ഒരു സ്വാധീനമോ, ഇടയ്ക്കിടെ ലഭിക്കുന്ന മാർഗനിർദേശമോ അല്ല. മറിച്ച്, അത് നമ്മിൽ സ്ഥിരമായി നിലനിൽക്കുന്ന ദൈവസാന്നിധ്യമാണ്—ജീവിക്കുന്നതും പ്രവർത്തിക്കുന്നതുമായ ഒരു ദിവ്യസാന്നിധ്യം.
പരിശുദ്ധാത്മാവ് നമ്മോടൊപ്പം മാത്രമല്ല; നമ്മിലും വസിക്കുന്നു.
നമ്മുടെ ചിന്തകളെ രൂപപ്പെടുത്തുന്നു, മനസ്സിനെ പുതുക്കുന്നു, ക്രിസ്തുദർശനത്തിൽ ജീവിതത്തെ കാണാൻ നമ്മെ പഠിപ്പിക്കുന്നു. അതുകൊണ്ട്, ക്രിസ്തുവിന്റെ മനസ്സ് പുറത്തുനിന്ന് പഠിക്കേണ്ടതായ ഒന്നല്ല; ഉള്ളിൽ നിന്ന് വെളിപ്പെടേണ്ടതാണ്. പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിലൂടെ, നമ്മുടെ ചിന്തകളും മനോഭാവങ്ങളും ക്രമേണ ക്രിസ്തുവിന്റെ സ്വഭാവവുമായി ഏകീഭവിക്കുന്നു.
ഇതൊരു അനുഭവം മാത്രമല്ല—ഒരു രൂപാന്തരീകരണ പ്രക്രിയയാണ്.
അനുദിനവും ആത്മാവിനോട് ചേർന്നു നടക്കുമ്പോൾ, നമ്മിൽ ക്രിസ്തുവിന്റെ മനസ്സ് കൂടുതൽ വ്യക്തമായി വെളിപ്പെടുവാൻ തുടങ്ങുന്നു. യോഹന്നാൻ 14:17, “ നിങ്ങളോ അവൻ നിങ്ങളോടു കൂടെ വസിക്കയും നിങ്ങളിൽ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു..” ആത്മാവ് സന്ദർശിക്കുക മാത്രമല്ല—അവൻ നമ്മിൽ വസിക്കുകയും ചെയ്യുന്നു. ഇക്കാരണത്താൽ ക്രിസ്തുവിന്റെ മനസ്സ് വിദൂരമായ ഒന്നല്ല—ആത്മാവിലൂടെ എത്തിച്ചേരാവുന്ന ദൂരത്താണ്.
4. ദൈവം എന്താണ് നൽകിയിരിക്കുന്നതെന്ന് അറിയാൻ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുന്നു
1 കൊരിന്ത്യർ 2:12 “...ദൈവം നമുക്കു നല്കിയതു അറിവാനായി ദൈവത്തിൽനിന്നുള്ള ആത്മാവിനെ അത്രേ പ്രാപിച്ചതു.” ക്രിസ്തുവിലുള്ള നമ്മുടെ വ്യക്തിത്വം, അവകാശം, ദൈവത്തിന്റെ ഇഷ്ടം വാഗ്ദാനങ്ങൾ എന്നിവയെല്ലാം ആത്മാവ് വെളിപ്പെടുത്തുന്നു. എഫെസ്യർ 1:17–18 “നിങ്ങളെ ഓർത്തുംകൊണ്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്വമുള്ള പിതാവുമായവൻ നിങ്ങൾക്കു തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ തരേണ്ടതിന്നും നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിച്ചിട്ടു.” വെളിപ്പാട് പ്രാപിക്കുവാനും ആത്മീയ യാഥാർത്ഥ്യങ്ങളെ വ്യക്തമായി കാണുകയും ചെയ്യുന്നതിനായി പൗലോസ് വിശ്വാസികൾക്കായി ഹൃദയപൂർവ്വം പ്രാർത്ഥിക്കുന്നതാണ് നാമിവിടെ കാണുന്നത്. ബുദ്ധിയിലൂടെ മാത്രമല്ല, ആത്മാവിന്റെ വെളിച്ചത്തിൽ സത്യത്തെ അനുഭവിക്കുകയും ഗ്രഹിക്കുകയും ചെയ്യുക എന്നതാണ് അവൻ ആഗ്രഹിക്കുന്നത്.
