3. ശക്തി നൽകുന്ന കൃപ (Grace That Empowers)

എഫെസ്യർ 2:8

ഒരു ഗ്രാമത്തിൽ ദരിദ്രനെങ്കിലും പഠിക്കാൻ സമർത്ഥനായിരുന്ന ഒരു യുവാവ് ഉണ്ടായിരുന്നു., പക്ഷെ പണമില്ലയിരുന്നു. ഒരു ദിവസം ഗ്രാമത്തിലെ ഒരു അധ്യാപകൻ അവനെ കണ്ടു പറഞ്ഞു: “നിനക്കു കഴിവുണ്ട്; ഞാൻ നിന്നെ സഹായിക്കാം.” അധ്യാപകൻ ഫീസ് നൽകി, പുസ്തകങ്ങൾ വാങ്ങി കൊടുത്തു, ദിവസവും പ്രോത്സാഹിപ്പിച്ചു. വർഷങ്ങൾക്കുശേഷം ആ യുവാവ് ഒരു പ്രശസ്തനായ ഡോക്ടറായി മാറി. ഒരാൾ ചോദിച്ചു: “നിന്റെ വിജയത്തിന്റെ രഹസ്യം എന്താണ്?” അവൻ മറുപടി പറഞ്ഞു: “എന്റെ ജീവിതം മാറ്റിയത് എന്റെ കഴിവ് അല്ല; ഒരാൾ എന്നോടു കാണിച്ച കൃപയാണ്.”

നമുക്കു തിരുവെഴുത്തിലേക്കു ശ്രദ്ധിക്കാം. എഫെസ്യർ 2:8, "കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു." കൃപ ദൈവത്തിന്റെ അനർഹമായ അനുഗ്രഹമാണ്. നമ്മെ രക്ഷിക്കുകയും പാപക്ഷമ നൽകുകയും ചെയ്യുന്നു. എന്നാൽ കൃപ അവിടംകൊണ്ട് അവസാനിക്കുന്നില്ല; അത് വിശ്വാസിയുടെ ദൈനംദിന ജീവിതത്തിൽ പ്രവർത്തിക്കുന്ന ദൈവിക ശക്തിയാണ്. ക്രിസ്തീയ ജീവിതം മാനുഷികശക്തിയാലോ അച്ചടക്കമുള്ള ജീവിതംമൂലമോ ഇച്ഛാശക്തിയാലോ മാത്രം നിലനിൽക്കുന്നതല്ല, മറിച്ച് ദൈവകൃപയുടെ പ്രാപ്തമാക്കുന്ന ശക്തിയാലാണ്. ഈ കൃപ നമ്മെ ബലഹീനതയിൽ താങ്ങുകയും വീഴ്ചകളിൽ നിന്ന് ഉയർത്തുകയും ആത്മീയ ജയം നേടാൻ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. പരിശുദ്ധാത്മാവിലൂടെ പ്രവർത്തിക്കുന്ന കൃപ വിശ്വാസിയെ വിശുദ്ധിയിലേക്കും ആത്മീയ വളർച്ചയിലേക്കും നയിക്കുന്നു. അതുകൊണ്ട് കൃപ ഒരു സിദ്ധാന്തമാത്രമല്ല; അത് ജീവനെ മാറ്റുന്ന ദൈവത്തിന്റെ സജീവ പ്രവർത്തനമാണ്.

