7. വചനവും ആത്മാവും( Word and Spirit )
7. വചനവും ആത്മാവും
2 തിമോത്തി 3:16
വിശ്വാസിയായ ഒരു യുവാവ് ആഴ്ചയിലൊരിക്കൽ തന്റെ ബൈബിളുമായി സഭയിൽ പോകുക പതിവായിരുന്നു, പക്ഷേ വീട്ടിൽ വളരെ അപൂർവമായി മാത്രമേ അതു വായിക്കാറുള്ളൂ. ഒരു ദിവസം പ്രായമായ ഒരു പ്രാർത്ഥനാമനുഷ്യൻ അവനോട് പറഞ്ഞു, “അടഞ്ഞ ബൈബിൾ ഒരു അടഞ്ഞ ഹൃദയത്തിലേക്ക് നയിക്കുന്നു (A closed Bible leads to a closed heart).” ലളിതമായ ആ പ്രസ്താവന അവന്റെ ജീവിതത്തെ മാറ്റിമറിച്ചു. അവൻ ദിവസവും തിരുവെഴുത്ത് വായിക്കാനും പരിശുദ്ധാത്മാവ് തന്നെ നയിക്കണമെന്ന് പ്രാർത്ഥിക്കാനും തുടങ്ങി. താമസിയാതെ, അവൻ പലതവണ വായിച്ചിട്ടുള്ള വാക്യങ്ങൾപോലും അർത്ഥത്തിലും ദിശയിലും സജീവമായി. വചനവും ആത്മാവും അവന്റെ ജീവിതത്തിൽ ഒരുമിച്ച് പ്രവർത്തിക്കാൻ തുടങ്ങി.
വികാരങ്ങളിൽ അടിസ്ഥാനമിട്ടല്ല യഥാർത്ഥ ക്രിസ്തുവിശ്വാസം കെട്ടിപ്പടുത്തിരിക്കുന്നത്. ശരിയായ ആത്മീയ ജീവിതം ദൈവവചനത്തിലും പരിശുദ്ധാത്മാവിന്റെ ശക്തിയിലും അടിസ്ഥാനമിട്ടതാണ്. 2 തിമോത്തി 3:16 പറയുന്നതു, "എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാണ്." എന്നാണ്. തിരുവെഴുത്തുകൾ പ്രചോദിപ്പിച്ച അതേ പരിശുദ്ധാത്മാവ് തന്നെയാണ് ഇന്നത്തെ വിശ്വാസികൾക്കും അവയെ പ്രകാശിപ്പിക്കുന്നത്.
വചനമില്ലാത്ത ആത്മീയ അനുഭവങ്ങൾ ആഴമില്ലാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമായി മാറാം. ആത്മാവില്ലാതെ, ബൈബിൾ വായനയും ധ്യാനവും വരണ്ടതും നിർജീവവുമാകാം. വിശ്വാസികൾക്ക് സത്യത്തിലും ശക്തിയിലും വിശുദ്ധിയിലും വളരാൻ കഴിയത്തക്കവിധം രണ്ടും ഒരുമിച്ച് പ്രവർത്തിക്കണമെന്നാണ് ദൈവം പദ്ധതിയിട്ടിരിക്കുന്നത്.
1. ദൈവവചനം പ്രചോദിപ്പിക്കുന്നതും ശക്തവുമാണ്.
ബൈബിൾ മനുഷ്യനിർമ്മിതിയായ വെറുമൊരു പുസ്തകമല്ല; അത് ദൈവത്തിന്റെ ജീവനുള്ള വെളിപ്പാടുകളാണ്.
യിരെമ്യാവിന്റെ പുസ്തകം 23:29-ൽ, “എന്റെ വചനം തീ പോലെയും പാറയെ തകർക്കുന്ന ചുറ്റികപോലെയും അല്ലയോ” എന്നാണ് വായിക്കുന്നത്. ദൈവവചനം ബോധ്യവും ശുദ്ധീകരണവും ശക്തിയും നൽകുന്നു.
