1 മൂല പദങ്ങൾ
അദ്ധ്യായം 1 മൂല പദങ്ങൾ
ഇവിടെ സമഗ്രമായ ഒരു വിശദീകരണത്തിനു മുതിരുന്നില്ല. കാരണം അതിനുമാത്രം പ്രാപ്തനായ ഒരു ഭാഷാപണ്ഡിതനാണ് ഞാനെന്നു കരുതുന്നില്ല. എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞ ചില കാര്യങ്ങൾ പരിമിത അറിവിൽ നിന്നുകൊണ്ടു പ്രാർത്ഥനപൂർവ്വം ഈ അദ്ധ്യയത്തിൽ വിശദീകരിക്കുവാൻ ശ്രമിക്കുന്നു എന്നേയുള്ളൂ. പ്രിയരായ ചുരുക്കം ചില അനുഗ്രഹിക്കപ്പെട്ട ദൈവദാസന്മാരുടെ നിർലോഭമായ സഹായം ഇവിടെ എനിക്കു ലഭിച്ചിട്ടുണ്ടു എന്നു ഞാൻ നന്ദിയോടെ സ്മരിക്കുന്നു. സംശയ നിവാരണത്തിനായി വാക്കുകളുടെ അർത്ഥം, വ്യാഖ്യാനം മുതലായവ ചേർത്തിരിക്കുന്ന പുസ്തകങ്ങളും ഇതിനായി പരതിയിട്ടുണ്ട്. പലയിടങ്ങളിൽ നിന്നു ലഭിച്ച അറിവു ദൈവകൃപയിലാശ്രയിച്ചു, അനുവാചകസമക്ഷം ഞാനിവിടെ പകർത്തുവാൻ ശ്രമിക്കുന്നു. തെറ്റു സംഭവിക്കുവാനുള്ള സാധ്യത അറിയുന്നതുകൊണ്ടു എന്നെ തിരുത്തുവാനുള്ള അവകാശം ഞാൻ പരിമിതപ്പെടുത്തുന്നില്ല.
വചനത്തിലെ 1 കൊരിന്ത്യർ 2:16 എന്നുള്ള ഭാഗം ശ്രദ്ധിക്കുക. അവിടെ കാണുന്ന “ക്രിസ്തുവിന്റെ മനസ്സ്” എന്ന പ്രയോഗം ഗ്രീക്ക് മൂലപദങ്ങളുടെ പശ്ചാത്തലത്തിൽ പരിശോധിക്കുവാൻ തുനിയുമ്പോൾ, അതിന്റെ അർത്ഥം വളരെ സമ്പന്നവും വിപുലവും ആണെന്നു ഗ്രഹിക്കുവാനാകും. ഇവിടെ “മനസ്സ്” എന്നത് വെറും ബുദ്ധിയെയോ ചിന്താശേഷിയെയോ മാത്രമല്ല സൂചിപ്പിക്കുന്നത്; മറിച്ച്, ഒരാളുടെ ആന്തരികനിലപാട്, അവലോകനരീതി, തീരുമാനങ്ങളുടെയും ആത്മീയ നടപ്പിന്റെയും അടിസ്ഥാനം എന്നിവയെ ഉൾക്കൊള്ളുന്നതാണ്. പൗലോസ് പറയുന്നത്, വിശ്വാസികൾക്ക് ക്രിസ്തുവിന്റെ ചിന്താഗതിയും ഹൃദയഭാവവും ലഭ്യമാകുന്നുവെന്ന സത്യമാണ്. പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിലൂടെ, വിശ്വാസിയുടെ ഉള്ളിൽ ക്രിസ്തുവിന്റെ സ്വഭാവം രൂപംകൊള്ളുന്നു, അവന്റെ ഇഷ്ടം തിരിച്ചറിയാനുള്ള ആത്മീയ ഗ്രഹണശേഷി വളരുന്നു. അതിനാൽ, “ക്രിസ്തുവിന്റെ മനസ്സ്” എന്നത് വെറും അറിവിനെ കുറിച്ചല്ല, മറിച്ച് ക്രിസ്തുവിനെപ്പോലെ കാണുകയും, അനുഭവിക്കുകയും, തീരുമാനിക്കുകയും ചെയ്യുന്ന ഒരു ആന്തരിക രൂപാന്തരത്തിന്റെ അനുഭവമാണ്.
