അപ്പോസ്തോലനായ പൗലൊസ്
മനുഷ്യരിൽനിന്നോ, മനുഷ്യൻ മുഖേനയോ അല്ല, യേശുക്രിസ്തുവിനാലും മരിച്ചവരിൽനിന്ന് അവിടുത്തെ ഉയിർപ്പിച്ച പിതാവായ ദൈവത്തിനാലും അപ്പോസ്തോലനായി വിളിക്കപ്പെട്ടിരിക്കുന്ന പൗലൊസ് എഴുതുന്നു: (ഗലാ 1:1)
റോമാക്കാർക്കോ ഫിലിപ്പിയർക്കോ അല്ലെങ്കിൽ തിത്തോസിനോ ഫിലേമോനോടോ തൻ്റെ ലേഖനങ്ങളുടെ തുടക്കത്തിൽ പൗലോസ് എപ്പോഴും ക്രിസ്തുവിൻ്റെ ദാസനോ തടവുകാരനോ ആയി സ്വയം അഭിസംബോധന ചെയ്തു. ഗലാത്യ, കൊരിന്ത്യ, എഫെസ്യ, കൊലോസ്യലേഖനങ്ങളിൽ ഒരു അപ്പോസ്തലനായി അവൻ സ്വയം അടയാളപ്പെടുത്തി. എന്താണ് കാരണമെന്നറിയാമോ? അവൻ തൻ്റെ അധികാരത്തെ എതിർക്കുന്നവർക്ക് യേശുക്രിസ്തുവിൻ്റെ ഒരു അപ്പോസ്തലനും "അയക്കപ്പെട്ടവനും" ആയിരുന്നു, അതേസമയം തന്നെ സ്വീകരിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്നവരുടെ സേവകനായിരുന്നു.
മതത്തിൻ്റെയും ആചാരാനുഷ്ഠാനങ്ങളുടേയും നിയന്ത്രണങ്ങളിൽ ആളുകളെ നിറുത്താൻ ആഗ്രഹിക്കുന്നവരാണ് അധികാരത്തെക്കുറിച്ചുള്ള ചോദ്യം മിക്കപ്പോഴും ഉയർത്തുന്നത്. "നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ ചെയ്യാൻ, നിങ്ങൾ പ്രസംഗിക്കുന്ന രീതിയിൽ പ്രസംഗിക്കാൻ, നിങ്ങൾക്ക് എന്ത് അധികാരമാണുള്ളത്?" എന്നാണവരുടെ ചോദ്യം.
"നിങ്ങൾ ആരാണ്?" പുരോഹിതന്മാരുടേയും ലേവ്യരുടേയും യോഹന്നാൻ സ്നാപകനോടുള്ള ചോദ്യമാണ്. എല്ലാറ്റിനും നിഷേധമാണ് മറുപടി.
"അപ്പോൾ, ആരുടെ അധികാരത്തിലാണ് നിങ്ങൾ ഇതൊക്കെ ചെയ്യുന്നത്?" (യോഹ 1:19-25)
ഒന്നാം അധ്യായത്തിൽ യോഹന്നാനെ ചോദ്യം ചെയ്ത അവർ രണ്ടാം അധ്യായത്തിൽ യേശുവിനെ ചോദ്യം ചെയ്തു. ദേവാലയ ശുദ്ധീകരണശേഷം, അവർ അവൻ്റെ അടുക്കൽ വന്നു, "നീ എന്ത് അധികാരം കൊണ്ടാണ് ഇത് ചെയ്യുന്നത്?" (യോഹ 2:18).
അധികാരത്തെ ചോദ്യം ചെയ്യുന്നത് പലപ്പോഴും മത സംഘടനകളും ആചാരാനുഷ്ഠാനങ്ങളും ഉപയോഗിക്കുന്ന ഒരു തന്ത്രമാണ്. നമ്മെ ഭയപ്പെടുത്തുവാനുള്ള തന്ത്രങ്ങളാണ് അവയെല്ലാം. നാം അത്തരം തന്ത്രങ്ങളിൽ കുടുങ്ങിപോകരുത്. അതുകൊണ്ടാണ് ഈ ലേഖനത്തിൻ്റെ ആരംഭത്തിൽ പൗലോസ് പറഞ്ഞത്, “എൻ്റെ അധികാരം മനുഷ്യരരിൽ നിന്നല്ല, യേശുക്രിസ്തുവാണ് എനിക്ക് നൽകിയത്.
ഭീരുക്കളാണ് ഏറ്റവും വലിയ ഭീകരന്മാർ എന്നു മനസിലാക്കുക. തങ്ങളുടെ അധികാരവും പദവികളും നഷ്ടപ്പെടുമെന്ന ഭീതിയാണ് അവരെകൊണ്ടതു ചെയ്യിക്കുന്നതു.
സ്വർഗ്ഗത്തിൽനിന്നു നൽകപ്പെട്ടിട്ടില്ലാത്ത ഒരധികാരവും ശാശ്വതമല്ല. അതിനാൽ നാമെന്തിനു ഭയപ്പെടണം. അവിടുന്നു അറിയാതെയും അവിടുത്തെ അനുവാദമില്ലാതെയും നമുക്കു ഒരു ദോഷവും വരികയില്ല. നമുക്കു ഇവിടെ ഒന്നും നേടാനില്ല, നമ്മുടെ സമ്പത്തു സ്വർഗ്ഗത്തിലാണ് എന്ന ബോധ്യം നമ്മെ ഭരിക്കുവാൻ തുടങ്ങമ്പോൾ നാം ധൈര്യപ്പെട്ടു പ്രവർത്തനനിരതരാകുവാൻ പ്രാപ്തരാകും. സ്വർഗ്ഗത്തിൽനിന്നുള്ള അധികാരം നമുക്കുണ്ടു. ധൈര്യത്തോടെ മുന്നേറാം.
Comments
Post a Comment