മത്തായി 4-ൽ തിരുവെഴുത്ത് ഉദ്ധരിച്ചുകൊണ്ട് യേശു സാത്താനിൽനിന്നു നേരിട്ട പ്രലോഭനങ്ങളെ അതിജീവിച്ചു. ദൈവവചനം അറിയുന്നതിലൂടെയും അതുപ്രകാരം ജീവിക്കുന്നതിലൂടെയും പ്രയോഗിക്കുന്നതിലൂടെയുമാണ് ജയജീവിതം ലഭിക്കുന്നതെന്ന് ഇത് കാണിക്കുന്നു.
ദൈവജനം തിരുവെഴുത്തുകളിൽ ഉറച്ചുനിൽക്കണം എന്നതു അനിവാര്യമാണ്. ആത്മീയ ദാനങ്ങളും ദർശനങ്ങളും അനുഭവങ്ങളും എല്ലായ്പ്പോഴും ബൈബിളുമായി യോജിക്കേണ്ടതുണ്ട്. വചനം ദൈവജനത്തെ വഞ്ചനയിൽ നിന്ന് സംരക്ഷിക്കുകയും സത്യത്തിൽ വേരൂന്നിയവരായി നിലനിർത്തുകയും ചെയ്യുന്നു.
ദൈവവചനം സ്ഥിരമായി ധ്യാനിക്കുമ്പോൾ മനസ്സിൽ മാറ്റങ്ങൾ സംഭവിക്കുന്നു. ഭയത്തിന്റെ സ്ഥാനത്ത് വിശ്വാസം വളരുന്നു; സംശയങ്ങളുടെ സ്ഥാനത്ത് ദൈവത്തെക്കുറിച്ചുള്ള ഉറച്ച ബോധ്യം നിറയുന്നു. ജീവിതത്തിലെ പ്രതിസന്ധികളിലും വചനം ഹൃദയത്തിന് ധൈര്യവും പ്രത്യാശയും നൽകുന്നു. ദൈവത്തിന്റെ വാഗ്ദാനങ്ങൾ ഓർക്കുമ്പോൾ ആത്മാവ് ശക്തിപ്രാപിക്കുന്നു, വിശ്വാസത്തിൽ സ്ഥിരത വരുന്നു.
2. പരിശുദ്ധാത്മാവ് വചനത്തെ ജീവിപ്പിക്കുന്നു
പരിശുദ്ധാത്മാവ് തിരുവെഴുത്തുകളെ പ്രചോദിപ്പിക്കുക മാത്രമല്ല, വിശ്വാസികളെ അത് മനസ്സിലാക്കാൻ സഹായിക്കുകയും ചെയ്യുന്നു.
നെഹമ്യവ് 8-ൽ എസ്രാ ജനങ്ങളെ ദൈവത്തിന്റെ ന്യായപ്രമാണം പഠിപ്പിക്കുകയും അതിന്റെ അർത്ഥം വ്യക്തമായി മനസ്സിലാക്കാൻ സഹായിക്കുകയും ചെയ്തു. ദൈവത്തിന്റെ പ്രവർത്തനത്തിലൂടെയാണ് ജനങ്ങൾക്ക് വചനം ഹൃദയത്തിൽ ഗ്രഹിക്കാനായത്. അതുപോലെ, തന്റെ പുനരുത്ഥാനത്തിനുശേഷം യേശു ശിഷ്യന്മാരുടെ ബുദ്ധിയെ തുറന്നു, തിരുവെഴുത്തുകളുടെ യഥാർത്ഥ അർത്ഥം അവർക്ക് മനസ്സിലാക്കി ക്കൊടുത്തു. ദൈവവചനം കേൾക്കുന്നതു മാത്രമല്ല, പരിശുദ്ധാത്മാവിന്റെ സഹായത്തോടെ അതിനെ ഗ്രഹിക്കുന്നതും ആത്മീയ വളർച്ചയ്ക്ക് അനിവാര്യമാണ്.