പരിശുദ്ധാത്മാവിന്റെ മുഖ്യ പ്രവർത്തനവും ഇതുതന്നെയാണ്. സത്യത്തെ വെളിപ്പെടുത്തുകയും, മറഞ്ഞിരിക്കുന്ന ആത്മീയ യാഥാർത്ഥ്യങ്ങളെ തുറന്നുകാട്ടുകയും, നമ്മുടെ അകകണ്ണുകൾ പ്രകാശിപ്പിക്കുകയും ചെയ്യുക.
പരിശുദ്ധാത്മാവ് സത്യത്തെ വെറും ബുദ്ധിപരമായ് അറിവായി മാത്രം അവശേഷിപ്പിക്കുകയല്ല; ജീവനുള്ള അനുഭവമായി മാറ്റുന്നു. അവൻ വചനത്തെ നമ്മിൽ ക്രിയാത്മകമാക്കുന്നു, സത്യത്തെ ഹൃദയത്തിൽ പതിപ്പിക്കുന്നു, നമ്മുടെ ചിന്തയിലും ജീവിതത്തിലും പ്രവർത്തിക്കുന്ന ശക്തിയായി മാറ്റുന്നു. സത്യം കേൾക്കുന്നതിൽ നിന്ന് അതിനെ ജീവിക്കുന്നതിലേക്ക് നമ്മെ നയിക്കുന്നത് പരിശുദ്ധാത്മാവാണ്. അവൻ സത്യത്തെ ദൂരെയുള്ള ഒരു ആശയമായി അല്ല, മറിച്ച് നമുക്ക് അനുഭവിക്കാവുന്ന, ജീവിക്കാവുന്ന യാഥാർത്ഥ്യമായി മാറ്റുന്നു.
5. പരിശുദ്ധാത്മാവ് നമ്മുടെ ചിന്തയെ രൂപാന്തരപ്പെടുത്തുന്നു
റോമർ 8:5–6ൽ “ജഡസ്വഭാവമുള്ളവർ ജഡത്തിന്നുള്ളതും ആത്മ സ്വഭാവമുള്ളവർ ആത്മാവിന്നുള്ളതും ചിന്തിക്കുന്നു...” പരിശുദ്ധാത്മാവ് സത്യം വെളിപ്പെടുത്തുക മാത്രമല്ല ചെയ്യുന്നത്—അവൻ നമ്മുടെ ചിന്തയെ പുനർനിർമ്മിക്കുന്നു.