1. പ്രധാന ഗ്രീക്ക് പദപ്രയോഗം
1 കൊരിന്ത്യർ 2:16 എന്ന വചനം ഗ്രീക്കുഭാഷയിൽ hēmeis de nous Christou echomen എന്നാണ്. നാമോ ക്രിസ്തുവിന്റെ മനസ്സുള്ളവർ ആകുന്നു.
hēmeis – ഞങ്ങൾ/നാം (ഊന്നൽ: ഞങ്ങൾ സ്വയം)
de – എന്നാൽ/എന്നിരുന്നാലും (മുൻവാക്യത്തിലെ സ്വാഭാവിക മനുഷ്യനുമായുള്ള വ്യത്യാസം)
noun – മനസ്സ്, ധാരണ, ചിന്താരീതി
Christou – ക്രിസ്തുവിന്റെ (ക്രിസ്തുവിന്റെതു)
echomen – ഉണ്ടു/സ്വന്തമാക്കി.
ഇവിടെ “മനസ്സ്” എന്ന് വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്ന പദമാണ് നൗസ് (nous). ഇത് വെറും ബുദ്ധിശേഷിയെയോ ചിന്താരീതിയെയോ മാത്രം സൂചിപ്പിക്കുന്ന ഒന്നല്ല. മനുഷ്യന്റെ ആന്തരികജീവന്റെ കേന്ദ്രമായ ആത്മീയ ഗ്രഹണശേഷിയെയാണ് ഇത് വ്യക്തമാക്കുന്നത്. ദൈവത്തെ തിരിച്ചറിയുവാനും സത്യത്തെ വിവേചിക്കുവാനും സഹായിക്കുന്ന ആന്തരിക വെളിച്ചമാണ് നൗസ് (nous). ധാർമ്മിക വിവേചനം, നല്ലതും ചീത്തയും തിരിച്ചറിയുന്നത്, ജീവിതത്തിലെ തീരുമാനങ്ങൾ എടുക്കൽ എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്.
അപ്പോൾതന്നെ, നൗസ് (nous) മനുഷ്യന്റെ വികാരങ്ങളെയും ഉദ്ദേശങ്ങളെയും നിയന്ത്രിക്കുന്ന ഒരു കേന്ദ്രവുമാണ്. ഒരാളുടെ ചിന്താശൈലി, സമീപനം, മൂല്യങ്ങൾ എന്നിവ ഇതിലൂടെ രൂപപ്പെടുന്നു. പാപം മൂലം മനസ്സ്(nous) ഇരുണ്ടുപോകുന്നുവെങ്കിലും, ദൈവകൃപയാൽ അത് പുതുക്കപ്പെടുമ്പോൾ അയാൾ ദൈവഹിതത്തിന് അനുസരിച്ച് ചിന്തിക്കുവാനും പ്രവർത്തിക്കുവാനും തുടങ്ങും. ഇതാണ് യഥാർത്ഥ ആത്മീയ പരിവർത്തനത്തിന്റെ അടിസ്ഥാനം. ഒരിക്കൽകൂടി ആവർത്തിക്കട്ടെ, യാഥാർത്ഥ്യത്തെ വ്യാഖ്യാനിക്കുന്ന കഴിവാണിത്(faculty that interprets reality). ആഴത്തിലുള്ള ഉൾക്കാഴ്ച.
യവനായചിന്തയിലും പുതിയനിയമത്തിലും, നൗസ്(nous) എന്നത് ബോധത്തിന്റെ കേന്ദ്രമാണ്, സത്യം തിരിച്ചറിയുന്ന ഇടം, പുതുക്കുവാനോ ഇരുണ്ടതാക്കുവാനോ സാധ്യമാകുന്ന കഴിവ് എന്നെല്ലാമാണ്. എഫെസ്യർ 4:23ൽ "നിങ്ങളുടെ ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപിച്ചു...(നൗസ്)"
റോമർ 1:28 - "നികൃഷ്ടബുദ്ധിയിൽ (നൗസ്)". ഇത് നമ്മെ ഗ്രഹിപ്പിക്കുന്നതു, മനസ്സ് ദുഃഷിപ്പിക്കപ്പെടാനും, പുതുക്കപ്പെടാനും, ദൈവത്തോടു യോജിപ്പിക്കപ്പെടാനും കഴിയും എന്നതാണ്.