പരിശുദ്ധാത്മാവ് തിരുവെഴുത്തുകളെ വെറും അക്ഷരങ്ങളായി മാത്രമല്ല, ജീവിക്കുന്ന ദൈവവചനമായി വിശ്വാസിയുടെ ഹൃദയത്തിൽ പ്രകാശിപ്പിക്കുന്നു. പലപ്പോഴും വർഷങ്ങളായി വായിച്ചിരുന്ന ഒരു വാക്യം പോലും ഒരു പ്രത്യേക സാഹചര്യത്തിൽ പെട്ടെന്ന് പുതിയ അർത്ഥത്തോടെയും ശക്തിയോടെയും നമ്മോടു സംസാരിക്കാറുണ്ട്. അതിലൂടെ ദൈവം ജ്ഞാനവും തിരുത്തലും ആശ്വാസവും ദിശാബോധവും നൽകുന്നു. അതുകൊണ്ടുതന്നെ ബൈബിൾ വായിക്കുന്നതിന് മുമ്പ് പ്രാർത്ഥിക്കുന്നത് അത്യന്തം പ്രധാനമാണ്. പരിശുദ്ധാത്മാവിന്റെ സഹായമില്ലാതെ വചനത്തിന്റെ ആഴം പൂർണ്ണമായി ഗ്രഹിക്കാനാവില്ല.
ദുഷ്‌കരമായ സാഹചര്യങ്ങളിൽ എന്റെ ജീവിതത്തിലും ഇത്തരം നിരവധിയായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്തു തീരുമാനമെടുക്കണം എന്നറിയാതെ വിഷമിച്ച ഒരവസരത്തിൽ പരിശുദ്ധാത്മാവ് ഉള്ളിൽ സംസാരിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. മനുഷ്യരുടെ ഉപദേശം ആശ്വാസം നൽകുമ്പോഴും, പരിശുദ്ധാത്മാവ് ഹൃദയത്തിൽ ഉറപ്പിക്കുന്ന ഒരു തിരുവെഴുത്ത് അതിലും വലിയ സമാധാനവും പ്രത്യാശയും നൽകുന്നു. പരിശുദ്ധാത്മാവ് വചനത്തെ വ്യക്തിപരമായ സന്ദേശമാക്കി മാറ്റുന്നു.
3. വചനവും ആത്മാവും ആത്മീയ വളർച്ച ഉളവാക്കുന്നു
ആരോഗ്യകരമായ ഒരു ക്രിസ്തീയ ജീവിതത്തിന് സത്യവചനവും ആത്മീയ ശക്തിയും ആവശ്യമാണ്.
ഒട്ടും ആത്മീയ അഭിനിവേശമില്ലാതെ അറിവിന് മാത്രം പ്രാധാന്യം നൽകുന്ന ചിലരുണ്ട്. മറ്റു ചിലർ ബൈബിൾ അടിസ്ഥാനമില്ലാത്ത അനുഭവങ്ങളുടെ പിന്നാലെയാണ്. എന്നാൽ ഞാൻ പറയട്ടെ, ദൈവം സന്തുലിതാവസ്ഥ ആഗ്രഹിക്കുന്നു. വചനം ദിശാബോധം നൽകുമ്പോൾ, ആത്മാവ് അത് അനുസരിക്കാൻ ശക്തി നൽകുന്നു.