A. കൃപ നമ്മെ പൂർണ്ണമായും രക്ഷിക്കുന്നു
നമ്മുടെ ആത്മരക്ഷയുടെ അടിസ്ഥാനവും പ്രത്യാശയും ദൈവകൃപയാണ്. മനുഷ്യൻ എത്ര നല്ല പ്രവൃത്തികൾ ചെയ്താലും, മതാചാരങ്ങൾ പാലിക്കുന്നവനായാലും, സ്വന്തം ശക്തിയാലോ കഴിവിനാലോ രക്ഷ നേടുവാൻ കഴിയില്ല. കാരണം എല്ലാവരും പാപത്താൽ ദൈവതേജസ്സ് നഷ്ടപ്പെടുത്തിയവരാണ്(റോമർ 3:23). അതുകൊണ്ടാണ് ദൈവം തന്റെ ഏകജാതനായ പുത്രനായ യേശുക്രിസ്തുവിനെ ലോകത്തിലേക്ക് അയച്ചത്. കർത്താവായ ക്രിസ്തുയേശുവിന്റെ ക്രൂശിലെ യാഗത്തിലൂടെ ദൈവം മനുഷ്യന് സൗജന്യമായി രക്ഷ നൽകുന്നു. എഫെസ്യർ 2:8 പറയുന്നത്: “കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു.” 
ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പൗലോസ് അപ്പോസ്തലന്റെ ജീവിതം. ഒരു കാലത്തു സഭയെ ക്രുരമായി പീഡിപ്പിക്കുകയും വിശ്വാസികളെ തടവിലാക്കുകയും ചെയ്തിരുന്ന ശൗൽ, ദൈവകൃപയാൽ സമൂലമായും മാനസാന്തരപെട്ടവനായി സുവിശേഷത്തിന്റെ മഹത്തായ അപ്പോസ്തലനായി, മുന്നണി പോരാളിയായി (പ്രവൃത്തികൾ 9). അതുകൊണ്ടാണ് അദ്ദേഹം 1 കൊരി. 15:10-ൽ പറയുന്നത്: “ഞാൻ ആകുന്നതു ദൈവകൃപയാൽ ആകുന്നു.” അദ്ദേഹത്തിന്റെ ജീവിതം ദൈവകൃപയ്ക്ക് ആരെയും മാറ്റിമറിക്കാനുള്ള ശക്തിയുണ്ടെന്ന് തെളിയിക്കുന്നു. ഏതു കഠിനഹൃദയനേയും രൂപാന്തരപ്പെടുത്തുവാൻ കഴിയും എന്നുള്ളത് എത്ര ആശ്ചര്യജനകമാണ് . 
തീത്തോസ് 2:11 പ്രകാരം “സകലമനുഷ്യർക്കും രക്ഷാകരമായ ദൈവകൃപ ഉദിച്ചുവല്ലോ.” അതിനാൽ രക്ഷയ്ക്കായി നമ്മുടെ സ്വന്തം നന്മയിലോ യോഗ്യതയിലോ അല്ല, നമുക്കു എന്തു യോഗ്യത അവകാശപ്പെടുവാൻ കഴിയും. യേശുക്രിസ്തുവിന്റെ ക്രൂശുമരണത്തിലൂടെ ലഭ്യമാകുന്ന രക്ഷയ്ക്കായി അവന്റെ കൃപയിൽ പൂർണ്ണമായി ആശ്രയിക്കണം. 

B. പാപത്തെ അതിജീവിക്കുവാൻ കൃപ നമ്മെ ശക്തിപ്പെടുത്തുന്നു.
കൃപ പാപം ചെയ്യാനുള്ള ലൈസൻസല്ല അഥവാ അനുവാദമല്ല, പാപത്തെ അതിജീവിക്കാനുള്ള ദൈവശക്തിയാണ്. അത് നമ്മിലെ അഭക്തിയെ നിക്കിക്കളഞ്ഞ് നീതിയോടെ ജീവിക്കാൻ പഠിപ്പിക്കുന്നു.
മിസ്രയിമിൽ യോസേഫ് ശക്തമായ പ്രലോഭനത്തെ നേരിട്ടു (ഉല്പത്തി 39). എന്നിട്ടും അവൻ പാപത്തോടു ചെറുത്തുനിന്നു, "അതുകൊണ്ട് ഞാൻ ഈ മഹാദോഷം പ്രവർത്തിച്ച് ദൈവത്തോടു പാപം ചെയ്യുന്നത് എങ്ങനെ എന്നു പറഞ്ഞു. പഴയനിയമത്തിൽ ഈ ഭാഗത്ത് "കൃപ" എന്ന വാക്ക് പ്രത്യക്ഷത്തിൽ ഉപയോഗിക്കുന്നില്ലെങ്കിലും, ചെറുത്തു നിൽക്കാനുള്ള യോസേഫിന്റെ ശക്തി അവനിൽ പ്രവർത്തിക്കുന്ന ദൈവത്തിന്റെ പ്രാപ്തമാക്കുന്ന ശക്തിയെ അഥവാ കൃപയെ പ്രതിഫലിപ്പിക്കുന്നു എന്നു മനസ്സിലാക്കാവുന്നതാണ്.
റോമർ 6:14 അനുസരിച്ച് വിശ്വാസി ന്യായപ്രമാണത്തിന്റെ കീഴിലല്ല, ദൈവകൃപയുടെ അധീനതയിലാണ് ജീവിക്കുന്നത്. അതുകൊണ്ട് പാപത്തിന് ഇനി അവന്റെ ജീവിതത്തിൽ കർത്തൃത്വം നടത്താൻ കഴിയില്ല. പരിശോധനങ്ങളും ബലഹീനതകളും നേരിടുമ്പോൾ സ്വന്തം ശക്തിയിലും ഇച്ഛാശക്തിയിലും മാത്രം ആശ്രയിക്കാതെ, പാപത്തോടു “ഇല്ല” എന്നു പറയാൻ ശക്തി നൽകുന്ന ദൈവകൃപയിൽ ആശ്രയിക്കേണ്ടതുണ്ട്. പരിശുദ്ധാത്മാവിലൂടെ പ്രവർത്തിക്കുന്ന ഈ കൃപ നമ്മെ ഉയർത്തുകയും വിശുദ്ധജീവിതത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. 