“ഉണ്ടായിരിക്കുക” എന്നതിന്റെ മൂലപദമാണ് – എക്കോമെൻ(echomen) എന്നു നാം നേരത്തെ കണ്ടു. ഈ ക്രിയയുടെ അർത്ഥം ഉണ്ടായിരിക്കുക, സ്വന്തമാക്കുക, കൈവശപ്പെടുത്തുക, വർത്തമാനകാല യാഥാർത്ഥ്യമായി നിലനിർത്തുക എന്നാണ്. “നമുക്ക് പിന്നീടൊരിക്കൽ ലഭിക്കും” എന്നല്ല പൗലോസ് പറയുന്നത്. “നമുക്ക് ഇതിനകം തന്നെ ക്രിസ്തുവിന്റെ മനസ്സ് ഉണ്ട്” എന്നാണ്. ഇത് രക്ഷയിൽ നൽകപ്പെടുന്ന ഒരു ആത്മീയ യാഥാർത്ഥ്യമാണ്, പക്ഷേ അത് ദൈനംദിന ജീവിതത്തിൽ വികസിപ്പിക്കേണ്ടതുണ്ട്.
“ക്രിസ്തു” – ക്രിസ്റ്റോ (Christou) . ഇത് അഭിഷിക്തൻ അഥവാ മിശിഹാ എന്നു അർത്ഥമാക്കുന്നു. അതിനാൽ “ക്രിസ്തുവിന്റെ മനസ്സ്” എന്നാൽ അഭിഷിക്തന്റെതന്നെ മാനസികാവസ്ഥ എന്നാണ് അർത്ഥമാക്കുന്നത്. പുറമെ നിന്നുള്ള അനുകരണമല്ല, ഉള്ളിൽ നിന്നുള്ള പങ്കാളിത്തമാണിത്. നാമിത് ഒരുമിച്ച് ചേർത്തു പറയുമ്പോൾ, “ക്രിസ്തുവിന്റെ മനസ്സ്” എന്നതു ക്രിസ്തുവിന്റേതും ഇപ്പോൾ വിശ്വാസികളുമായി പങ്കിടുന്നതുമായ ആന്തരികധാരണ, ആത്മീയ മനോഭാവം, ചിന്താരീതി എന്നെല്ലാമാണ്. ഇത് ബാഹ്യ അനുകരണമല്ല, മറിച്ച് ആന്തരിക പരിവർത്തനമാണ്.
2. തിരുവെഴുത്തു പ്രകാരം നൗസ്(മനസ്സ്) വികസിക്കുന്നത്.
പുതുക്കപ്പെട്ട മനസ്സ്. റോമർ 12:2ൽ“ മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ (നൗസ്)”. പരിശുദ്ധാത്മാവും ദൈവവചനവും പ്രവർത്തിക്കുമ്പോൾ പഴയ ചിന്താശൈലി മാറുകയും പുതിയ ആത്മീയ ദർശനം രൂപപ്പെടുകയും ചെയ്യുന്നു. സ്വാർത്ഥതചിന്തകളും ലൌകീകമോഹങ്ങളും വഴിമാറുന്നു. പകരം ദൈവീക ഇഷ്ടം തിരിച്ചറിയുന്ന മനസ്സ് വിശ്വാസിയിൽ ഉളവാകുന്നു.
പ്രകാശിതമായ മനസ്സ്. ലൂക്കോസ് 24:45ൽ “തിരുവെഴുത്തുകളെ തിരിച്ചറിയേണ്ടതിന്നു അവരുടെ ബുദ്ധിയെ (നൗസ്) തുറന്നു” ക്രിസ്തു ഒരുവന്റെ ബുദ്ധിയെ തുറക്കുമ്പോൾ തിരുവെഴുത്തുകൾ ജീവനുള്ളതായി മാറുകയാണ്. ഇത് തുലോം ബുദ്ധിപരമായ അറിവല്ല, ആത്മീയ ഗ്രാഹ്യമാണ്. ദൈവീക സത്യങ്ങൾ ശരിയായി വിധത്തിൽ തിരിച്ചറിയാനും ജീവിതത്തിൽ പ്രായോഗികമാക്കാനും സഹായിക്കുന്നു.