യോശുവ 1:8-ൽ ദൈവം യോശുവയോട് തന്റെ വചനം രാവും പകലും ധ്യാനിക്കണമെന്ന് നിർദ്ദേശിക്കുന്നു. ദൈവവചനത്തിൽ സ്ഥിരതയോടെ നിലനിൽക്കുമ്പോഴാണ് ആത്മീയ ശക്തിയും വിജയവും ലഭിക്കുന്നത്. അതുപോലെ, ആദിമസഭ പഠിപ്പിക്കലിനും പ്രാർത്ഥനയ്ക്കും പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിനും സ്വയം സമർപ്പിച്ചു. വിശ്വാസികൾ പ്രാർത്ഥനാപൂർവ്വം തിരുവെഴുത്ത് പഠിക്കുമ്പോൾ പരിശുദ്ധാത്മാവ് അവരുടെ ഹൃദയത്തിൽ പ്രവർത്തിക്കുന്നു. നമ്മുടെ സ്വഭാവത്തെ രൂപാന്തരപ്പെടുത്തുകയും വിശ്വാസത്തെ ശക്തിപ്പെടുത്തുകയും ദൈവഹിതം തിരിച്ചറിയാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ, ശുശ്രൂഷയ്ക്കും സാക്ഷ്യജീവിതത്തിനും ആവശ്യമായ ആത്മീയ ജ്ഞാനവും ധൈര്യവും നൽകി അവരെ ഒരുക്കുകയും ചെയ്യുന്നു.
ആവർത്തിക്കട്ടെ, ദൈവവചനവും ദൈവാത്മാവും എപ്പോഴും ഒരുമിച്ച് പ്രവർത്തിക്കുന്നു. ആത്മാവ് ഒരിക്കലും തിരുവെഴുത്തുകളെ എതിർക്കുന്നില്ല, ആത്മാവിന്റെ പ്രകാശനത്തിലൂടെ തിരുവെഴുത്ത് സജീവമാകുന്നു. നാം ബൈബിളിന്റെയും പരിശുദ്ധാത്മാവിന്റെയും അനുകാരികളാകുവാൻ വിളിക്കപ്പെട്ടിരിക്കുന്നു.
ബൈബിൾ ഒരു കടമാ നിർവ്വഹിക്കുന്നതുപോലെ മാത്രം വായിക്കരുത്. പ്രാർത്ഥനയോടും, വിനയത്തോടും, പ്രത്യാശയോടുംകൂടി അതിനെ സമീപിക്കുക. നിങ്ങൾ പരിശുദ്ധാത്മാവിൽ ആശ്രയിക്കുമ്പോൾ, ദൈവവചനം നിങ്ങളെ തീരുമാനങ്ങളിലേക്കു നയിക്കുകയും നിങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തുകയും നിങ്ങളുടെ ജീവിതത്തെ ക്രിസ്തുവിന്റെ പ്രതിച്ഛായയിലേക്ക് അനുരൂപപ്പെടുത്തുകയും ചെയ്യും.
പരിശുദ്ധാത്മാവിൽ ആശ്രയിച്ചുകൊണ്ട് ദിവസവും തിരുവെഴുത്ത് വായിക്കുക. അവന്റെ വചനം മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കാൻ മാത്രമല്ല, അത് വിശ്വസ്തതയോടെ ജീവിക്കാനും ദൈവത്തോട് ആവശ്യപ്പെടുക.
പ്രാർത്ഥന: യോശുവേ അങ്ങയുടെ വചനത്തിലൂടെ എനിക്ക് സത്യം വെളിപ്പെടുത്തണമേ. തിരുവെഴുത്ത് മനസ്സിലാക്കാൻ എന്റെ കണ്ണുകൾ തുറക്കുകയും എന്റെ അനുദിന ജീവിതത്തിൽ പ്രയോഗികമാക്കാൻ എന്നെ സഹായിക്കുകയും ചെയ്യണമേ. നിന്റെ വചനം എന്റെ ഹൃദയത്തിൽ സജീവമായി വളരുകയും എന്നെ കൂടുതൽ അനുസരണത്തിലേക്കും ആത്മീയ പക്വതയിലേക്കും നയിക്കുകയും ചെയ്യട്ടെ. യേശുവിന്റെ നാമത്തിൽ, ആമേൻ.
Comments
Post a Comment