നമ്മൾ വിലമതിക്കുന്നതെന്താണ്, എങ്ങനെ പ്രതികരിക്കുന്നു, എന്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുന്നത്—ഇവയെല്ലാം പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിലൂടെ ക്രമേണ രൂപാന്തരപ്പെടുന്നു. പ്രവൃത്തികൾ 10:9–16ൽ പത്രോസിന് ഉണ്ടായ ദർശനം ഈ മാറ്റത്തിന്റെ ശക്തമായ ഉദാഹരണമാണ്. ശുദ്ധവും അശുദ്ധവുമായ ഭക്ഷണങ്ങളെക്കുറിച്ചുള്ള യഹൂദന്മാരുടെ പരമ്പരാഗതമായ അബദ്ധധാരണകളിൽ ഉറച്ചുനിന്നിരുന്ന പത്രോസ്, ദൈവം നൽകിയ ദർശനത്തിലൂടെ തന്റെ ചിന്തകളിൽ തിരുത്തൽ അനുഭവിച്ചു. ദൈവം ശുദ്ധമാക്കിയതിനെ അശുദ്ധമെന്നു വിളിക്കരുതെന്ന സന്ദേശം അവന്റെ ഉള്ളിലെ വേർതിരിവിന്റെ മതിലുകൾ തകർത്തു. അവന്റെ ശുശ്രൂഷയുടെ ദിശ തന്നെ മാറ്റുന്നതായിരുന്നു—അവൻ ജാതികളിലേക്ക് ശുശ്രൂഷയുടെ കരങ്ങൾ നീട്ടുന്നതിലേക്കു അതു കാരണമായി, ദൈവത്തിന്റെ രക്ഷ എല്ലാവർക്കും അവകാശമുള്ളതാണെന്നു ഗ്രഹിച്ചു. ഈ ഭാഗത്തുനിന്നു നമുക്കു ലഭിക്കുന്ന സന്ദേശം, പരിശുദ്ധാത്മാവ് പഴയ മനോഭാവങ്ങളെ തകർത്തു, ദൈവത്തിന്റെ ഹൃദയത്തോടു ഒത്തുചേർന്നു ചിന്തിക്കുന്ന പുതിയ മനസ്സ് സൃഷ്ടിക്കുമ്പോഴാണ് ക്രിസ്തുവിന്റെ മനസ്സ് നമ്മിൽ പൂർണ്ണമായി രൂപപ്പെടുന്നത് എന്നതാണ്.
6. പരിശുദ്ധാത്മാവ് നമ്മെ എങ്ങനെ സംസാരിക്കണമെന്നും പ്രവർത്തിക്കണമെന്നും പഠിപ്പിക്കുന്നു
1 കൊരിന്ത്യർ 2:13 “അതു ഞങ്ങൾ മാനുഷജ്ഞാനം ഉപദേശിക്കുന്ന വചനങ്ങളാൽ അല്ല, ആത്മാവു ഉപദേശിക്കുന്ന വചനങ്ങളാൽ തന്നേ പ്രസ്താവിച്ചുകൊണ്ടു ആത്മികന്മാർക്കു ആത്മികമായതു തെളിയിക്കുന്നു..”
നമ്മുടെ ചിന്തകളും വാക്കുകളും പ്രവൃത്തികളും പരിശുദ്ധാത്മാവിന്റെ ശക്തമായ സ്വാധീനത്തിൽ പ്രത്യക്ഷമായും രൂപാന്തരപ്പെടുന്നു. പലരും കരുതുന്നതു പോലെ ക്രിസ്തുവിന്റെ മനസ്സ് എന്നത് ഒരു സിദ്ധാന്തമല്ല; അത് നമ്മുടെ ദൈനംദിന ജീവിതത്തിൽ പ്രകടമാകുന്ന സജീവമായ അനുഭവമാണ്. പ്രവൃത്തികൾ 4:8–13ൽ കാണുന്നതുപോലെ, ഒരിക്കൽ ആത്മരക്ഷാർത്ഥം ഭയത്തോടെ യേശുവിനെ പരസ്യമായി നിഷേധിക്കുവാൻ തയ്യാറായ പത്രോസ്, ഇപ്പോൾ ഭരണാധികാരികളുടെ മുമ്പിൽ, അവരുടെ കണ്ണുകളിലേക്കു നോക്കി, നിർഭയമായി സത്യത്തെ പ്രസ്താവിക്കുവാൻ തയ്യാറാകുന്നു. ഈ മാറ്റത്തിന്റെ രഹസ്യം തിരുവെഴുത്തിൽ വ്യക്തമാക്കപ്പെടുന്നുണ്ട്: “പത്രൊസ് പരിശുദ്ധാത്മാവു നിറഞ്ഞവനായി അവരോടു പറഞ്ഞതു...” എന്നു. ആത്മാവ് അവന്റെ ഉള്ളിൽ ധൈര്യവും ആത്മവിശ്വാസവും ദൈവിക ജ്ഞാനവും ഉണർത്തി. ശ്രദ്ധിക്കുക അവന്റെ വാക്കുകൾ മനുഷ്യജ്ഞാനത്തിൽ നിന്നല്ല, ദൈവത്തിന്റെ ശക്തിയിൽ നിന്നായിരുന്നു. ഇതിലൂടെ നമുക്ക് മനസ്സിലാകുന്നത്,
പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുമ്പോൾ നമ്മുടെ ഭയങ്ങൾ വിശ്വാസമായി മാറുകയും, നമ്മുടെ ജീവിതം ക്രിസ്തുവിന്റെ മനസ്സിന്റെ സാക്ഷ്യമായി മാറുകയും ചെയ്യുന്നു എന്നതാണ്.