നിയന്ത്രിത മനസ്സ്. കൊലോസ്യർ 3:2ൽ “ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളതു തന്നേ ചിന്തിപ്പിൻ”. ഈ മനസ്സ് ഉയർന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സാഹചര്യങ്ങൾ മാറിയാലും, ചിന്തകൾ ദൈവീക സത്യത്തിൽ ഉറച്ചു നിൽക്കുന്നു; ഭൗതിക കാര്യങ്ങളിലും അധികമായി, നിത്യതയുടെ മൂല്യങ്ങളാണ് ജീവിതത്തെ നയിക്കുന്നത്. സമഗ്രമായ പരിവർത്തനത്തിലേക്കു നയിക്കുന്നു.
മൂല ആശയത്തിന്റെ പ്രായോഗിക അർത്ഥം
നൗസ് (νοῦς) എന്നതിന്റെ ആശയം മനസ്സിലാക്കുന്നത് “ക്രിസ്തുവിന്റെ മനസ്സ്” എന്ന സത്യത്തെ വളരെ ആഴത്തിൽ തിരിച്ചറിയാൻ സഹായിക്കുന്നു. ഇത് വെറും പ്രത്യാശയുള്ള ചിന്തയോ, തിരുവെഴുത്ത് ഹൃദിസ്ഥമാക്കലോ, ബൗദ്ധിക ദൈവശാസ്ത്രമോ അല്ല; മറിച്ച് ജീവിതദർശനത്തെ തന്നെ മാറ്റുന്ന ഒരു ആത്മീയ ദർശനമാണ്. ഇത് ആത്മാവിനാൽ രൂപപ്പെട്ട ഒരു ആന്തരിക ലെൻസായി പ്രവർത്തിക്കുന്നു—ക്രിസ്തു കേന്ദ്രീകൃത ബോധമായി.
ഒരേ സാഹചര്യത്തെ അഭിമുഖീകരിക്കുന്ന രണ്ട് പേർ വ്യത്യസ്തമായി പ്രതികരിക്കുന്നത് ശ്രദ്ധിച്ചാൽ ഇതെന്താണ് അർത്ഥമാക്കുന്നത് എന്നു മനസ്സിലാക്കാം: അതിലൊരാൾ “എന്തുകൊണ്ടാണ് ഇത് എനിക്ക് സംഭവിക്കുന്നത്?” എന്ന് ചോദിക്കുമ്പോൾ, മറ്റൊരാൾ “ദൈവം ഇതിലൂടെ എന്തു ചെയ്യുന്നു?” എന്ന് അന്വേഷിക്കുന്നു. വ്യത്യാസം അറിവിലോ ബുദ്ധിയിലോ അല്ല, ക്രിസ്തുവിന്റെ മനസ്സിന്റെ സാന്നിധ്യമാണ് അഥവാ അഭാവമാണ് എന്നു ഗ്രഹിക്കാവുന്നതാണ്. അതിനാൽ “ക്രിസ്തുവിന്റെ മനസ്സ്” ചിന്തകളെക്കാൾ ഏറെ ആഴമുള്ളതാണ്. ക്രിസ്തുവിനാൽ രൂപാന്തരപ്പെടുത്തപ്പെട്ട ആത്മീയ ഗ്രഹണശേഷി. ലളിതമായി പറഞ്ഞാൽ, യേശുവിനെപ്പോലെ ചിന്തിക്കാനും കാണാനും പ്രതികരിക്കാനും പരിശുദ്ധാത്മാവ് നമുക്ക് നൽകുന്ന കഴിവാണ് ഇത്. രക്ഷയിൽ ഇത് ലഭിക്കുന്നു, വചനത്തിലൂടെ നിരന്തരമായി പുതുക്കപ്പെടുന്നു, ആത്മാവിനാൽ സജീവമാകുന്നു, വിശ്വാസിയുടെ ദൈനംദിന ജീവിതത്തിൽ പ്രകടമാകുന്നു.
നമ്മുടെ ഹൃദയത്തിന്റെ കാഴ്ചപ്പാട് ആണ്—വിശ്വാസം, ആത്മീയ ദൃഷ്ടി, ക്രിസ്തുവിന്റെ മനസ്സ്.
Comments
Post a Comment