C. ജയകരമായ ജീവിതത്തിനും സേവനത്തിനും കൃപ നമ്മെ ശക്തിപ്പെടുത്തുന്നു.
പാപത്തെ ജയിക്കാൻ മാത്രമല്ല, ജയകരമായി ജീവിക്കാനും ദൈവത്തെ ഫലപ്രദമായി സേവിക്കാനും കൃപ വിശ്വാസികളെ സജ്ജരാക്കുന്നു. അത് നമ്മുടെ ആത്മീയ ജീവിതത്തെയും ശുശ്രൂഷയെയും ഊർജ്ജസ്വലമാക്കുന്നു.
യേശുവിനെ തള്ളിപ്പറഞ്ഞവനാണ് പത്രോസ് അപ്പോസ്തലൻ. എന്നാൽ പിന്നീട് പെന്തക്കോസ്ത് ദിനത്തിൽ പരിശുദ്ധാത്മനിറവിൽ, സധൈര്യം നിന്നു പ്രസംഗിക്കുന്ന പുതിയ മനുഷ്യനേയാണ് നമുക്കു കാണുവാൻ കഴിയുന്നത്. (പ്രവൃത്തികൾ 2). പരാജയപ്പെട്ട അതേ മനുഷ്യൻ ഒരു നിർഭയനായ പ്രസംഗകനായി രൂപാന്തരപ്പെട്ടു. ഈ രൂപാന്തരം മാനുഷിക പ്രയത്നം കൊണ്ടല്ല, മറിച്ച് പരിശുദ്ധാത്മാവിലൂടെ ശക്തീകരിക്കുന്ന കൃപയാലാണ് ഉണ്ടായത്. ഇതു നമുക്കും അവകാശമാക്കുവാൻ ദൈവം നമ്മെയും അനുവദിക്കുന്നു. 
2 കൊരിന്ത്യർ 12:9ൽ വായിക്കുന്നത് – “എന്റെ കൃപ നിനക്കുമതി; എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു.” ഉണർവുനാളുകളിൽ, മാനസാന്തരം, വിശുദ്ധ ജീവിതത്തിനുള്ള ആഹ്വാനം നൽകുന്ന ധീരമായ പ്രസംഗങ്ങൾ എന്നിവ സാധ്യമാക്കുന്നത് മനുഷ്യന്റെ സ്വതസിദ്ധമായ കഴിവുകളാലല്ല, ദൈവത്തിന്റെ കൃപയാണെന്ന് വിശ്വാസികൾ പലപ്പോഴും സാക്ഷ്യപ്പെടുത്തുന്നതു കേട്ടിട്ടുണ്ട്. കൃപ സ്വഭാവത്തെയും ശുശ്രൂഷയേയും ശക്തിയെയും ഉണർത്തുന്നതാണ്.
ശുശ്രൂഷയിലായാലും, ദൈനംദിന ഉത്തരവാദിത്തങ്ങളിലായാലും, ആത്മീയ പോരാട്ടങ്ങളിലായാലും, ദൈവജനത്തെ നിലനിർത്തുന്നതും ശക്തിപ്പെടുത്തുന്നതും ദൈവകൃപയിലുള്ള ആശ്രയമാണ് പറയാൻ ഞാൻ ധൈര്യപ്പെടുന്നു.

ഒടുവിലായി, കൃപ ആരംഭനാളുകളിൽ അനുഭവിക്കുന്നതിനേക്കാൾ പിന്നെയും കൂടുതലാണ് - അത് ക്രിസ്തീയ ജീവിതത്തിന്റെ താങ്ങിനിർത്തുന്ന ശക്തിയാണ്. നമ്മെ രക്ഷിക്കുന്നു, പാപത്തിനെതിരെ ശക്തിപ്പെടുത്തുന്നു, ജയകരമായ ജീവിതത്തിനായി പ്രാപ്തരാക്കുന്നു. ഒറ്റയ്ക്ക് പോരാടുവാൻ മാത്രമല്ല, അനുദിനവും ദൈവിക പ്രാപ്തിയിൽ ആശ്രയിക്കാനും ഒരുക്കുന്നു. നാം ദൈവകൃപയിൽ ആശ്രയിക്കുമ്പോൾ, ബലഹീനതയിൽ നിന്ന് ശക്തിയിലേക്കും, പരാജയത്തിൽ നിന്ന് വിജയത്തിലേക്കും, പരിമിതിയിൽ നിന്ന് ആത്മീയ ഫലപ്രാപ്തിയിലേക്കും നീങ്ങുന്നു. ആമ്മേൻ.

Comments

Popular posts from this blog

1. ആത്മാവിനാൽ ജനിക്കുക(Born of the Spirit. John 3:4

പ്രാർത്ഥന