7. പരിശുദ്ധാത്മാവ് ആത്മീയ വിവേചനം പ്രാപ്തമാക്കുന്നു
1 കൊരിന്ത്യർ 2:14–15 “എന്നാൽ പ്രാകൃത മനുഷ്യൻ ദൈവാത്മാവിന്റെ ഉപദേശം കൈക്കൊള്ളുന്നില്ല; അതു അവന്നു ഭോഷത്വം ആകുന്നു. ആത്മികമായി വിവേചിക്കേണ്ടതാകയാൽ അതു അവന്നു ഗ്രഹിപ്പാൻ കഴിയുന്നതുമല്ല. ആത്മികനോ സകലത്തെയും വിവേചിക്കുന്നു; താൻ ആരാലും വിവേചിക്കപ്പെടുന്നതുമില്ല.”
ഒരു സ്വാഭാവിക വ്യക്തിയും ആത്മീയ വ്യക്തിയും തമ്മിലുള്ള പ്രധാന വ്യത്യാസം പരിശുദ്ധാത്മാവിന്റെ സാന്നിധ്യത്തിലും അവന്റെ മാർഗ്ഗനിർദ്ദേശത്തിലും ആണ്. സ്വാഭാവിക മനുഷ്യൻ കാണുന്നതിലും ചിന്തിക്കുന്നതിലും മാത്രം ആശ്രയിച്ച് ജീവിക്കുവാൻ ശ്രമിക്കുന്നു; അതവനെ പലപ്പോഴും തെറ്റായ നിഗമനങ്ങളിലും പരാജയങ്ങളിലും കൊണ്ടെത്തിക്കുന്നു. മറിച്ചു ആത്മീയ മനുഷ്യൻ പരിശുദ്ധാത്മ സഹായത്താൽ ദൈവത്തിന്റെ ഹൃദയത്തിലുള്ള ആലോചനകളെ ഗ്രഹിക്കാൻ ശ്രമിക്കുകയും ലഭിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ചു മുന്നേറുകയും ചെയ്യുന്നു. പ്രവൃത്തികൾ 16:6–10ൽ പൗലോസിനെയും കൂട്ടരേയും പരിശുദ്ധാത്മാവ് ആസ്യയിലേക്ക് പോകുന്നതിൽ നിന്ന് വിലക്കുകയും, മക്കെദോന്യയിലേക്ക് ദർശനത്തിലൂടെ നയിച്ചു. ഇത് മാനുഷികയുക്തിയ്ക്കും പദ്ധതികൾക്കും അതീതമായ ദൈവിക ഇടപെടലായിരുന്നെന്നു കാണുവാൻ കഴിയും.
ഈ സംഭവം നമ്മെ പഠിപ്പിക്കുന്നത് , ക്രിസ്തുവിന്റെ മനസ്സ് ഉള്ളവർ ദൈവത്തിന്റെ ശബ്ദം തിരിച്ചറിയുകയും, അവന്റെ വഴിനടത്തൽ അനുസരിച്ച് അവരുടെ വഴികളിൽ മാറ്റം വരുത്താൻ തയ്യാറാകുകയും ചെയ്യുന്നു എന്നതാണ്. ആത്മാവിന്റെ നടത്തിപ്പി ൽ മുന്നേറുമ്പോൾ ജീവിതം ദൈവത്തിന്റെ ഉദ്ദേശ്യത്തോടു ഒത്തുചേരുന്നു.
ഞാനിവിടെ പറയുവാൻ ശ്രമിക്കുന്നത്, ക്രിസ്തുവിന്റെ മനസ്സിന്റെ ഉറവിടം പരിശുദ്ധാത്മാവാണ് എന്നുള്ളതാണ്. അങ്ങനെയല്ലാതെ ആത്മീയ ജീവിതം പൂർണ്ണമാകില്ല. അവൻ ദൈവഹൃദയത്തിന്റെ ആഴങ്ങളിലേക്കു നമ്മെ കൊണ്ടുപോകുകയും, മറഞ്ഞിരിക്കുന്ന നിഗൂഢ സത്യങ്ങളെ അഥവാ മർമ്മങ്ങളെ തുറന്നു തരികയും ചെയ്യുന്നു, ആത്മീയമായ കാര്യങ്ങളെ വ്യക്തതയോടെ ഗ്രഹിക്കുവാൻ നമ്മെ സഹായിക്കുന്നു.
അവൻ നമ്മുടെ ഉള്ളിൽ വസിക്കുന്നതിനാൽ, നമ്മുടെ ചിന്തകളിലും, വികാരങ്ങളിലു, തീരുമാനങ്ങളിലും ദൈവിക സ്വാധീനം പ്രകടമാകുന്നു. ദൈവത്തിന്റെ വാഗ്ദാനങ്ങൾ നമ്മുടെ ജീവിതത്തിൽ സജീവമാകാൻ അവൻ പ്രകാശം നൽകുന്നു. തെറ്റും സത്യവും തിരിച്ചറിയാനുള്ള വിവേചനം നമുക്കു നൽകപ്പെടുന്നു. നമ്മുടെ മനസ്സ് ക്രമേണ പുതുക്കപ്പെടുകയും, യേശുവിനെപ്പോലെ ചിന്തിക്കുകയും പ്രതികരിക്കുകയും ചെയ്യാൻ നാം പഠിക്കുകയും ചെയ്യുന്നു.
പരിശുദ്ധാത്മാവില്ലാതെ, ക്രിസ്തുവിന്റെ മനസ്സ് വെരുമൊരു ആശയമായി മാത്രമേ തുടരുകയുള്ളു; എന്നാൽ അവനോടൊപ്പം, അത് ജീവിതത്തിൽ അനുഭവിക്കപ്പെടുന്ന സത്യമായി മാറുന്നു. ഈ മാറ്റം മനുഷ്യശ്രമത്തിന്റെ ഫലമല്ല, ആത്മാവിനോടുള്ള അടുപ്പത്തിന്റെ ഫലമാണ്. നാം അവനോട് വഴങ്ങി, അവന്റെ ശബ്ദം ശ്രദ്ധിച്ചു, അനുദിനം അവനിൽ നടക്കുമ്പോൾ, നമ്മുടെ ഉള്ളിൽ ഒരു ദൈവികമായ പരിവർത്തനം നടക്കുന്നു. അങ്ങനെ, നമ്മുടെ ചിന്തകളും മനോഭാവങ്ങളും ദൈവത്തിന്റെ ഹൃദയവുമായി യോജിച്ചു, ക്രിസ്തുവിന്റെ സ്വഭാവം നമ്മിൽ പ്രതിഫലിക്കാൻ തുടങ്ങുന്നു.
ഓരോ വിശ്വാസിയുടെയും ഉള്ളിൽ ക്രിസ്തുവിന്റെ മനസ്സ് വെളിപ്പെടുത്തുകയും, പകർന്നു നൽകുകയും, രൂപപ്പെടുത്തുകയും ചെയ്യുന്ന ദൈവിക ഉറവിടമാണ് പരിശുദ്ധാത്മാവ് എന്നു ഗ്രഹിക്കുക. ദൈവഹിതമനുസരിച്ച് ചിന്തിക്കാനും, മനസ്സിലാക്കാനും, ജീവിക്കാനും അതു നമ്മെ പ്രാപ്തരാക്കുന്നു.
Comments
Post a Comment